T20 World Cup: ഇന്ത്യയോ, ന്യൂസിലാന്‍ഡോ, ആര് നേടും? ഈ പോരാട്ടങ്ങള്‍ നിര്‍ണായകം
ടി20 ലോകകപ്പില്‍ ഞായറാഴ്ച ടീം ഇന്ത്യ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. സൂപ്പര്‍ 12ലെ രണ്ടാംറൗണ്ടില്‍ അപകടകാരികളായ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ഇന്ത്യക്കു കിവികളെ കീഴടക്കിയേ തീരൂ. ആദ്യ മല്‍സരത്തില്‍ പാകിസ്താനോടേറ്റ വന്‍ പരാജയമാണ് ഇന്ത്യയ്ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുന്നത്. ഇനിയൊരു തോല്‍വി കൂടി നേരിട്ടാല്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും സെമി സാധ്യത കൂടുതല്‍ അവതാളത്തിലാവും.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. അടുത്ത കാലത്തൊന്നും ന്യൂസിലാന്‍ഡിനെ ഐസിസി ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഏറ്റവും അവസാനമായി ഈ വര്‍ഷം ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അവസാന പോരാട്ടം. അന്നു എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ പരാജയം. 2003നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍പ്പോലും ന്യൂസിലാന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ല. ഞായറാഴ്ചത്ത സൂപ്പര്‍ 12 മല്‍സരത്തില്‍ ചില താര പോരാട്ടങ്ങളായിരിക്കും കളിയുടെ വിധി നിര്‍ണയിക്കുന്നത്.

കോലി x സൗത്തി (11 തവണ പുറത്താക്കി)
ഇന്ത്യന്‍ നായകന്റെ ഉറക്കം കെടുത്തിയിട്ടുള്ള ബൗളറാണ് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. ഇതുവരെ 11 തവണ അദ്ദേഹം കോലിയുടെ വിക്കറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ തീര്‍ച്ചയായും സൗത്തിയെ കോലി ഭയപ്പെട്ടേ തീരൂ. ടി20യില്‍ രണ്ടു തവണയാണ് കിവീസ് സ്പീഡ് സ്റ്റാര്‍ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. ഏകദിനത്തില്‍ ആറും ടെസ്റ്ററില്‍ മൂന്നും തവണ സൗത്തിക്കു കോലിയുടെ വിക്കറ്റ് ലഭിച്ചു. കൃത്യമായ പ്ലാനിങോടെ തന്നെ സൗത്തിക്കെതിരേ കോലി അടുത്ത മല്‍സരത്തില്‍ ഇറങ്ങേണ്ടതുണ്ട്.
സൗത്തിയെക്കൂടാതെ കൈല്‍ ജാമിസണും കോലിക്കു വെല്ലുവിളിയുയര്‍ത്തുന്ന ബൗളറാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിന്നിങ്‌സിലും അദ്ദേഹം കോലിയുടെ വിക്കറ്റെടുത്തിരുന്നു.

ഗുപ്റ്റില്‍ x ബുംറ
ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ഇന്ത്യക്കെതിരേ ടി20യില്‍ മോശം റെക്കോര്‍ഡാണുള്ളത്. 12 മല്‍സരങ്ങളില്‍ നിന്നും 17 പ്ലസ് ശരാശരിയില്‍ 208 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ടി20യില്‍ അഞ്ചു തവണ ഗപുപ്റ്റിലിനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത കളിയിലും ഗുപ്റ്റിലിന്റെ വിക്കറ്റെടുക്കാനുള്ള ചുമതല ബുംറയ്ക്കായിരിക്കും. ഇത് ഒഴിവാക്കാന്‍ ഗുപ്റ്റിലിനു സാധിക്കുമോയെന്നാണ് അറിയേണ്ടത്.

വില്ല്യംസണ്‍ x അശ്വിന്‍
ന്യൂസിലാന്‍ഡ് ടീമിലെ ഏറ്റവും വലിയ വിക്കറ്റ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിന്റേതാണ്. ഇന്ത്യക്കെതിരേ മികച്ച പ്രകടനമാണ് അദ്ദേഹം നേരത്തേ നടത്തിയിട്ടുള്ളത്. 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 325 റണ്‍സ് വില്ല്യംസണ്‍ നേടിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തുന്നതില്‍ മിടുക്കനാണ് അദ്ദേഹം. ടെസ്റ്റില്‍ അഞ്ചു തവണ വില്ല്യംസണിന്റെ വിക്കറ്റെടുത്തിട്ടുള്ള ആര്‍ അശ്വിനെ ഇന്ത്യ ഞായറാഴ്ച കളിപ്പിച്ചേക്കും. പാകിസ്താനെതിരായ ആദ്യ കളിയില്‍ അശ്വിനെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു.

രോഹിത് x ബോള്‍ട്ട്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുള്ള വീക്ക്‌നെസ് പരസ്യമായ രഹസ്യമാണ്. കിവീസിനെതിരേ ഹിറ്റ്മാന്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ തന്നെയാണ്. വിവിധ ഫോര്‍മാറ്റുകളിലായി എട്ടു തവണ രോഹിത്തിനെ ബോള്‍ട്ട് പുറത്താക്കിയിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലില്‍ താന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായതിനാല്‍ നെറ്റ്‌സില്‍ പല തവണ ബോള്‍ട്ടിനെ നേരിട്ടത് രോഹിത്തിന് ഗുണം ചെയ്‌തേക്കും. പക്ഷെ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം. കാരണം ബൗളിങില്‍ പല വേരിയേഷനുകളും വരുത്താന്‍ മിടുക്കനാണ് ബോള്‍ട്ട്. പാകിസ്താനെതിരായ ആദ്യ കളിയില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡി ഗോള്‍ഡന്‍ ഡെക്കായി രോഹിത്തിനെ പുറത്താക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications