T20 World Cup 2021: 'ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം വളരെ നിര്‍ണ്ണായകമാണ്. ഗ്രൂപ്പ് രണ്ടില്‍ മത്സരിക്കുന്ന രണ്ട് ടീമും ആദ്യ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ 10 വിക്കറ്റിന് തോറ്റപ്പോള്‍ അഞ്ച് വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിന്റെ തോല്‍വി. സെമി സാധ്യത നിലനിര്‍ത്താന്‍ രണ്ട് ടീമിനും നേര്‍ക്കുനേര്‍ മത്സരത്തില്‍ ജയം വേണം. തോല്‍ക്കുന്ന ടീമിന് സെമിയില്‍ കടക്കുക പ്രയാസകരമായിരിക്കും. ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കേണ്ടത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരഫലം നിര്‍ണ്ണായകമാവും. ഇന്ത്യ ടീമില്‍ മാറ്റങ്ങളോടെയിറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ കളിച്ചേക്കും. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തുടര്‍ന്നേക്കും. ആര് ജയിക്കുമെന്നതിനെക്കുറിച്ച് പ്രവചനങ്ങള്‍ സജീവമാണ്. മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദുബായിലെ പരിചയസമ്പത്ത്
ഇന്ത്യയുടെ ആദ്യ മത്സരവും ദുബായിലാണ് നടന്നത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനും വേദിയാവുന്നത് ദുബായിയാണ്. കൂടാതെ ഐപിഎല്ലിലൂടെയും ദുബായിലെ സാഹചര്യം ഇന്ത്യക്ക് നന്നായി അറിയാം. എന്നാല്‍ കിവീസ് ടീമിലെ പല താരങ്ങള്‍ക്കും ദുബായില്‍ കളിച്ച് പരിചയസമ്പത്തില്ല. ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരത്തിന് വേദി ഷാര്‍ജയായിരുന്നു. പെട്ടെന്ന് ദുബായിലേക്കെത്തുമ്പോള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇത് മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ വിജയ സാധ്യത വളരെ കൂടുതലാണ്.

കിവീസിനോട് കണക്കുതീര്‍ക്കാനുണ്ട്
സെമി സാധ്യത നിലനിര്‍ത്തുക എന്നതിലുപരിയായി കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡായിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ന്യൂസീലന്‍ഡിനായി. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ്. അതിന് കാരണക്കാരായ കിവീസിനോട് കണക്കുതീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കിവീസിനോടുള്ള ആ വാശിയ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സഹായിച്ചേക്കും.

പരിക്ക് കിവീസിന് തിരിച്ചടി
രണ്ട് ടീമിന്റെയും താരക്കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. കൂടാതെ പരിക്ക് കിവീസിന് വലിയ തലവേദനയായിരിക്കുന്നു. സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ത്യക്കെതിരേ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ ഓപ്പണറുടെ അഭാവം കിവീസിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കൂടാതെ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ പരിക്കിനെത്തുടര്‍ന്ന് നേരത്തെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. യുഎഇയില്‍ ഐപിഎല്‍ കളിച്ച് മികവ് കാട്ടിയ ഫെര്‍ഗൂസന്റെ അഭാവം കിവീസിന് വലിയ തിരിച്ചടി തന്നെയാണ്.

ഹര്‍ദിക് പാണ്ഡ്യ ബൗളിങ് പുനരാരംഭിച്ചു
കിവീസിനെതിരേ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ആറാം ബൗളറാവും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പന്തെറിയാതിരുന്ന ഹര്‍ദിക് ബൗളിങ് പുനരാരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ വിജയ സാധ്യത ഉയര്‍ത്തും. ആറാം ബൗളറായി ഹര്‍ദിക് പാണ്ഡ്യ എത്തുന്നതോടെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാവും. പ്രമുഖ ബൗളര്‍മാരുടെ സമ്മര്‍ദ്ദവും കുറയും. ഇത് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നുറപ്പ്. ആറാം ബൗളറെ ലഭിച്ചാല്‍ ക്യാപ്റ്റന്‍ കോലിക്കും അത് വലിയ ആശ്വാസമാവും.

പാകിസ്താനോടേറ്റ തോല്‍വിഭാരം ഇറക്കണം
വലിയ പ്രതീക്ഷകളോടെയെത്തി പാകിസ്താനോട് തോറ്റത് ഇന്ത്യയെ മാനസികമായി നന്നായി വേദനിപ്പിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ വലിയ ജയം തന്നെ ഇന്ത്യക്ക് നേടേണ്ടതായുണ്ട്. ഈ വാശിയോടെയാവും കോലിയും സംഘവും ന്യൂസീലന്‍ഡിനെതിരേയെത്തുക. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നാല്‍ ഏത് എതിരാളിയും വീഴുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications