T20 World Cup: മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല, വിലയിരുത്തി ആകാശ് ചോപ്ര
മുംബൈ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നീണ്ട് പോയ ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യയിലാണ് ലോകകപ്പ് നടക്കേണ്ടതെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് യുഎയിലേക്ക് മത്സര വേദി മാറ്റിയേക്കുമെന്നാണ് വിവരം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവാകുന്ന ലോകകപ്പാവും ഇത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും തോറ്റതോടെ വിരാട് കോലിക്ക് മുകളില്‍ സമ്മര്‍ദ്ദം ഏറെയാണ്. ടി20 ലോകകപ്പ് തോറ്റാല്‍ നായകസ്ഥാനത്തെ വരെ അത് ബാധിച്ചേക്കും. പരിശീലകന്‍ രവി ശാസ്ത്രിക്കും നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്. മികച്ച പേസ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇത് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പേസ് നിര എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. മുഹമ്മദ് ഷമി ഇന്ത്യയുടെ മുഖ്യ പരിഗണനയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ആകാശ് വിലയിരുത്തുന്നത്. 'ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെ ഇന്ത്യ നേരിട്ട് പരിഗണിക്കാന്‍ സാധ്യത കുറവാണ്. അവന് അവസരം ലഭിക്കണമെങ്കില്‍ പഞ്ചാബ് കിങ്‌സിനൊപ്പം യുഎഇയില്‍ ഗംഭീര പ്രകടനം നടത്തേണ്ടതായുണ്ട്.
എന്നാല്‍ പഞ്ചാബിനൊപ്പം ദുബായില്‍ അവന്‍ ശരാശരി മാത്രമാണ്. പരിക്കിന് ശേഷമുള്ള മടങ്ങിവരവ് ആയതിനാല്‍ മികച്ച താളം കണ്ടെത്തുക പ്രയാസമാവും. ഷമിക്ക് നേരിട്ട് ടീമിലിടം ലഭിക്കാത്ത ഏക ഫോര്‍മാറ്റ് ടി20യാവും. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റില്‍ തിളങ്ങുകയും അതേ ഫോം ഐപിഎല്‍ രണ്ടാം പാദത്തില്‍ നിലനിര്‍ത്തുകയും ചെയ്താല്‍ തീര്‍ച്ചയായും അവന് ലോകകപ്പ് ടീമിലേക്ക് പരിഗണന ലഭിച്ചേക്കും'-ആകാശ് ചോപ്ര പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും ഷമി ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെങ്കിലും ടി20 യില്‍ ഷമിയുടെ പ്രകടനം അത്ര മികച്ചതല്ല. 30കാരനായ താരം 2014ല്‍ ടി20 അരങ്ങേറ്റം നടത്തിയെങ്കിലും ഇതുവരെ കളിച്ചത് 12 ടി20 മാത്രം. 12 വിക്കറ്റുകള്‍ നേടിയെങ്കിലും ഇക്കോണമി 9.8 ആണ്. 71 ഐപിഎല്ലില്‍ നിന്നായി 68 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയുടെ ഇക്കോണമി 8.81. ഇത് ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ ഇക്കോണമി അല്ല. മികച്ച യുവതാരങ്ങള്‍ അവസരം തേടുന്നതില്‍ ഷമിക്ക് ടീമില്‍ ഇടം പിടിക്കുക പ്രയാസമാണെന്നുറപ്പ്.
'ഷമിയുടെ ടി20 ഫോര്‍മാറ്റിലെ പ്രകടനം വളരെ മികച്ചതെന്ന് പറയാനാവില്ല. ശരാശരി മാത്രമാണവന്‍. ബുംറ,ഭുവനേശ്വര്‍,ദീപക് ചഹാര്‍ എന്നിവര്‍ക്കാവും പ്രഥമ പരിഗണന ലഭിക്കുക. അടുത്തതായി ടി നടരാജനുമുണ്ട്. നടരാജന് ലോകകപ്പിന് മുമ്പായി പരിക്ക് ഭേദമായി ഫോം തെളിയിക്കേണ്ടതായുണ്ട്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications