T20 World Cup 2021: സെമിയുറപ്പിക്കാന്‍ പാകിസ്താന്‍, എതിരാളി അഫ്ഗാനിസ്ഥാന്‍, അട്ടിമറിക്കുമോ?
ദുബായ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയുറപ്പിക്കാന്‍ പാകിസ്താന്‍ നാളെ (29-10-2021) ഇറങ്ങുന്നു. അഫ്ഗാനിസ്ഥാനാണ് പാകിസ്താന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച പാകിസ്താന് അഫ്ഗാനിസ്ഥാനെക്കൂടി തോല്‍പ്പിച്ചാല്‍ സെമിയില്‍ സീറ്റുറപ്പിക്കാനാവും. സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് ടീമുകള്‍. ഗ്രൂപ്പിലെ എല്ലാ ടീമുകളെയും തോല്‍പ്പിച്ച് സെമിയിലേക്കെത്താനാവും പാകിസ്താന്‍ ശ്രമിക്കുക.
നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശിനെ നേരിടും. ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ വെസ്റ്റ് ഇന്‍ഡീസിന് ബംഗ്ലാദേശിനെതിരേ കൂടി തോല്‍വി വാങ്ങേണ്ടി വന്നാല്‍ സെമി കാണാതെ പുറത്തുപോകേണ്ടി വരും. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ഫേവറേറ്റുകളെന്ന വിശേഷണത്തോടെയാണെത്തിയതെങ്കിലും പ്രതീക്ഷിക്കത്തൊത്ത് ഉയര്‍ന്നില്ല. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ഷാര്‍ജയിലാണ് മത്സരം.
Also Read : T20 World Cup 2021: 'പതിവ് ആവര്‍ത്തിച്ചു', ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിതാ

കരുത്തോടെ പാകിസ്താന്‍
ഇന്ത്യയെ 10 വിക്കറ്റിനും ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനും തോല്‍പ്പിച്ച പാകിസ്താന്‍ വലിയ ആത്മവിശ്വാസത്തോടെയാവും അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നത്. ദുബായിലാണ് മത്സരം എന്നത് പാകിസ്താന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നു. കാരണം പാകിസ്താന്‍ യുഎഇയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചത് ദുബായിലാണ്. യുഎഇയില്‍ തോല്‍വി അറിയാത്ത തുടര്‍ച്ചയായ 14ാം മത്സരം എന്ന ലക്ഷ്യത്തോടെയാവും പാകിസ്താന്‍ ഇറങ്ങുക.
താരങ്ങളെല്ലാം മിന്നും ഫോമില്‍. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും തുടക്കമിടുമ്പോള്‍ ഫഖര്‍ സമാനും മുഹമ്മദ് ഹഫീസും ഷുഹൈബ് മാലിക്കുമെല്ലാം പാകിസ്താനൊപ്പം കരുത്ത് പകരാനുണ്ട്. ഇമാദ് വാസിമിനെപ്പോലെയുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ശക്തിയാണ്. ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഹാരിസ് റൗഫ് എന്നീ പേസര്‍മാരും മികച്ച ഫോമിലാണ്.

അഫ്ഗാനിസ്ഥാന്‍ നിസാരരല്ല
അഫ്ഗാനിസ്ഥാനെ നിസാര എതിരാളികളായി കാണാനാവില്ല. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നീ സ്പിന്നര്‍മാര്‍ തന്നെയാണ് ടീമിന്റെ ശക്തി. പാകിസ്താന്റെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരേ ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുക്കാനായാല്‍ എറിഞ്ഞിടാല്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ അഫ്ഗാനിസ്ഥാനുണ്ട്. ഹസ്‌റത്തുല്ല സസായി, മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്തുല്ല ഗുര്‍ബാസ് എന്നിവരെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവരാണ്. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള താരനിരയുള്ളതിനാല്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇതുവരെ ഒരു തവണ മാത്രമാണ് നേര്‍ക്കുനേര്‍ എത്തിയത്. അതില്‍ അഫ്ഗാനിസ്ഥാനെ പാകിസ്താന്‍ തോല്‍പ്പിക്കുകയും ചെയ്തു.

സാധ്യതാ 11
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വാസിം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.
അഫ്ഗാനിസ്ഥാന്‍- ഹസ്‌റത്തുല്ല സസായി, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുല്ല ഗുര്‍ബാസ്, അസ്ഹര്‍ അഫ്ഗാന്‍, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാഡിന്‍ നെയ്ബ്, റാഷിദ് ഖാന്‍, കരീം ജനത്, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍.

അഭിമാന ജയം തേടി വെസ്റ്റ് ഇന്‍ഡീസ്
ടി20 സ്‌പെഷ്യലിസ്റ്റുകളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളുടെ നീണ്ടനിരയുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ മികവിനൊത്ത് ഉയരാനാവുന്നില്ല. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 55 റണ്‍സിനാണ് തോറ്റത്. ദക്ഷിണാഫ്രിക്കയോടും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരേ ജയം ടീമിന്റെ അഭിമാന പ്രശ്‌നമാണ്. താരങ്ങളിലാര്‍ക്കും ഫോമില്ലാത്തതാണ് പ്രശ്‌നം. ഫോമിലേക്കെത്തിയാല്‍ കിരീടം കൊണ്ട് മടങ്ങാന്‍ കെല്‍പ്പുള്ള താരനിരയാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്.

ബംഗ്ലാദേശിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടും പരാജയപ്പെട്ടു. ബാറ്റിങ് നിരയും ബൗളിങ് നിരയും നിലവാരം കാട്ടുന്നില്ല. പ്രധാനമായും ഷക്കീബ് അല്‍ ഹസനില്‍ നിന്ന് പ്രതീക്ഷക്കൊത്തുള്ള പ്രകടനം ഉണ്ടാവുന്നില്ല. ഇത് ടീമിനെയും പ്രതികൂലമായി ബാധിക്കുന്നു. തോല്‍ക്കുന്ന ടീമിന്റെ സെമി പ്രതീക്ഷ അസ്തമിക്കുമെന്നതിനാല്‍ രണ്ട് കൂട്ടര്‍ക്കും ജയം നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications