
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി അശ്വിന്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അശ്വിന്റെ വരവ് ഏറ്റവും മികച്ച നീക്കമാണെന്നും ടീമിന് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. അശ്വിന്റെ വരവ് ടീമിന് എങ്ങനെ ഗുണം ചെയ്യുമെന്നും ഓജ വിശദീകരിച്ചു.
'വെള്ളബോള്‍ മത്സരങ്ങള്‍ ദീര്‍ഘനാള്‍ കളിക്കാതെയാണ് അശ്വിന്‍ എത്തുന്നതെന്ന് പറയാനാവില്ല. കാരണം അവന്‍ ഐപിഎല്‍ കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെപ്പോലെ തന്നെ സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റാണ് ഐപിഎല്ലും. അത് അനുഭവിച്ച് നോക്കുമ്പോള്‍ രണ്ടും ഒരുപോലെ സമ്മര്‍ദ്ദമുള്ളതാണെന്ന് മനസിലാകും. ഒരാളുടെ നഷ്ടം മറ്റൊരാള്‍ക്ക് നേട്ടമായി മാറും. വാഷിങ്ടണ്‍ സുന്ദറിന് പരിക്കാണ് തിരിച്ചടിയായത്. അതിനാല്‍ അശ്വിന്‍ ടീമിലെത്തി.

ഇത് മികച്ചൊരു നീക്കമായി കാണുന്നു. കാരണം അശ്വിന്റെ സാന്നിധ്യം കോലിക്ക് വളരെ നിര്‍ണ്ണായകമാവും. പവര്‍പ്ലേയിലടക്കം മത്സരത്തെ പിടിച്ചുകെട്ടാന്‍ അശ്വിനാവും. വിക്കറ്റ് വീഴ്ത്താന്‍ അശ്വിന്റെ മികവാണ് എടുത്തുപറയേണ്ടത്. അശ്വിനെപ്പോലൊരു താരം നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമായി മാറ്റാന്‍ കെല്‍പ്പുള്ളവനാണ്'- ഓജ പറഞ്ഞു.
46 ടി20കളില്‍ നിന്ന് 52 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 6.98 എന്ന മികച്ച ഇക്കോണമി അശ്വിനുണ്ട്. എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 159 ഐപിഎല്ലില്‍ നിന്ന് 139 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. 6.9 ആണ് അദ്ദേഹത്തിന്റെ ഐപിഎല്ലിലെ ഇക്കോണമി. 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനവും അദ്ദേഹം നടത്തിയുണ്ട്. ഇന്ത്യന്‍ ജഴ്‌സിയില്‍ 31 റണ്‍സാണ് ടി20യിലെ ടോപ് സ്‌കോര്‍. ഐപിഎല്ലില്‍ 45 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

യുസ് വേന്ദ്ര ചഹാലിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണ്. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയിലും ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. ഇതാണ ചഹാലിന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്.
49 ടി20യില്‍ നിന്ന് 63 വിക്കറ്റുകള്‍ ചഹാല്‍ ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്. 8.32 എന്ന ഇക്കോണമിയിലാണ് പ്രകടനം. 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 106 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 7.71 ആണ് ഇക്കോണമി. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. ഐപിഎല്ലില്‍ കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുടെ നിര്‍ണ്ണായക താരമാണ് ചഹാല്‍.


Click it and Unblock the Notifications











