For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: നമീബിയയെ തകര്‍ത്ത് പാക് പട, സെമി ഫൈനല്‍ ബെര്‍ത്ത്

45 റണ്‍സിനാണ് പാക് ടീമിന്റെ വിജയം

1

അബുദാബി: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം വിജയത്തോടെ മുന്‍ ജേതാക്കളായ പാകിസ്താന്‍ സെമി ഫൈനലിലേക്കു കുതിച്ചു. ഇത്തവണ സെമിയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യത്തെ ടീം കൂടിയാണ് പാകിസ്താന്‍. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ നാലാമത്തെ കളിയില്‍ കുഞ്ഞന്‍മാരായ നമീബിയയെ 45 റണ്‍സിനാണ് ബാബര്‍ ആസവും സംഘവും തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ മല്‍സരത്തില്‍ പാകിസ്താനു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാതെയാണ് കന്നി ലോകകപ്പ് കളിക്കുന്ന നമീബിയ കീഴടങ്ങിയത്.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റണ്‍ചേസ് നടത്തി ജയിച്ച പാകിസ്താന്‍ ഇത്തവണ സ്‌കോര്‍ പ്രതിരോധിച്ചാണ് വിജയിച്ചതെന്ന പ്രത്യേകതയുണ്ട്. ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ നമീബിയയുടെ വിധി കുറിക്കപ്പെട്ടിരുന്നു. 190 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് അവര്‍ നമീബിയക്കു നല്‍കിയത്. റണ്‍ചേസില്‍ വന്‍ ദുരന്തമേറ്റു വാങ്ങിയില്ലെന്നതില്‍ നമീബിയക്കു ആശ്വസിക്കാം. അഞ്ചു വിക്കറ്റിനു 144 റണ്‍സെടുത്ത് അവര്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

2

43 റണ്‍സോടെ പുറത്താവാതെ നിന്ന ഡേവിഡ് വീസെയാണ് നമീബിയയുടെ ടോപ്‌സ്‌കോറര്‍. 31 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ക്രെയ്ഗ് വില്ല്യംസ് 40 റണ്‍സും നേടി. 37 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സ്റ്റീഫന്‍ ബാര്‍ഡ് (29), ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് (15) എന്നിവരാണ് നമീബിയയുടെ മറ്റു സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി ഹസന്‍ അലി, ഇമാദ് വസീം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സാണ് പാകിസ്താന്‍ നിശ്ചിത ഓവറില്‍ നേടിയത്. ആദ്യത്തെ പത്തോവറില്‍ ശ്രദ്ധയോടെയാണ് പാകിസ്താന്‍ ബാറ്റ് വീശിയത്. വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സായിരുന്നു അവരുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ അടുത്ത 10 ഓവറില്‍ പാകിസ്താന്‍ ടോപ് ഗിയറിലേക്കു കയറി. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ അവര്‍ 130 റണ്‍സാണ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ ബാബറും ഓപ്പണിങ് ജോടി മുഹമ്മദ് റിസ്വാനും ചേര്‍ന്നായിരുന്നു പാക് ഇന്നിങ്‌സിനു അടിത്തറയിട്ടത്. റിസ്വാന്‍ പുറത്താവാതെ 79 റണ്‍സ് നേടി. ബാബര്‍ 70 റണ്‍സിനും പുറത്തായി. 50 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിസ്വാന്റെ ഇന്നിങ്‌സ്. ബാബര്‍ 49 ബോളിലാണ് ഏഴു ബൗണ്ടറികളോടെ 70 റണ്‍സ് നേടിയത്. ഫഖര്‍ സമാന്‍ അഞ്ചു ണ്‍സിന് മടങ്ങിയപ്പോള്‍ റിസ്വാനോടൊപ്പം മുഹമ്മദ് ഹഫീസ് 32 റണ്‍സുമായി പുറത്താവാതെ നിന്നു. 16 ബോളുകളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. റിസ്വാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

3

ഓപ്പണിങ് വിക്കറ്റില്‍ ബാബര്‍- റിസ്വാന്‍ സഖ്യം 113 റണ്‍സ് പാക് സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ ടി20യില്‍ കൂടുതല്‍ സെഞ്ച്വറി കൂട്ടുകളെന്ന റെക്കോര്‍ഡിനും ബാബര്‍- റിസ്വാന്‍ ജോടി അവകാശികളായി. ഇവരുടെ അഞ്ചാമത്തെ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇത്. ഇന്ത്യയുടെ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യത്തിന്റെ നാലു സെഞ്ച്വറി കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഇതോടെ തിരുത്തപ്പെടുകയും ചെയ്തു.

ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനു കെട്ടുകെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ 12ല്‍ പാകിസ്താന്‍ അക്കൗണ്ട് തുറന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയെ അവര്‍ തോല്‍പ്പിച്ചതും ഇതാദ്യമായിട്ടായിരുന്നു. നേരത്തേ നടന്ന 12 മല്‍സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു. രണ്ടാമത്തെ കളിയില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിനു പാകിസ്താന്‍ തോല്‍പ്പിക്കുകയായിരുന്നു. മൂന്നാമങ്കത്തില്‍ അഫ്ഗാനിസ്താനെതിരേയും ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു പാക് വിജയം.

അഫ്ഗാനെതിരായ മല്‍സരത്തില്‍ മാത്രമാണ് പാകിസ്താന്‍ വിജയത്തിനു വേണ്ടി അല്‍പ്പമെങ്കിലും കഠിനാധ്വാനം നടത്തിയത്. ബാക്കി രണ്ടു മല്‍സരങ്ങളിലും കാര്യമായി വിയര്‍ക്കാതെ തന്നെ ജയം സ്വന്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ശക്തമായ ബാറ്റിങ് ലൈനപ്പും മൂര്‍ച്ചേറിയ ബൗളിങ് നിരയുമാണ് പാകിസ്താന്റെ ഏറ്റവും വസിയ കരുത്ത്. ആസിഫ് അലിയെന്ന മികച്ച ഫിനിഷറുടെ സാന്നിധ്യവും അവര്‍ക്കു മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അലിയുടെ ഫിനിഷിങായിരുന്നു പാക് വിജയം എളുപ്പമാക്കിയത്.

യോഗ്യതാ റൗണ്ട് കടന്നാണ് നമീബിയ ഇത്തവണത്തെ ലോകകപ്പിനു യോഗ്യത നേടിയത്. ടി20 ലോകകപ്പില്‍ അവര്‍ കളിക്കുന്നതും ഇതാദ്യമാണ്. യോഗ്യതാ റൗണ്ടില്‍ ശ്രീലങ്കയുള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് നമീബിയ സൂപ്പര്‍ 12ലെത്തിയത്. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി നമീബിയ തുടക്കം ഗംഭീരമാക്കിയിരുന്നു. പക്ഷെ രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനോടു 62 റണ്‍സിന്റെ വന്‍ പരാജയം അവര്‍ക്കു നേരിട്ടു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

നമീബിയ- സ്റ്റീഫന്‍ ബാര്‍ഡ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ക്രെയ്ഗ് വില്ല്യംസ്, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ഡേവിഡ് വിസെ, ജെജെ സമിത്ത്, മൈക്കല്‍ വാന്‍ ലിന്‍ഗന്‍, യാന്‍ ഫ്രിലിന്‍ക്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, റുബെന്‍ ട്രെംപെല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.

Story first published: Tuesday, November 2, 2021, 23:21 [IST]
Other articles published on Nov 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+