Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സെമി ലൈനപ്പ് തയ്യാര്‍- ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡ്, പാകിസ്താനെ കാത്ത് ഓസീസ്

1

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ പോരാട്ടത്തിന്റെ നാളുകള്‍. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഇന്ത്യ സെമിയിലെത്തിയില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും കളിയാവേശത്തിനു ഒട്ടും തന്നെ കുറവുണ്ടാവില്ലെന്നുറപ്പാണ്. കാരണം, ഏറ്റവുമധികം അര്‍ഹതയുള്ള നാലു ടീമുകള്‍ തന്നെയാണ് ഇത്തവണ സെമിയിലുള്ളത് എന്നു നിസംശയം പറയാം. മൂന്നു സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്നു ശനിയാഴ്ച രാത്രി തന്നെ തീരുമാനമായിരുന്നു. ശേഷിച്ച ഒരു സ്ഥാനം ഇന്നു വൈകീട്ട് ന്യൂസിലാന്‍ഡും ബുക്ക് ചെയ്തതോടെയാണ് സെമി ലൈനപ്പ് പൂര്‍ത്തിയായത്.

ഇന്ത്യയും നമീബിയയും തമ്മിലുള്ള ഒരു മല്‍സരം കൂടി സൂപ്പര്‍ 12ല്‍ ബാക്കിയുണ്ടെങ്കിലും ഇതിന്റെ ഫലത്തിനു പ്രസക്തിയില്ല. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കളിയില്‍ ആരു തന്നെ ജയിച്ചാലും അതു ടൂര്‍ണമെന്റിനെ ബാധിക്കില്ല. ചൊവ്വാഴ്ച മല്‍സരമില്ല. സെമി ഫൈനലുകള്‍ ബുധന്‍, വ്യാഴം തിയ്യതികളിലായി നടക്കും. ബുധനാഴ്ച ആദ്യ സെമിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് ഈ മല്‍സരം. തൊട്ടടുത്ത ദിവസം ഇതേ സമയത്തു നടക്കുന്ന രണ്ടാം സെമിയില്‍ മുന്‍ വിജയികളായ പാകിസ്താന്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കും. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് മല്‍സരവേദി.

ആദ്യമെത്തിയത് പാകിസ്താന്‍

ആദ്യമെത്തിയത് പാകിസ്താന്‍

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഏറ്റവുമാദ്യം സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തത് ബാബര്‍ ആസം നയിച്ച പാകിസ്താനായിരുന്നു. ഈ മാസം രണ്ടിന് നീബിയയെ 45 റണ്‍സിനു തകര്‍ത്തുവിട്ടതോടെയായിരുന്നു ഒരു കളി ബാക്കിനില്‍ക്കെ പാക് പട സെമി ഫൈനലില്‍ കടന്നത്.
ഇന്നു നടന്ന അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ 72 റണ്‍സിനു തകര്‍ത്തുവിട്ടതോടെ പാക് പട ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച പാകിസ്താന്റെ സമ്പാദ്യം 10 പോയിന്റാണ്. സൂപ്പര്‍ 12ല്‍ ഇത്തവണ മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ച ഒരേയൊരു ടീമും പാകിസ്താന്‍ തന്നെയാണ്.

 ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും

സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ രണ്ടില്‍ ശനിയാഴ്ച അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിയുന്നതു വരെ സെമി ഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച ഇംഗ്ലണ്ട് സെമിക്കു തൊട്ടരികിലായിരുന്നെങ്കിലും ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തിനു കാത്തിരിക്കേണ്ടി വന്നു.
ശനിയാഴ്ച നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയയുടെ സെമി പ്രവേശനം. രാത്രി രണ്ടാമത്തെ കളിയില്‍ സൗത്താഫ്രിക്ക 10 റണ്‍സിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇതോടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കു എട്ടു പോയിന്റ് വീതമായി. അപ്പോഴാണ് മുന്‍ മല്‍സരങ്ങളില്‍ നേടി വലിയ വിജയങ്ങള്‍ ഇംഗ്ലണ്ടിനു തുണയായത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി മാറി. ഇംഗ്ലണ്ട് രണ്ടാമതെത്തുകയും ചെയ്തു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരേ പോയിന്റുണ്ടായിട്ടും നെറ്റ് റണ്‍റേറ്റ് മോശമായതിനാല്‍ സൗത്താഫ്രിക്കയുടെ സെമി ഫൈനല്‍ മോഹം പൊലിഞ്ഞു.

 നാലാമതായി ന്യൂസിലാന്‍ഡും

നാലാമതായി ന്യൂസിലാന്‍ഡും

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താന്‍ നേരത്തേ തന്നെ സെമിയിലെത്തിയതിനാല്‍ ശേഷിച്ച ഒരു ബെര്‍ത്തിനു വേണ്ടി ന്യൂസിലാന്‍ഡ്, ഇന്ത്യ, അഫ്ഗാനിസ്താന്‍ ടീമുകള്‍ തമ്മിലായിരുന്നു പിടിവലി. അവസാന റൗണ്ടിലെത്തിയപ്പോള്‍ ന്യൂസിലാന്‍ഡിന്റെ പരാജയമായിരുന്നു ഇന്ത്യയും അഫ്ഗാനും ആഗ്രഹിച്ചത്. കാരണം എങ്കില്‍ മാത്രമേ രണ്ടു ടീമുകള്‍ക്കും സെമി സാധ്യകയുണ്ടായിരുന്നുള്ളൂ.
പക്ഷെ ഇന്നു വൈകീട്ട് നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ നിര്‍ണായക കളിയില്‍ അഫ്ഗാനെ ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനു തകര്‍ത്തതോടെ ഇന്ത്യയും അഫ്ഗാനും പുറത്തായി. കളിയില്‍ കിവീസ് തോറ്റിരുന്നങ്കില്‍ തിങ്കളാഴ്ചത്തെ അവസാന മല്‍സരത്തില്‍ നമീബിയയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റിലേറി ഇന്ത്യക്കു സെമിയിലെത്താമായിരുന്നു. പക്ഷെ കിവീസ് ഇതിനുള്ള പഴുതൊന്നും നല്‍കിയില്ല. അഫ്ഗാനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യയുടെ മല്‍സരം കഴിയുന്നതിനു മുമ്പ് തന്നെ അവര്‍ സെമിയില്‍ കടക്കുകയും ചെയ്തു.

Story first published: Monday, November 8, 2021, 0:16 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+