T20 World Cup 2021: വമ്പന്‍ സര്‍പ്രൈസ്, ആരും പ്രതീക്ഷിച്ചില്ല, ടീമിലിടം നേടിയ മൂന്ന് പേരിതാ
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ രാത്രിയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. 15 അംഗങ്ങളും മൂന്ന് റിസര്‍വ് താരങ്ങളും ഉള്‍പ്പെടെ 18 അംഗങ്ങളാണ് ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ അഞ്ച് സ്പിന്നര്‍മാര്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎല്‍ 2021ന്റെ രണ്ടാം പാദം യുഎഇയിലാണ് നടക്കുന്നത്. അതിന് ശേഷമാവും ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങളും ഐപിഎല്ലില്‍ സജീവമായി കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ പ്രത്യേക പരിശീലനം ആവിശ്യമില്ല. മികച്ച താരനിര തന്നെയാണ് ഇന്ത്യന്‍ ടീമിലിടം പിടിച്ചിരിക്കുന്നത്. ഇതുവരെ ഐസിസി കിരീടം നേടാനാവാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്ന ഇതെങ്കിലും കോവിഡ് സാഹചര്യത്തില്‍ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
പ്രമുഖരുടെ പല വിലയിരുത്തലുകളെയും പ്രവചനങ്ങളെയും കാറ്റില്‍ പറത്തുന്ന ടീം പ്രഖ്യാപനമാണ് ബിസിസി ഐ നടത്തിയത്. പല സര്‍പ്രൈസുകളും ടീമില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ആരും അധികം പ്രതീക്ഷിക്കാതെ ടീമിലിടം നേടിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്റെ വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അശ്വിനെ ഇന്ത്യ പരിമിത ഓവര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. യാതൊരുവിധ സൂചനയും നല്‍കാതെയായിരുന്നു അശ്വിനെ ഇന്ത്യ പരിഗണിച്ചതെന്ന് പറയാം. ഇംഗ്ലണ്ടിനെതിരായ ആദ്യ നാല് ടെസ്റ്റിലും അവസരം ലഭിക്കാതെ പുറത്തിരുന്ന അശ്വിന്‍ പോലും ഷോക്കായി പോകുന്ന തീരുമാനമാനമായിരുന്നു ഇത്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അശ്വിന്‍. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് വലിയ പരിചയസമ്പത്ത് അശ്വിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറാണ് അശ്വിന്‍. ഇടം കൈയന്‍മാര്‍ക്കെതിരേ അശ്വിന്റെ മികവും ടീമിലേക്ക് പരിഗണിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
46 ടി20യില്‍ നിന്ന് 52 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. അതും 6.98 എന്ന മികച്ച ഇക്കോണമിയില്‍. 159 ഐപിഎല്ലില്‍ നിന്നായി 6.9 ഇക്കോണമിയില്‍ 139 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞാണ് അശ്വിന്റെ ടീമിലേക്കുള്ള വരവെന്നതാണ് ശ്രദ്ധേയം.

ഇഷാന്‍ കിഷന്‍
റിഷഭ് പന്ത് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി ടീമിലിടം പിടിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. എന്നാല്‍ കെ എല്‍ രാഹുല്‍ ടീമിലുള്ളതിനാല്‍ മറ്റൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ഇഷാന്‍ കിഷന്‍ ടീമിലിടം പിടിക്കുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ യുവതാരത്തിന്റെ സമീപകാലത്തെ പ്രകടനം വളരെ മികച്ചതായിരുന്നു. ടി20, ഏകദിന അരങ്ങേറ്റത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ താരമാണ് ഇഷാന്‍. മൂന്ന് ടി20യില്‍ നിന്ന് 40 ശരാശരിയില്‍ 80 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. 145.45 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും ഇഷാന്റെ പേരിലുണ്ട്. 56 ഐപിഎല്ലില്‍ നിന്ന് 27.32 ശരാശരിയില്‍ 1284 റണ്‍സാണ് ഇഷാന്റെ പേരിലുള്ളത്.

അക്ഷര്‍ പട്ടേല്‍
ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ ടീമിലിടം പിടിച്ചതും ശ്രദ്ധേയമായി. ക്രുണാല്‍ പാണ്ഡ്യയെ മറികടന്നാണ് അക്ഷറെ ഇന്ത്യ പരിഗണിച്ചത്.12 ടി20കളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇക്കോണമി 6.88. 101 ഐപിഎല്ലില്‍ നിന്ന് 86 വിക്കറ്റുകളും അക്ഷറിന്റെ പേരിലുണ്ട്. 7.29 ആണ് ഇക്കോണമി. ഭേദപ്പെട്ട ബാറ്റിങ് മികവും അക്ഷറിനുണ്ട്. 2020ലെ യുഎഇ ഐപിഎല്ലിലും താരം തിളങ്ങി. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ അക്ഷറിനെ ഉള്‍പ്പെടുത്തിയത്. എന്തായാലും അപ്രതീക്ഷിതമായാണ് അക്ഷറിന്റെ കടന്നുവരവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications