കറാച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ പ്രമുഖ ടീമുകളും. കൊറോണ വൈറസ് വ്യാപനം ശക്തമായതിനാല്‍ത്തന്നെ ലോകകപ്പ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയില്‍ ലോകകപ്പ് നടന്നാല്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ഇതിഹാസ നേട്ടങ്ങള്‍ പലതും നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഐസിസി കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിനെ സുവര്‍ണ്ണാവസരമായാണ് അദ്ദേഹവും കാണുന്നത്.
ഇന്ത്യയെ സംബന്ധിച്ച് മികച്ച താരങ്ങള്‍ ടീമിലുണ്ട്. ഓപ്പണിങ്ങിലേക്ക് അവസരം കാത്ത് നിരവധി താരങ്ങളുമുണ്ട്. രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ ആരെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. പൃഥ്വി ഷാ,ശിഖര്‍ ധവാന്‍,മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് അവസരം തേടുന്നത്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ രോഹിതിനൊപ്പം ആര് ഓപ്പണിങ് പങ്കാളിയാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

കെ എല്‍ രാഹുലിനെയാണ് രോഹിതിന്റെ പങ്കാളിയായി സല്‍മാന്‍ തിരഞ്ഞെടുത്തത്. 'നല്ലൊരു തലവേദനായണിത്.അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്ന നിരവധി മികച്ച താരങ്ങള്‍ നിലവില്‍ ഇന്ത്യക്കൊപ്പമുണ്ട്. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറുംകൂടിയായത് ടീമിന് കൂടുതല്‍ ഗുണം ചെയ്യും. വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രാഹുലാണ്. അതിനാല്‍ത്തന്നെ വളരെ സംതുലിതാവസ്ഥ രാഹുല്‍ ടീമിന് നല്‍കുന്നു. രാഹുല്‍ ഉള്ളതിനാല്‍ ഒരു അധിക ബാറ്റ്‌സ്മാനെയോ ബൗളറെയോ പരിഗണിക്കാന്‍ ക്യാപ്റ്റന് അവസരം ലഭിക്കുന്നു. അതിനാല്‍ രാഹുലിന് മുഖ്യ പരിഗണന ലഭിക്കുമെന്നാണ് തോന്നുന്നത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ രാഹുല്‍ നിരാശപ്പെടുത്തിയെങ്കിലും ഐപിഎല്‍ 2021 സീസണില്‍ തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നു. ഏഴ് മത്സരത്തില്‍ നിന്ന് 331 റണ്‍സാണ് രാഹുല്‍ നേടിയത്. പഞ്ചാബ് കിങ്‌സിന്റെ നായകനാണ് രാഹുല്‍. വിക്കറ്റ് കാത്ത് കളിക്കുന്ന രാഹുലിന്റെ ശൈലി ടീമിന് ഗുണം ചെയ്‌തേക്കും.
അതേ സമയം പൃഥ്വിക്ക് സ്ഥിരതയില്ലെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു. ഒരേ ബാറ്റിങ് ശൈലി സ്വീകരിക്കുന്ന പൃഥ്വി പല ഷോട്ടുകളും നേരത്തെയാണ് കളിക്കുന്നത്. അമിത ആക്രമണോത്സുകത കാട്ടുന്നതിനാല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കാനാവില്ലെന്നാണ് സല്‍മാന്‍ വിലയിരുത്തിയത്. ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യത കുറവാണ്. മായങ്ക് അഗര്‍വാളിനും മികച്ച പ്രകടനം അവകാശപ്പെടാമെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല.