
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഹാട്രിക് വിജയവുമായി പാകിസ്താന്‍ കുതിപ്പ് തുടരുന്നു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് മല്‍സരത്തില്‍ അയല്‍ക്കാരായ അഫ്ഗാനിസ്താനെയാണ് ബാബര്‍ ആസവും സംഘവും അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. ഇതോടെ സെമി ഫൈനല്‍ ബെര്‍ത്ത് അവര്‍ ഏറക്കുറെ ഉറപ്പാക്കുകയും ചെയ്തു. ത്രില്ലിങ് മല്‍സരത്തിലാണ് അഫ്ഗാനുയര്‍ത്തിയ വെല്ലുവിളി പാകിസ്താന്‍ അതിജീവിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് പാകിസ്താന്‍ റണ്‍ചേസില്‍ വെന്നിക്കൊടി പാറിച്ചത്.
148 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താന് അഫ്ഗാന്‍ നല്‍കിയത്. ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു പാകിസ്താന്‍ വിജയത്തിലെത്തുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ (51) ഫിഫ്റ്റിയാണ് പാക് വിജയത്തിനു അടിത്തറയിട്ടത്. 47 ബോളില്‍ നിന്നും നാലു ബൗണ്ടറികളോടെയാണ് താരം 51 റണ്‍സെടുത്തത്. ഫഖര്‍ സമാന്‍ (30), ആസിഫ് അലി (25*) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ് റിസ്വാന്‍ (8), മുഹമ്മദ് ഹഫീസ് (10), ഷുഐബ് മാലിക്ക് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ബാബറാണ് ടീമിന്റെ ടോപ്‌സ്‌കോററെങ്കിലും കൈയടി വാങ്ങിയത് സൂപ്പര്‍ ഫിനിഷറായി മാറിയ ആസിഫ് അലിയായിരുന്നു. വെറും ഏഴു ബോളിലാണ് നാലു സിക്‌സറുകളടക്കം അലി 25 റണ്‍സ് വാരിക്കൂട്ടിയത്.

അവസാന രണ്ടോവറില്‍ അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ പാകിസ്താനു ജയിക്കാന്‍ വേണ്ടിയിരുന്നത് 24 റണ്‍സാണ്. കളി എങ്ങോട്ട് വേണമെങ്കിലും മാറാമെന്ന ഘട്ടം. പക്ഷെ 19ാം ഓവറില്‍ തന്നെ പാകിസ്്താന്‍ കളി തീര്‍ത്തു. ഇതിനു കടപ്പെട്ടിരിക്കുന്നത് അലിയോടാണ്. കരീം ജന്നത്തെറിഞ്ഞ 19ാം ഓവറില്‍ തന്നെ അദ്ദേഹം പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു. ആദ്യ ബോളിലും മൂന്ന്, അഞ്ച്, ആറ് ബോളുകളിലുമായിരുന്നു അലി സിക്‌സര്‍ മഴ പെയ്യിച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.
അഫ്ഗാന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു. അദ്ദേഹം നാലോവറില്‍ 26 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു. സ്‌കോട്ട്‌ലാന്‍ഡുമായുളള ആദ്യ കളിയില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത മുജീബുര്‍ റഹ്മാന് ഈ മല്‍സരത്തില്‍ ഒരു വിക്കറ്റെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ മുഹമ്മദ് നബി, നവീനുള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസിനു ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ നബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ മല്‍സരങ്ങളിലെല്ലാം റണ്‍ചേസ് നടത്തിയ ടീമുകള്‍ ഇവിടെ വിജയിച്ചിട്ടും ബാറ്റ് ചെയ്യാനുള്ള നബിയുടെ തീരുമാനം പലരെയും അമ്പരപ്പിച്ചിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 147 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. വാലറ്റത്ത് അപരാജിമായ ഏഴാം വിക്കറ്റില്‍ നബി- ഗുല്‍ബദിന്‍ നയ്ബ് സഖ്യം ചേര്‍ന്നെടുത്ത 70 റണ്‍സാണ് അഫ്ഗാനെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്. ഇരുവരും 35 റണ്‍സ് വീതമെടുത്തു. നബി 32 ബോളില്‍ അഞ്ചു ബൗണ്ടറികളടിച്ചപ്പോള്‍ ഗുല്‍ബദിന്‍ 25 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.
നജീബുള്ള സദ്രാനാണ് (22) മറ്റൊരു പ്രധാന സ്‌കോറര്‍. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ ആറിന് 76 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു നബി-ഗുല്‍ബദിന്‍ കൂട്ടുകെട്ട്. പാകിസ്താനു വേണ്ടി ഇമാദ് വസീം വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തേ കന്നിയങ്കത്തില്‍ ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് പാകിസ്താന്‍ തുടങ്ങിയത്. ലോകകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവരുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്. നേരത്തേ 12 തവണ വിവിധ ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോഴും പരാജയം രുചിച്ച പാക് പട ഇത്തവണ കണക്കുതീര്‍ക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. രണ്ടാമത്തെ മല്‍സരത്തില്‍ മറ്റൊരു ശക്തരായ ന്യൂസിലാന്‍ഡായിരുന്നു പാകിസ്താനെ കാത്തിരുന്നത്. അഞ്ചു വിക്കറ്റിന് കിവികളും പാകിസ്താന്റെ പ്രഹരശേഷിയറിഞ്ഞു.
അതേസമയം, ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ വന്‍ ജയം ആഘോഷിച്ചായിരുന്നു അഫ്ഗാന്റെ തുടക്കം. സ്‌കോട്ടിഷ് ടീമിനെ നാണംകെടുത്തുന്ന വിജയമായിരുന്നു അഫ്ഗാന്‍ സ്വന്തമാക്കിയത്. 130 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ നബിയും സംഘവും യോഗ്യതാ റൗണ്ട് കളിച്ചെത്തിയ സ്‌കോട്ട്‌ലാന്‍ഡിനെ നിഷ്പ്രഭരാക്കി.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.
അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്, നവീനുല്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍.