T20 World Cup 2021: കിവീസിനെതിരേ കൂടുതല്‍ ടി20 റണ്‍സ്, ഇന്ത്യയുടെ ടോപ് ഫൈവ്, തലപ്പത്ത് ഹിറ്റ്മാന്‍
ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ പോരാട്ടം ശക്തമാവുന്നു. പാകിസ്താന്‍ ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച് കുതിപ്പ് തുടര്‍ന്നത്തോടെ ഇന്ത്യക്കും ന്യൂസീലന്‍ഡിനും കാര്യങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ ഭേദം ന്യൂസീലന്‍ഡാണ്. സെമിയിലേക്കെത്താന്‍ ഇന്ത്യക്കും ന്യൂസീലന്‍ഡിനും അടുത്ത മത്സരത്തില്‍ ജയം നിര്‍ണ്ണായകമാണ്.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം. തോല്‍ക്കുന്ന ടീമിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാന്റെ വമ്പന്മാര്‍ക്കെതിരായ പ്രകടനം നിര്‍ണ്ണായകമാവും. ഇത്തവണ ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ചെത്തിയ ഇന്ത്യക്ക് ന്യൂസീലന്‍ഡിനോട് തോല്‍ക്കേണ്ടി വന്നാല്‍ അത് വലിയ തിരിച്ചടി തന്നെയാവും. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് മുന്‍തൂക്കവുമുണ്ട്. ഇന്ത്യ- ന്യൂസീലന്‍ഡ് ടി20 മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ
ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ ടി20 റണ്‍സ് ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പേരിലാണ്. 13 ഇന്നിങ്‌സില്‍ നിന്ന് 137.395 സ്‌ട്രൈക്കറേറ്റില്‍ 338 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. കിവീസ് സൂപ്പര്‍ ബൗളര്‍ ട്രന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച താരമാണ്. ടിം സൗത്തിയും രോഹിത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്. കിവീസ് സ്പിന്നര്‍മാര്‍ രോഹിത്തിന് ഭീഷണിയാവുമോയെന്ന് കണ്ടറിയണം. ആദ്യ മത്സരത്തില്‍ പാകിസ്താനോട് ഗോള്‍ഡന്‍ ഡെക്കായ രോഹിത് കിവീസിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 9 ഇന്നിങ്‌സില്‍ നിന്ന് 37.75 ശരാശരിയില്‍ 302 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. പാകിസ്താനെതിരേ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോഴും അര്‍ധ സെഞ്ച്വറിയോടെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് കോലിയുടെ പ്രകടനമാണ്. കിവീസിനെതിരെയും കോലി മികച്ച ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 70 റണ്‍സാണ് ന്യൂസീലന്‍ഡിനെതിരായ രകോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

കെ എല്‍ രാഹുല്‍
മൂന്നാം സ്ഥാനത്ത് കെ എല്‍ രാഹുലാണ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ രാഹുല്‍ സന്നാഹ മത്സരത്തിലും തിളങ്ങിയെങ്കിലും പാകിസ്താനെതിരേ നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 224 റണ്‍സാണ് അദ്ദേഹം നേടിയത്. 56 ശരാശരി കിവീസിനെതിരേയുള്ള രാഹുല്‍ രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 144.51 ആണ് സ്‌ട്രൈക്കറേറ്റ്. രാഹുല്‍ നല്‍കുന്ന ഗംഭീര തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്നുറപ്പ്.

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ഉപദേഷ്ടാവുമായ എംഎസ് ധോണിയാണ് നാലാം സ്ഥാനത്ത്. 11 ഇന്നിങ്‌സില്‍ നിന്ന് 37.16 ശരാശരിയില്‍ 223 റണ്‍സാണ് ധോണി നേടിയത്. 15 ഫോറും ആറ് സിക്‌സും പറത്തിയ ധോണിയുടെ കിവീസിനെതിരായ സ്‌ട്രൈക്കറേറ്റ് 111.50 ആണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനായി ഇപ്പോഴും തുടരുന്നുണ്ട്.

ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യരാണ് ഈ കണക്കില്‍ അഞ്ചാം സ്ഥാനത്ത്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 182 റണ്‍സാണ് ശ്രേയസിന്റെ പേരിലുള്ളത്. 127.27 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. പുറത്താവാതെ 58* റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. 36.40 ആണ് ശരാശരി. എന്നാല്‍ ഇത്തവണ ലോകകപ്പ് ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല. റിസര്‍വ് താരമായാണ് അദ്ദേഹത്തെ ഇത്തവണ പരിഗണിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications