
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പ് ഫൈനലില്‍ ഇടിമിന്നലായി ഓസ്‌ട്രേലിയന്‍ താരം മിച്ചെല്‍ മാര്‍ഷ്. ടൂര്‍ണമെന്റിന്റെ ഫൈനലിലെ വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് മാര്‍ഷ് തന്റെ പേരില്‍ കുറിക്കുകയായിരുന്നു. ഇതേ കളിയില്‍ തന്നെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ കുറിച്ച റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കകം മാര്‍ഷ് പഴങ്കഥയാക്കിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സില്‍ 32 ബോളുകളില്‍ ഫിഫ്റ്റിയിലെത്തി വില്ല്യംസണ്‍ ആദ്യം റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ഇതിനു ഒരു ദിവസത്തെ ആയുസ് പോലുമുണ്ടാവില്ലെന്ന് ആരും കരുതിക്കാണില്ല. വെറും 31 ബോളുകളില്‍ ഫിഫ്റ്റി തികച്ച് മാര്‍ഷ് റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റുകയായിരുന്നു.
വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കെ സിക്‌സറടിച്ചായിരുന്നു മാര്‍ഷ് ചരിത്രം കുറിച്ച ഫിഫ്റ്റിക്കു അവകാശിയായത്. സ്പിന്നര്‍ ഇഷ് സോധിയെറിഞ്ഞ 14ാം ഓവറിലെ ആദ്യത്തെ ബോള്‍ വൈഡായി മാറി. തൊട്ടടുത്ത ബോള്‍ ലോങ് ഓണിനു മുകളിലൂടെ മാര്‍ഷ് സിക്‌സറിലേക്കു പറത്തുകയായിരുന്നു. ടി20 ലോകകപ്പ് ഫൈനിലെ വേഗമേറിയ ഫിഫ്റ്റികളിലേക്കു വരികയാണെങ്കില്‍ മാര്‍ഷ്, വില്ല്യംസണ്‍ എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്തു രണ്ടു പേരുണ്ട്.

ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ കുമാര്‍ സങ്കക്കാരയും ഇംഗ്ലണ്ടിന്റെ ജോ റൂട്ടുമാണിത്. ഇരുവരും 33 ബോളുകളിലായിരുന്നു ഫിഫ്റ്റിയടിച്ചത്. 2014ല്‍ ഇന്ത്യക്കെതിരേയായിരുന്നു സങ്കക്കാരയുടെ ഫിഫ്റ്റിയെങ്കില്‍ 16ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഫൈനലില്‍ റൂട്ട് ഇതിനൊപ്പമെത്തുകയായിരുന്നു.
ഈ വര്‍ഷം ഓസ്‌ട്രേലിയക്കു വേണ്ടി ടി20യില്‍ ഗംഭീര പ്രകടനമാണ് മാര്‍ഷ് നടത്തിക്കൊണ്ടിരിക്കുന്നത്. 2021ല്‍ കളിച്ച 20 ഇന്നിങ്‌സുകളില്‍ നിന്നും 35.94 ശരാശരിയില്‍ 611 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആറു ഫിഫ്റ്റികളും നാലു 30കളും ഇതിലുള്‍പ്പെടുന്നു. ഇന്നത്തെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ പുറത്താവാതെ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് ഫൈനലിലേക്കു വരികയാണെങ്കില്‍ മാര്‍ഷിന്റെ ഇടിവെട്ട് ഇന്നിങ്‌സ് ടീമിനു കന്നി ടി20 ലോകകപ്പ് നേടിക്കൊടുത്തു. 2010ല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കൈവിട്ട കിരീടം ദുബായില്‍ ഓസീസ് കൈക്കലാക്കുകയായിരുന്നു. 173 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഓസീസിന് കിവീസ് നല്‍കിയത്. ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. പുറത്താവാതെ 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസിന്റെ ഹീറോ. 50 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡേനിഡ് വാര്‍ണറും (53) ഓസീസിനു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സ് കെട്ടഴിച്ചു. 38 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും വാര്‍ണര്‍ നേടി. മാര്‍ഷും ഗ്ലെന്‍ മാക്‌സ്വെല്ലും (28*) ചേര്‍ന്നാണ് വിജയറണ്‍സ് കുറിച്ചത്.
നേരത്തേ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ (85) ഉജ്ജ്വ ഇന്നിങ്‌സായിരുന്നു ന്യൂസിലാന്‍ഡിനെ 172 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചത്. നാലു വിക്കറ്റുകളാണ് ഇതിനിടെ കിവീസ് നഷ്ടപ്പെടുത്തിയത്. 28 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ന്യൂസിലാന്‍ഡിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഓസ്‌ട്രേലിയക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സെമിയില്‍ ജയിച്ച അതേ ടീമിനെ ഓസ്‌ട്രേലിയ ഈ മല്‍സരത്തില്‍ നിലനിര്‍ത്തിയപ്പോള്‍ പരിക്കേറ്റ ഡെവന്‍ കോണ്‍വേയ്ക്കു പകരം ടിം സെയ്‌ഫേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കളിച്ചത്. ഓസീസ് താരം മിച്ചെല്‍ മാര്‍ഷാണ് ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനും അര്‍ഹനായി.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആസം സാംപ, ജോഷ് ഹേസല്‍വുഡ്.