T20 World Cup 2021: പാകിസ്താനോടു ഇന്ത്യ തോല്‍ക്കും! ധോണി അന്നു പറഞ്ഞത് സത്യമായി

ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ പരാജയപ്പെടുമെന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പ്രവചനം ഇപ്പോള്‍ സത്യമായിരിക്കുകയാണ്. 2016ലെ കഴിഞ്ഞ ടി20 ലോകപ്പിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്ത ടൂര്‍ണമെന്റില്‍ തന്നെ ഇതു സംഭവിക്കുകയും ചെയ്തിരിക്കുകയാണ്.
ഇത്തവണ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ പത്തു വിക്കറ്റിനാണ് ബാബര്‍ ആസം നയിച്ച പാകിസ്താന്‍ വിരാട് കോലിയുടെ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ടീമിനെ നയിക്കാന്‍ ധോണിയില്ലായിരുന്നെങ്കിലും പുതിയ റോളില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ലോകകപ്പില്‍ ടീമിന്റെ ഉപദേശകനാണ് ധോണി. അദ്ദേഹത്തിന്റെ കണ്‍മുന്നിലാണ് പാക് ടീം ഇന്ത്യയെ കശാപ്പ് ചെയ്തത്. ഇത്രയും വലിയൊരു തോല്‍വി ടി20 ഫോര്‍മാറ്റില്‍ മുമ്പൊരിക്കലും ഇന്ത്യക്കു നേരിട്ടിട്ടില്ല. പത്തു വിക്കറ്റിന് ഈ ഫോര്‍മാറ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് ഇതാദ്യമായിട്ടാണ്.

ധോണി അന്നു പറഞ്ഞത്
2016ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിനു മുമ്പ് ധോണിയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. പാകിസ്താനെതിരേ നമ്മള്‍ 11-0ന് ജയിച്ചുവെന്നത് നിങ്ങള്‍ക്കു തീര്‍ച്ചയായും അഭിമാനം നല്‍കുന്നുണ്ടാവും. എന്നാല്‍ ഒരിക്കല്‍ നമ്മള്‍ തോല്‍ക്കുമെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. ചിലപ്പോള്‍ നമ്മള്‍ ഇന്നു തോറ്റേക്കാം. അല്ലെങ്കില്‍ 20 വര്‍ഷം കഴിഞ്ഞോ, 50 വര്‍ഷം കഴിഞ്ഞോ പരാജയപ്പെട്ടേക്കാം. നിങ്ങള്‍ എല്ലായ്‌പ്പോഴും വിജയിക്കുകയെന്നത് ഒരിക്കലും സംഭവിക്കുകയില്ലെന്നു നിങ്ങള്‍ക്കറിയാമെന്നായിരുന്നു മല്‍സരത്തിനു മുമ്പുള്ള വാര്‍സമ്മേളനത്തില്‍ ധോണി പറഞ്ഞത്.

2016ലെ മല്‍സരം
2016ലെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 10 ലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം. ഒരേ ഗ്രൂപ്പിലായിരുന്നു രണ്ടു ടീമുകളും ഉള്‍പ്പെട്ടിരുന്നത്. 2016 മാര്‍ച്ച് 19ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു ഇന്ത്യ- പാക് ഐതിഹാസിക പോരാട്ടം. കളിയില്‍ ധോണിക്കായിരുന്നു ടോസ്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. തകര്‍പ്പന്‍ ബൗളിങിലൂടെ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ഷാഹിദ് അഫ്രീഡി നയിച്ച പാകിസ്താനു നേടാനായത്. പാക് നിരയില്‍ ആരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. 26 റണ്‍സോടെ ഷുഐബ് മാലിക്കത് ടോപ്‌സ്‌കോററായപ്പോള്‍ അഹമ്മദ് ഷഹ്‌സാദ് 25ഉം ഉമര്‍ അക്മല്‍ 22 റണ്‍സുമെടുത്തു. ഇന്ത്യക്കു വേണ്ടി ആശിഷ് നെഹ്‌റ, ജസപ്രീത് ബുംറ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിങില്‍ ഇന്ത്യ 15.5 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. വിരാട് കോലിയുടെ (55) അപരാജിത ഫിഫ്റ്റിയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. 37 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. യുവരാജ് സിങ് 24 റണ്‍സെടുത്ത് പുറത്തായി. കോലിയും 13 റണ്‍സെടുത്ത നായകന്‍ ധോണിയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

ദയനീയ പരാജയം
ഉപദേശകനായി ധോണി ഒപ്പമുണ്ടായിട്ടും ഇത്തവണത്തെ ടി20 ലോകകപ്പില്‍ വിജയ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കായില്ല. ബാബറിനു കീഴില്‍ കന്നി ലോകകപ്പ് മല്‍സരം കളിച്ച പാക് പട ഇന്ത്യയെ എല്ലാ മേഖലയിലും പിന്നിലാക്കിയാണ് കാത്തിരുന്ന വിജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. പവര്‍പ്ലേയില്‍ തന്നെ മൂന്നിന് 31 റണ്‍സിലേക്കു ഇന്ത്യ വീണിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (3) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പതറി. നായകന്‍ കോലിയുടെ (57) ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്കറും അദ്ദേഹം നേടി. റിഷഭ് പന്താണ് (39) മികച്ച സംഭാവന നല്‍കിയ മറ്റൊരു താരം. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഹസന്‍ അലി രണ്ടു വിക്കറ്റുകള്‍ നേടി. ഷഹീന്‍ അഫ്രീഡിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications