T20 World Cup 2021: 'രണ്ട് മോശം മത്സരം കൊണ്ട് ഇന്ത്യ മോശം ടീമാകില്ല',തിരിച്ചുവരവിനെക്കുറിച്ച് രോഹിത്
ദുബായ്: ടി20 ലോകകപ്പിലെ രണ്ട് വമ്പന്‍ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. തങ്ങളുടെ കരുത്ത് എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങിയപ്പോള്‍ 66 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വേദി മാറിയതോടെ ഇന്ത്യയുടെ പ്രകടനവും മെച്ചപ്പെട്ടു. ഇത്തവണയും ടോസ് ചതിച്ചെങ്കിലും അതിനെ പ്രതിഭകൊണ്ട് മറികടക്കാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മ (74), കെ എല്‍ രാഹുല്‍ (69) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഇപ്പോഴിതാ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ.
Also Read : T20 World Cup: അഫ്ഗാനെതിരേ പെര്‍ഫെക്ട് ഓക്കെ- സെമി കാണാന്‍ ഇനി ഇന്ത്യ ചെയ്യേണ്ടത്...

'ഈ മത്സരം കൂടി തോറ്റാല്‍ ഞങ്ങള്‍ പുറത്താവുമെന്നറിയാം. അതിനാല്‍ എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് അമിതമായി ചിന്തിക്കാതെ ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ മത്സരത്തില്‍ എല്ലാവരുടെയും മനോവികാരം മറ്റൊന്നായിരുന്നു. തീരുമാനമെടുക്കുന്നതിലെ പിഴവുകള്‍ പ്രശ്‌നമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും അത് സംഭവിച്ചിരുന്നു.
ഞങ്ങള്‍ മികച്ച ടീമാണ്. രണ്ട് മോശം പ്രകടനം കൊണ്ട് ഞങ്ങള്‍ മോശം ടീമാകില്ല. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഞങ്ങളുടെ മോശം ദിവസമായിരുന്നു. ഇന്നത്തെ ഞങ്ങളുടെ പ്രകടനം ടീമിന്റെ ശക്തി എത്രത്തോളമെന്ന് തെളിയിക്കുന്നതാണ്. ഞങ്ങള്‍ ഭയമില്ലാതെ കളിച്ചാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് ഇതാണ്'-രോഹിത് ശര്‍മ പറഞ്ഞു.

പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. രണ്ട് മത്സരത്തിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ വ്യക്തമായ പദ്ധതിയോടെ കളിക്കുകയും അത് മികച്ച ഫലത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യക്ക് കരുത്തായത്.

നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രാഹുല്‍ 6 ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ രോഹിത് 8 ഫോറും മൂന്ന് സിക്‌സും സ്വന്തമാക്കി. ബാറ്റിങ് പ്രൊമോഷനോടെയെത്തിയ റിഷഭ് പന്തും (13 പന്തില്‍ 27*) ഹര്‍ദിക് പാണ്ഡ്യയും (13 പന്തില്‍ 35) ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ 200 പിന്നിട്ടത്. ഹര്‍ദിക് നാല് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ റിഷഭ് ഒരു ഫോറും മൂന്ന് സിക്‌സും നേടി.

ടീമിലെ എല്ലാവര്‍ക്കും തങ്ങളുടെ റോളിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു.'ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും ഏറെ നാളുകളായി ടീമിന്റെ ഭാഗമായിരിക്കുന്നവരാണ്. അതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അവരോട് പറഞ്ഞുകൊടുക്കേണ്ട ആവിശ്യമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അവരുടെയെല്ലാം റോളുകള്‍ എന്തായിരുന്നുവെന്ന് നമുക്കറിയാം. ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ അവര്‍ക്ക് കൃത്യമായി തങ്ങളുടെ റോളുകള്‍ എന്താണെന്ന് അറിയാം. ഈ ടീം കളിക്കുന്ന ഒന്നാമത്തെയോ രണ്ടാമത്തെയോ മത്സരമല്ലിത്'- രോഹിത് ശര്‍മ പറഞ്ഞു.

ആര്‍ അശ്വിന്റെ പ്രകടനത്തെയും രോഹിത് പ്രശംസിച്ചു. 'അശ്വിന്റെ ഇന്നത്തെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് നോക്കുക. നിരവധി മത്സരങ്ങള്‍ കളിക്കുകയും വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കായി 3-4 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അശ്വിന്‍ ടി20 കളിക്കുന്നത്. അത് എത്രത്തോളം വെല്ലുവിളിയാണെന്ന് അവന് നന്നായി അറിയാം. ഐപിഎല്ലില്‍ നിരന്തരം കളിക്കുകയും മികച്ച പ്രകടനം നടത്താനും അശ്വിന് സാധിക്കുന്നുണ്ട്.വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരിലൊരാളാണവന്‍'- രോഹിത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications