Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: 'എനിക്ക് തെറ്റുപറ്റിയില്ല, ജയം അവര്‍ പൊരുതി നേടിയത്'- ഓയിന്‍ മോര്‍ഗന്‍

അബുദാബി: ടി20 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനമായി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ പാകിസ്താന്‍-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയിയെയാവും ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടുക. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ടിന് ടി20 ലോകകപ്പില്‍ നിന്ന് പുറത്തോട്ടുള്ള വഴിതുറന്നാണ് കിവീസ് പ്രതികാരം വീട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. ഡാരില്‍ മിച്ചലിന്റെ (47 പന്തില്‍ 72*) പ്രകടനമാണ് ന്യൂസീലന്‍ഡിന് ജയമൊരുക്കിയത്. ഡെവോന്‍ കോണ്‍വെ (46), ജിമ്മി നിഷാ (11 പന്തില്‍ 27) എന്നിവരുടെ പ്രകടനവും കിവീസിന് കരുത്തായി. മരണ ഗ്രൂപ്പിലെ ചാമ്പ്യന്മാരായെത്തിയ ഇംഗ്ലണ്ടിന് ഓര്‍ക്കാപ്പുറത്തുകിട്ടിയ അടിയാണ് ഈ പുറത്താകല്‍.

1

ഇംഗ്ലണ്ടിന്റെ പുറത്താകലിന് പിന്നാലെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ തീരുമാനങ്ങളുടെ പിഴവല്ല ന്യൂസീലന്‍ഡ് ജയം പൊരുതി നേടിയതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മോര്‍ഗന്‍. 'മത്സരത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ രണ്ട് ടീമുകള്‍ക്കൊപ്പവും ശക്തമായ താരങ്ങളുണ്ട്. എല്ലാ അഭിനന്ദനങ്ങളും കെയ്ന്‍ വില്യംസനും ടീമിനും അര്‍ഹതപ്പെട്ടതാണ്. ഈ രാത്രി ചെയ്തതില്‍ ഞങ്ങള്‍ക്ക് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല. കഠിനമായ മത്സരങ്ങളിലൂടെയാണ് ടൂര്‍ണമെന്റിലുടെനീളം കടന്നുവന്നത്. എന്നാല്‍ ഈ രാത്രിയെ മറികടക്കാനായില്ല. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഞങ്ങളുടെ താരങ്ങളെയോര്‍ത്ത് വളരെ അഭിമാനമുണ്ട്'- ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

2

ടോസ് ന്യൂസീലന്‍ഡിന് അനുകൂലമായിരുന്നു. ആദ്യം പന്തെറിയാന്‍ തീരുമാനിച്ച വില്യംസന് പിഴച്ചില്ലെന്ന് പറയാം. ജേസന്‍ റോയിക്ക് പരിക്കേറ്റതോടെ ജോസ് ബട്‌ലറോടൊപ്പം ജോണി ബെയര്‍‌സ്റ്റോയാണ് ഓപ്പണിങ്ങിലിറങ്ങിയത്. 37 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഡേവിഡ് മലാന്‍ (41), മോയിന്‍ അലി (51*) എന്നിവരുടെ പ്രകടനമാണ് ബേദപ്പെട്ട സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെയെത്തിച്ചത്.

ടിം സൗത്തി, ആദം മില്‍നെ, ഇഷ് സോധി, ജെയിംസ് നിഷാം എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. കിവീസ് സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം പന്തില്‍ത്തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ കൂടാരം കയറി. അധികം വൈകാതെ കെയ്ന്‍ വില്യംസനും പുറത്തായി. എന്നാല്‍ മിച്ചല്‍-കോണ്‍വെ കൂട്ടുകെട്ട് ന്യൂസീലന്‍ഡിന് കരുത്താവുകയായിരുന്നു.

3

അവസാന സമയത്ത് നിഷാം നടത്തിയ വെടിക്കെട്ട് പ്രകടനവും മത്സരഗതിയില്‍ നിര്‍ണ്ണായകമായി. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ അതിവേഗം ബാറ്റുവീശിയ നിഷാമിന്റെ പ്രകടനമാണ് ഒരു ഓവര്‍ ബാക്കിനിര്‍ത്തി ജയിക്കാന്‍ ന്യൂസീലന്‍ഡിനെ സഹായിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ലിയാം ലിവിങ്‌സ്റ്റനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി.

ജിമ്മി നിഷാമിന്റെ പ്രകടനത്തെയും മോര്‍ഗന്‍ പ്രശംസിച്ചു. 'സിക്‌സുകള്‍ അടിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ നിരയാണ് ഞങ്ങളുടേത്. എന്നാല്‍ വേഗം കൂടിയ പിച്ചില്‍ ശരാശരി സ്‌കോറാണ് നേടാനായത്. നേരിട്ട ആദ്യ പന്ത് മുതല്‍ സിക്‌സുകള്‍ നേടിയ ജിമ്മി നിഷാമാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ നയിക്കാനാവുമെന്നാണ് പ്രതീക്ഷ'-ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

Story first published: Thursday, November 11, 2021, 10:33 [IST]
Other articles published on Nov 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+