T20 World Cup: ഫിഞ്ചും കെയ്‌നുമല്ല ഫൈനലിലെ ഹീറോ, അത് ടോസ്സാണ്!- കാരണമറിയാം
ഐസിസിയുടെ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കാനിരിക്കെ കളിയിലെ യഥാര്‍ഥ ഹീറോായാവുക രണ്ടു ടീമുകളിലെയും താരങ്ങളാവില്ല. മറിച്ച് ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത ടോസ് തന്നെയായിരിക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കു ടോസ് കഴിയുന്നതോടെ തന്നെ ആരായിരിക്കും ചാംപ്യന്‍മാരാവുകയെന്നു നമുക്ക് ഊഹിക്കാമെന്ന് ചുരുക്കം.
ടോസ് ഇത്രയും വലിയൊരു ഘടകമായിട്ടുള്ള ടൂര്‍ണമെന്റുകള്‍ അടുത്ത കാലത്തൊന്നും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുകയെന്ന പതിവ് ഇത്തവണ ആരും തെറ്റിച്ചതുമില്ല. ചുരുക്കം ചിലര്‍ മാത്രമേ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുള്ളൂവെന്നു കാണാം. രാത്രിയിലെ മല്‍സരങ്ങളില്‍ മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനു റണ്‍ചേസ് എളുപ്പമാവുമ്പോള്‍ ബൗളര്‍മാര്‍ക്കു പ്രത്യേകിച്ചൊന്നും ചെയ്യാനും കഴിയുന്നില്ലെന്നു മുന്‍ മല്‍സരങ്ങള്‍ കാണിച്ചുതന്നു.

ടോസ് എന്തുകൊണ്ട് ഹീറോ?
ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലില്‍ ടോസ് എന്തുകൊണ്ടാണ് ഏറ്റവും വലിയ ഹീറോയായി മാറുന്നതെന്നു പറയാന്‍ വ്യക്തമായ കാരണങ്ങള്‍ കൂടിയുണ്ട്. നമുക്ക് മുന്നിലുള്ള കണക്കുകളാണ് ഇതു ശരിവയ്ക്കുന്നത്.
ഫൈനലിനു മുമ്പ് ദുബായില്‍ നടന്ന കഴിഞ്ഞ ഒമ്പതു ഡേ-നൈറ്റ് മല്‍സരങ്ങളിലും ടോസിനു ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്തിട്ടുള്ള ടീമാണ് വിജയിച്ചിട്ടുള്ളത്. വ്യാഴാഴ്ച നടന്ന ഓസ്‌ട്രേലിയ- പാകിസ്താന്‍ സെമി ഫൈനലും ഇതില്‍പ്പെടുന്നു. അന്നു ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 177 റണ്‍സെന്ന വലിയ വിജയലക്ഷ്യം മുന്നില്‍ വച്ചിട്ടും ഒരോവര്‍ ബാക്കിനില്‍ക്കെ ഇതു ചേസ് ചെയ്തു വിജയിക്കാന്‍ ഓസീസിനു സാധിച്ചു. പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കെതിരേ ഹാട്രിക്ക്് സിക്‌സറുകള്‍ പായിച്ചായിരുന്നു മാത്യു വേഡ് ഓസീസിനു ആവേശോജ്വല വിജയം നേടിക്കൊടുത്തത്.

മുന്‍ ഫൈനലുകള്‍
ടി20 ലോകകപ്പിലെ കഴിഞ്ഞ അഞ്ചു ഫൈനലുകളിലും ടോസ് എത്ര മാത്രം പ്രധാനമായിരുന്നുവെന്നും റണ്‍ചേസാണ് കിരീടത്തിലേക്കുള്ള എളുപ്പ വഴിയെന്നും നമുക്ക് കാണിച്ചുതരുന്നു. കഴിഞ്ഞ അഞ്ചു ടി20 ലോകകപ്പുകളില്‍ നാലിലും വിജയികളായത് രണ്ടാമത് ബാറ്റ് ചെയ്തിട്ടുള്ള ടീമാണ്. ഒരു തവണ മാത്രമേ ചരിത്രം വഴിമാറിയിട്ടുള്ളൂ. 2012ലെ ലോകകപ്പ് ഫൈനലിലായിരുന്നു ഇത്്. വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും തമ്മിലായിരുന്നു കൊളംബോയില്‍ നടന്ന കലാശക്കളിയില്‍ ഏറ്റുമുട്ടിയത്.
അന്നു ആദ്യം ബാറ്റ് ചെയ്ത ശേഷം സ്‌കോര്‍ പ്രതിരോധിച്ചു വിജയിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറു വിക്കറ്റിനു 137 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ ശ്രീലങ്ക 18.4 ഓവറില്‍ വെറും 101 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.

ടോസ് നിര്‍ണായകമല്ലെന്നു ഫിഞ്ച്
ഈ ടി20 ലോകകപ്പില്‍ വിജയിച്ച ടീമുകള്‍ക്കു ടോസ് നിര്‍ണായക മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്നു കണക്കുകള്‍ അടിവരയിടുമ്പോഴും ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇതിനോടു യോജിക്കുന്നില്ല. കിരീട വിജയികളെ നിശ്ചയിക്കുന്നത് വെറുമൊരു കോയിന്‍ അല്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഈ ടൂര്‍ണമെന്റില്‍ ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്കു വിജയിക്കണമെങ്കില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവരും. പാകിസ്താനെതിരായ സെമിയില്‍ യഥാര്‍ഥത്തില്‍ ടോസ് നഷ്ടമാവുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. കാരണം ആദ്യം ബാറ്റ് ചെയ്ത ശേഷം മികച്ചൊരു സ്‌കോര്‍ പടുത്തുയര്‍ത്താനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നതെന്നും ഫിഞ്ച് വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍ ഫൈനല്‍
കഴിഞ്ഞ മാസം ദുബായില്‍ തന്നെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഫൈനലാണ് ടോസല്ല വിജയികളെ നിശ്ചയിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി ഫിഞ്ച് ചൂണ്ടിക്കാണിക്കുന്നത്. അന്നു ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ടിട്ടും എംംസ് ധോണിയുടെ സിഎസ്‌കെ ചാംപ്യന്‍മാരായിരുന്നു.
ഐപിഎല്‍ ഫൈനലില്‍ നമ്മള്‍ ടോസ് അത്ര വലിയ കാര്യമല്ലെന്നു കണ്ടുകഴിഞ്ഞതാണ്. ആദ്യം ബാറ്റ് ചെയ്ത ശേഷം വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താനും തുടര്‍ന്ന് അതു പ്രതിരോധിച്ചു ജയിക്കാനും ചെന്നൈയ്ക്കു കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് വലിയൊരു ടോട്ടല്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയാല്‍ അതു എതിര്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും തുടക്കത്തില്‍ തന്നെ റിസ്‌ക്കുകളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും ഫിഞ്ച് നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications