
ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്‌ക്കെതിരേ സൗത്താഫ്രിക്കയ്ക്കു ത്രില്ലിങ് വിജയം. തോല്‍വിയുടെ വക്കില്‍ നിന്നാണ് സൗത്താഫ്രിക്ക വിജയത്തിലേക്കു പൊരുതിക്കയറിയത്. സ്പിന്നര്‍ വനിന്ദു ഹസരംഗതയുടെ ഹാട്രിക്ക് മികവില്‍ അവസാനത്തെ രണ്ടോവര്‍ വര ലങ്ക വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ സൗത്താഫ്രിക്ക വിട്ടുകൊടുത്തില്ല. മികച്ച ഫിനിഷിങിലൂടെ ഡേവിഡ് മില്ലറും (23*) കാഗിസോ റബാഡയും (13*) ചേര്‍ന്ന് ലങ്കയില്‍ നിന്നും ജയം തട്ടിയകറ്റി. അവസാനത്തെ രണ്ടോവറില്‍ 25 റണ്‍സയിരുന്നു സൗത്താഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്.
ദുഷ്മന്ത ചമീരയെറിഞ്ഞ 19ാം ഓവറില്‍ ഒരു സിക്‌സറടക്കം സൗത്താഫ്രിക്ക 10 റണ്‍സെടുത്തു. ഇതോടെ അവസാനത്തെ ഓവറില്‍ വേണ്ടത് 15 റണ്‍സ്. ലഹിരു കുമാരയായിരുന്നു ബൗളര്‍. ആദ്യ ബോളില്‍ റബാഡ സിംഗിളെടുത്തു. അടുത്ത രണ്ടു ബോളും സിക്‌സറിലേക്കു പായിച്ച് മില്ലര്‍ സൗത്താഫ്രിക്കയെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചു. നാലാമത്തെ ബോൡ സിംഗിള്‍ നേടിയതോടെ സ്‌കോര്‍ തുല്യം. അഞ്ചാമത്തെ ബോള്‍ തേര്‍ഡ്മാനിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് റബാഡ സൗത്താഫ്രിക്കയ്ക്കു നാടകീയ വിജയം സമ്മാനിച്ചു. മില്ലര്‍ 143 ബോളില്‍ രണ്ടു സിക്‌സറടിച്ചപ്പോള്‍ റബാഡ ഏഴു ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടി. ഇതോടെ സൗത്താഫ്രിക്ക സെമി ഫൈനല്‍ സാധ്യത സജീവമാക്കിയപ്പോള്‍ ലങ്കയുടെ പ്രതീക്ഷകങ്ങള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു. മൂന്നു മല്‍സരങ്ങളില്‍ നിന്നും സൗത്താഫ്രിക്കയുടെ രണ്ടാമത്തെ വിജയമാണിതെങ്കില്‍ ഇത്രയും കളികളില്‍ നിന്നും ലങ്കയുുടെ രണ്ടാമത്തെ പരാജയമാണിത്.

143 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ലങ്ക നല്‍കിയത്. ഈ സ്‌കോര്‍ സൗത്താഫ്രിക്കയ്ക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ലങ്കയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇതോടെയാണ് മല്‍സരം അവസാന ഓവറിലെത്തിയത്. ഒടുവില്‍ ഒരു ബോള്‍ ബാക്കിനില്‍ക്ക ആറു വിക്കറ്റിനു സൗത്താഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു.
സൗത്താഫ്രിക്കയ്ക്കു ഇതോടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും നഷ്ടമായി.ക്യാപ്റ്റന്‍ ടെംബ ബവുമയൊഴികെ (46) മറ്റാരും ലങ്കന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. 46 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. എയ്ഡന്‍ മര്‍ക്രാം (19), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (16), ക്വിന്റണ്‍ ഡികോക്ക് (12), റീസ്സ ഹെന്‍ഡ്രിക്‌സ് (11) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.
പ്രെട്ടോറിയത് 18ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ പുറത്തായപ്പോള്‍ സൗത്താഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ 112 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായ മില്ലര്‍-റബാഡ കൂട്ടുകെട്ട്. നാലോവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ഹസരംഗ ഹാട്രിക്ക് നേടിയത്. ദുഷ്മന്തര ചമീര രണ്ടു വിക്കറ്റുകളും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക നിശ്ചിത ഓവറില്‍ 142 റണ്‍സിന് പുറത്തായി. ഓപ്പണര്‍ പതും നിസങ്കയുടെ (72) ഇന്നിങ്‌സാണ് ലങ്കയെ രക്ഷിച്ചത്. 58 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു നിസങ്ക ലങ്കയുടെ അമരക്കാരനായത്. എട്ടാമാനായാണ് അദ്ദേഹം ക്രീസ് വിട്ടത്. ചരിത് അസലെന്‍ക (21), ക്യാപ്റ്റന്‍ ദസുന്‍ ഷനക (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി തബ്രെയ്‌സ് ഷാംസിയും ഡ്വെയ്ന്‍ പ്രെട്ടോറിയസും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആന്റിച്ച് നോര്‍ക്കിയക്കു രണ്ടു വിക്കറ്റ് ലഭിച്ചു. നാലോവറില്‍ 13 റണ്‍സിന് നാലു പേരെ പുറത്താക്കിയ ഷാംസിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

സൂപ്പര്‍ 12ലെ ആദ്യത്തെ കളിയില്‍ ഓസ്‌ട്രേലിയയോടു തോറ്റു കൊണ്ടായിരുന്നു സൗത്താഫ്രിക്ക തുടങ്ങിയത്. അഞ്ചു വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ തോല്‍വി. എന്നാല്‍ രണ്ടാത്തെ മല്‍സരം ജയിച്ച് അവര്‍ പ്രതീക്ഷ നിലനിര്‍ത്തി. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിനു അവര്‍ തകര്‍ത്തുവിടുകയായിരുന്നു. അതേസമയം, യോഗ്യതാ റൗണ്ടില്‍ നിന്നും ഗ്രൂപ്പ് ജേതാക്കളായാണ് ലങ്ക സൂപ്പര്‍ 12ലേക്കു വന്നത്. സൂപ്പര്‍ 12ല്‍ മികച്ച തുടക്കമായിരുന്നു ദസുന്‍ ഷനക നയിച്ച ലങ്കയുടേത്. അഞ്ചു വിക്കറ്റിന് ബംഗ്ലാദേശിനെ അവര്‍ തുരത്തി. പക്ഷെ രണ്ടാമത്തെ കളിയില്‍ ഇതാവര്‍ത്തിക്കാന്‍ ദ്വീപുകാര്‍ക്കായില്ല. കരുത്തരായ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിനാണ് ലങ്കയെ തോല്‍പ്പിച്ചത്.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലെന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, മഹീഷ് തീക്ഷണ.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രെയ്‌സ് ഷംസി.