മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് യുഎഇയില്‍ നടക്കുമെന്ന് സൂചന. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബിസിസിഐയുടെ നടത്തിപ്പവകാശത്തില്‍ യുഎഇയില്‍ ലോകകപ്പ് നടത്താനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബര്‍ 14നാണ് ഫൈനലെന്നാണ് വിവരം.
ഐപിഎല്‍ 2021ന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് നടക്കുന്നത്. ഇതിന് ശേഷം രണ്ട് ദിവസം മാത്രം വ്യത്യാസത്തില്‍ ടി20 ലോകകപ്പിനും യുഎഇ വേദിയാക്കാനാണ് ബിസിസി ഐയുടെ നീക്കം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഐസിസിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉടന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

എന്നാല്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാവും ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചാല്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാവും ബിസിസിഐ ശ്രമിക്കുക. എന്നാല്‍ നിലവില്‍ ഇന്ത്യയിലെ സാഹചര്യം അനുകൂലമല്ല. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ത്തന്നെ കോവിഡ് വ്യാപനം കുറഞ്ഞ യുഎഇയിലേക്ക് ബിസിസിഐ വേദി മാറ്റിയേക്കും.
ദുബായ്,അബുദാബി,ഷാര്‍ജ എന്നീ വേദികളിലായാവും ടൂര്‍ണമെന്റ് നടക്കുക. ഐപിഎല്ലിന്റെ രണ്ടാം പാദവും ഈ മൂന്ന് വേദികളില്‍ത്തന്നെ നടന്നേക്കും. ടി20 ലോകകപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജൂണ്‍ 30വരെ ബിസിസിഐക്ക് ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ത്തന്നെ ലോകകപ്പ് നടത്താനാണ് സാധ്യത.
ലോകകപ്പ് യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഒട്ടുമിക്ക വിദേശ താരങ്ങളും ഐപിഎല്‍ രണ്ടാം പാദം കളിച്ചേക്കും. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് താരങ്ങളെല്ലാം ഐപിഎല്ലിന്റെ രണ്ടാം പാദം കളിച്ചേക്കില്ലെന്നാണ് വിവരം. എന്നാല്‍ ഐപിഎല്ലിന് ശേഷം ചെറിയ ഇടവേളയില്‍ ലോകകപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ ഈ രാജ്യങ്ങളിലെ താരങ്ങളെല്ലാം ഐപിഎല്ലിന്റെ രണ്ടാം പാദം കളിച്ചേക്കും.
അതേ സമയം ഇന്ത്യന്‍ താരങ്ങള്‍ക്കാവും കാര്യങ്ങള്‍ ഏറ്റവും പ്രയാസമുണ്ടാക്കുക. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം യുഎഇയിലേക്ക് നേരിട്ട് ഐപിഎല്‍ കളിക്കാനെത്തുന്ന ടീമിന് പിന്നീട് ലോകകപ്പിന് ശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങാനാവു. തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരുന്നത് ഇന്ത്യന്‍ താരങ്ങളുടെ കായിക ക്ഷമതയെ നന്നായി ബാധിക്കും.