T20 World Cup: 'ഒന്നോ രണ്ടോ ഓവറുകള്‍ക്കൊണ്ട് മത്സരം അനുകൂലമാവുമെന്ന് അറിയാമായിരുന്നു'- മിച്ചല്‍
അബുദാബി: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നിരിക്കുകയാണ്. ആവേശ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ നിരയായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് വിജയലക്ഷ്യം മറികടന്നു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനും ന്യൂസീലന്‍ഡിനായി.
ഡാരില്‍ മിച്ചലിന്റെ (72*) പ്രകടനമാണ് കിവീസിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ താരം 47 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തിയാണ് ടീമിനെ വിജയത്തിലേക്കുയര്‍ത്തിയത്. കളിയിലെ താരമായതും മിച്ചലാണ്. ഇപ്പോഴിതാ തന്റെ മാച്ച് വിന്നിങ് പ്രകടനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഡാരില്‍ മിച്ചല്‍. ഒന്നോ രണ്ടോ വലിയ ഓവര്‍ ലഭിച്ചാല്‍ മത്സരം ഞങ്ങള്‍ക്കനുകൂലമായി മാറുമെന്ന് അറിയാമായിരുന്നെന്നാണ് മിച്ചല്‍ പറഞ്ഞത്.
Also Read : T20 World Cup 2021: 'എനിക്ക് തെറ്റുപറ്റിയില്ല, ജയം അവര്‍ പൊരുതി നേടിയത്'- ഓയിന്‍ മോര്‍ഗന്‍

'ഒന്നോ രണ്ടോ വലിയ ഓവര്‍ ലഭിച്ചാല്‍ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് അറിയാമായിരുന്നു. ഭാഗ്യംകൊണ്ട് ഞങ്ങള്‍ക്കത് ലഭിച്ചു. നിഷാമിന്റെ ബാറ്റിങ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ടീമിനെ വിജയത്തിലേക്കെത്തിക്കാനായതില്‍ സന്തോഷമുണ്ട്. തുടക്കം വെല്ലുവിളി നിറഞ്ഞതായിരുന്നു. മികച്ച വേഗവും ബൗളര്‍മാര്‍ക്ക് ലഭിച്ചിരുന്നു.കോണ്‍വെ നന്നായി ബാറ്റ് ചെയ്ത് അടിത്തറ ഒരുക്കി നല്‍കി. നിഷാം വന്ന് വെടിക്കെട്ട് ബാറ്റിങ് നടത്തിയതും വിജയത്തിലേക്കെത്തിക്കാന്‍ സഹായിച്ചു'-മിച്ചല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ജയം ന്യൂസീലന്‍ഡിനെ സംബന്ധിച്ച് പകരം വീട്ടലാണ്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടടുത്തെത്തിയ ശേഷമാണ് നിര്‍ഭാഗ്യം വേട്ടയാടിയത്. അന്ന് തങ്ങളെ തോല്‍പ്പിച്ച് കിരീടം നേടിയതിന് പകരം വീട്ടാന്‍ കാത്തിരുന്ന ന്യൂസീലന്‍ഡ് ഭംഗിയായിത്തന്നെ ആ പ്രതികാരം വീട്ടിയെന്ന് പറയാം. കാര്യങ്ങളെല്ലാം ന്യൂസീലന്‍ഡിന് അനുകൂലമായി എത്തുകയായിരുന്നു.

ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം നിര്‍ണ്ണായകമായെന്ന് പറയാം. മികച്ച രീതിയില്‍ പന്തെറിഞ്ഞ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ ഒതുക്കി.ട്രന്റ് ബോള്‍ട്ട് നന്നായി തല്ലുവാങ്ങിയപ്പോള്‍ ടിം സൗത്തി,ആദം മില്‍നെ,ഇഷ് സോധി,ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസനും ചെറിയ സ്‌കോറില്‍ മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റിലെ മിച്ചല്‍-കോണ്‍വെ കൂട്ടുകെട്ട് ന്യൂസീലന്‍ഡിന് നിര്‍ണ്ണായകമായി.അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 38 പന്തില്‍ 46 റണ്‍സാണ് കോണ്‍വെ നേടിയത്. 82 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ മത്സരഗതിയെ മാറ്റിമറിച്ചത് ജിമ്മി നിഷാമിന്റെ പ്രകടനമാണ്. 11 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും പറത്തിയ നിഷാമാണ് വലിയ സമ്മര്‍ദ്ദത്തിലേക്ക് വീഴാതെ കിവീസിനെ അതിവേഗം വിജയലക്ഷ്യത്തിലേക്കടുപ്പിച്ചത്. ക്രിസ് ജോര്‍ദാന്റെ 17ാം ഓവറില്‍ 23 റണ്‍സ് നേടിയത് ന്യൂസീലന്‍ഡിന് കരുത്തായി. നിഷാമാണ് ജോര്‍ദാനെ തല്ലിത്തകര്‍ത്തത്. ഈ ഓവറാണ് മത്സരത്തെ മാറ്റിമറിച്ചതെന്നും പറയാം.
ക്രിസ് വോക്‌സ് എറിഞ്ഞ 19ാം ഓവറില്‍ മിച്ചലും കത്തിക്കയറി. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സാണ് 19ാം ഓവറില്‍ പിറന്നത്. അവസാന ഓവറുകളില്‍ പിടിമുറുക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിക്കാതെ വന്നു. ആദില്‍ റഷീദ് നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ക്രിസ് വോക്‌സ് നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും ലിയാം ലിവിങ്‌സ്റ്റന്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications