
മാത്യു വേഡ് (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയയുടെ പ്രഥാന ഓപ്പണര്‍മാര്‍ ആരോണ്‍ ഫിഞ്ചു ഡേവിഡ് വാര്‍ണറുമാണ്. രണ്ട് പേര്‍ക്കും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ വാര്‍ണറുടെ സമീപകാല ഫോം വളരെ മികച്ചതല്ല. ഓസീസ് ഓപ്പണര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം പരിഗണിക്കുക മാത്യു വേഡിനെയാവും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വേഡ് ഭേദപ്പെട്ട ടി20 റെക്കോഡുള്ള താരമാണ്. ടീമിന്റെ വിക്കറ്റ് കീപ്പറായി സീനിയര്‍ താരം വേഡിന് അവസരം ലഭിച്ചേക്കും. എന്നാല്‍ ഓപ്പണിങ്ങിലെ പകരക്കാരനായും പ്രധാന പരിഗണന ലഭിക്കുന്നത് വേഡിനാവും. 39 ടി20യില്‍ നിന്ന് 655 റണ്‍സാണ് വേഡ് നേടിയത്. 123.82 എന്ന ഭേദപ്പെട്ട റെക്കോഡുമുണ്ട്. ഓപ്പണറായി 16 ഇന്നിങ്‌സ് കളിച്ച വേഡ് 375 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 144.79.

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ല്‍ ജോണി ബെയര്‍സ്‌റ്റോക്ക് സ്ഥാനം ഉറപ്പാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ബെയര്‍സ്റ്റോ ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിലും തിളങ്ങിയിരുന്നു. ഓപ്പണിങ്ങില്‍ ജേസന്‍ റോയ്-ജോസ് ബട്‌ലര്‍ കൂട്ടുകെട്ടിനാവും ഇംഗ്ലണ്ട് മുഖ്യ പരിഗണന നല്‍കുക. മധ്യനിരയിലാവും ബെയര്‍സ്റ്റോക്ക് സ്ഥാനം ഉണ്ടാവുക. ബട്‌ലര്‍ക്കോ റോയിക്കോ തിളങ്ങാനാവാത്ത പക്ഷം ബെയര്‍സ്റ്റോയെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചേക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണറായി മികച്ച റെക്കോഡ് താരത്തിനുണ്ട്. സെഞ്ച്വറിയും നേടിയിട്ടുണ്ട്. 137.23 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍ 376 റണ്‍സ് ഓപ്പണറെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ഇഷാന്‍ കിഷന്‍ (ഇന്ത്യ)
മിന്നും ഫോമില്‍ കളിക്കുന്ന ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കാണണം. എന്നാല്‍ ഓപ്പണിങ്ങില്‍ പകരക്കാരനായി മുഖ്യ പരിഗണന ലഭിക്കുക ഇഷാനാവും. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ എന്നീ സൂപ്പര്‍ ഓപ്പണര്‍മാര്‍ ഇന്ത്യക്കുണ്ട്. രണ്ട് പേരും ഇതിനോടകം മികവ് കാട്ടിയിട്ടുള്ള താരങ്ങളാണ്. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഓപ്പണിങ്ങില്‍ ഇഷാനെ പരിഗണിക്കും. ഇടം കൈയന്‍ ഓപ്പണറായ ഇഷാന്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്. മുംബൈ ഇന്ത്യന്‍സിനായി ഓപ്പണിങ്ങിലും മധ്യനിരയിലും ഇഷാന്‍ തിളങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിന,ടി20 അരങ്ങേറ്റ മത്സരങ്ങളില്‍ ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഓപ്പണിങ്ങിലിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ഇഷാന്‍.

ഡെവോന്‍ കോണ്‍വെ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡിന്റെ ഓപ്പണര്‍മാരായി മുഖ്യ പരിഗണന ലഭിക്കുക മാര്‍ട്ടിന്‍ ഗുപ്റ്റിലിനും ടിം സീഫെര്‍ട്ടിനുമാവും. രണ്ട് പേര്‍ക്കും മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്. ഡെവോന്‍ കോണ്‍വേയെ നാലാം നമ്പറിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഓപ്പണര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയോ മാറ്റം വേണ്ടിവരികയോ ചെയ്താല്‍ കോണ്‍വെക്ക് അവസരം ലഭിക്കും. വമ്പനടിക്കാരനെന്ന പറയാനാവില്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ്. സമീപകാലത്തെ പ്രകടനങ്ങളും മികച്ചതാണ്.

റീസ ഹെന്‍ഡ്രിക്‌സ് (ദക്ഷിണാഫ്രിക്ക)
ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. മരണ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ഓസ്‌ട്രേലിയ എന്നിവരോടൊപ്പമാണ് ദക്ഷിണാഫ്രിക്കയുടെ സ്ഥാനം. ക്വിന്റന്‍ ഡീകോക്ക്-എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ക്കാണ് ദക്ഷിണാഫ്രിക്ക ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന നല്‍കുന്നത്. ബാക്ക് അപ് ഓപ്പണറായി പരിഗണിക്കുന്നത് റീസ ഹെന്‍ഡ്രിക്‌സിനെയാണ്. 36 മത്സരത്തില്‍ നിന്ന് 993 റണ്‍സ് താരം നേടിയിട്ടുണ്ട്. 122.9 ആണ് സ്‌ട്രൈക്കറേറ്റ്. ഓപ്പണറെന്ന നിലയില്‍ 945 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 124.34 ആണ് സ്‌ട്രൈക്കറേറ്റ്.

ഫഖര്‍ സമാന്‍ (പാകിസ്താന്‍)
ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലുള്ള ടീമാണ് പാകിസ്താന്‍. മികച്ച ടീം കരുത്തുള്ള പാകിസ്താന്റെ ഓപ്പണര്‍മാരായി ബാബര്‍ അസാമും മുഹമ്മദ് റിസ്വാനും ഇറങ്ങാനാണ് സാധ്യത. രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളാണ്. ബാക് അപ് ഓപ്പണറായി ടീമിലുള്ളത് ഫഖര്‍ സമാനാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും ടി20 ഫോര്‍മാറ്റിലെ സ്‌ട്രൈക്കറേറ്റ് അത്ര മികച്ചതല്ല. ഓപ്പണറെന്ന നിലയില്‍ 812 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ആന്‍ഡ്രേ ഫ്‌ളച്ചര്‍ (വെസ്റ്റ് ഇന്‍ഡീസ്)
കരുത്തുറ്റ താരനിരയുമാണ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയുമെത്തുന്നത്. എവിന്‍ ലെവിസ്-ലിന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ക്കാവും ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന ലഭിക്കുക. ക്രിസ് ഗെയ്ല്‍ ടീമിലുണ്ടെങ്കിലും സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ ഓപ്പണിങ്ങില്‍ സ്ഥാനം ലഭിച്ചേക്കില്ല. ബാക് അപ് ഓപ്പണറായി ആന്‍ഡ്രേ ഫ്‌ളച്ചറെയാവും പരിഗണിക്കുക. സിപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ഓപ്പണറെന്ന നിലയില്‍ 34 ഇന്നിങ്‌സില്‍ നിന്ന് 595 റണ്‍സാണ് താരം നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്ഥാന്‍)
വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് സീനിയര്‍ താരം മുഹമ്മദ് ഷഹ്‌സാദ്. താരത്തെ ഏത് ബാറ്റിങ് പൊസിഷനിലേക്കാണ് ടീം ഉപയോഗിക്കുകയെന്നത് കണ്ടറിയണം. ഓപ്പണറെന്ന നിലയില്‍ 1523 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. അതും 140.11 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ അമിത ശരീരഭാരമുള്ള ഷഹ്‌സാദിനെ മുഖ്യ ഓപ്പണറായി പരിഗണിക്കാന്‍ സാധ്യത കുറവാണ്.


Click it and Unblock the Notifications











