For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഈ അബദ്ധങ്ങള്‍ ഇന്ത്യ ഒഴിവാക്കണം, എങ്കില്‍ കപ്പ് കോലി തന്നെ ഉയര്‍ത്തും!

രണ്ടാം ലോകകിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

രണ്ടാം ലോകകിരീടമെന്ന സ്വപ്‌നവുമാണ് ഇന്ത്യ ടീം ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇറങ്ങുന്നത്. 2007ലെ പ്രഥമ ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ രണ്ടാം ട്രോഫിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് കൂടിയാണിത്. ടൂര്‍ണമന്റിനു ശേഷം ടി20 ടീമന്റെ ക്യാപ്റ്റന്‍സി ഒഴിയുമെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും ഈ ലോകകപ്പ് വളരെ സ്‌പെഷ്യലാണ്. ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം പരിശീലകസ്ഥാനത്തു നിന്നു പടിയിറങ്ങുകയാണ്.

കോലിക്കു കീഴില്‍ ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല. ഈ കിരീടവരള്‍ച്ചയ്ക്കും യുഎഇയില്‍ ഇന്ത്യക്കു അറുതിയിടേണ്ടതുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കപ്പടിക്കണമെങ്കില്‍ ചില അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 സാഹചര്യം മനസ്സിലാക്കി തീരുമാനം

സാഹചര്യം മനസ്സിലാക്കി തീരുമാനം

യുഎഇയിലെ പിച്ചും സാഹചര്യവും കൂടി മനസ്സിലാക്കിയാവണം ഇന്ത്യ ഉചിതമായ തീരമാനമെടുക്കേണ്ടത്. നേരത്തേ പല തവണ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ള അബദ്ധമാണിത്. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഇതിനു നല്ല ഉദാഹരണമാണ്. അന്നു പാകിസ്താനെതിരേ വിരാട് കോലിക്കായിരുന്നു ടോസ്. പക്ഷെ ആദ്യം ബാറ്റ് ചെയ്യേണ്ട പിച്ചില്‍ അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കകുയായിരുന്നു. ഇന്ത്യ ദുരന്തത്തില്‍ കലാശിക്കുകയും ടീം വമ്പന്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
ഇത്തവണ ഇങ്ങനെയൊരു അബദ്ധം സംഭവിക്കരുതെന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയെ ടീമിന്റെ ഉപദേശകനായി നിയമിച്ചിരിക്കുന്നത്. സാഹചര്യം മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തെപ്പോലെ മിടുക്കുള്ളവര്‍ അധികമില്ല. അതിനാല്‍ തന്നെ ഇത്തവണ ഇന്ത്യയുടെ ഭാഗത്തു നിന്നും ഈ അബദ്ധം സംഭവിക്കില്ലെന്നു പ്രതീക്ഷിക്കാം.

 നോ ബോളുകള്‍ ഒഴിവാക്കണം

നോ ബോളുകള്‍ ഒഴിവാക്കണം

ടി20 ക്രിക്കറ്റില്‍ നോ ബോളുകള്‍ക്കു മറ്റു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം ഒരൊറ്റ നോ ബോള്‍ ചിലപ്പോള്‍ മല്‍സരഫലം തന്നെ മാറ്റി മറിച്ചേക്കാം. പക്ഷെ ഏകദിനത്തില്‍ നോ ബോള്‍ ഇത്ര വലിയ ഇംപാക്ടുണ്ടാക്കില്ല. 2016ലെ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെ സംഭവം പലരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു പോരാട്ടം. ഏഴാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ ആര്‍ അശ്വിന്‍ ബൗണ്ടറി വഴങ്ങിയിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചുവന്ന അശ്വിന്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സിനെ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ചു. പക്ഷെ ഇതു നോ ബോളായതോടെ ഇന്ത്യ നിരാശരായി. ഫലമാവട്ടെ പുറത്താവാതെ 82 റണ്‍സ് അടിച്ചെടുത്ത സിമ്മണ്‍സ് ഇന്ത്യയെ ഏഴു വിക്കറ്റിന്റെ തോല്‍വിയിലേക്കു തള്ളിയിടുകയും ചെയ്തു.
അശ്വിന്‍ മാത്രമായിരുന്നില്ല ഹാര്‍ദിക് പാണ്ഡ്യയും നോ ബോളെറിഞ്ഞ് സിമ്മണ്‍സിനെ അന്നു രക്ഷിച്ചിരുന്നു. സിമ്മണ്‍സ് 50 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാനെ ജസ്പ്രീത് ബുംറ തുടക്കത്തില്‍ പുറത്താക്കിയെങ്കിലും അതു നോബോളായതോടെ രക്ഷപ്പെട്ടു. പിന്നീട് സെഞ്ച്വറിയടിച്ച ഫഖര്‍ പാക് ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു.

 മുന്‍നിരയുടെ തകര്‍ച്ച

മുന്‍നിരയുടെ തകര്‍ച്ച

നിര്‍ണായക മല്‍സരങ്ങളില്‍ മുന്‍നിര ബാറ്റിങ് തകര്‍ച്ച നേരിടുകയാണെങ്കില്‍ ഇന്ത്യക്കു വിജയം ദുഷ്‌കരമായി തീരും. അതുകൊണ്ടു തന്നെ ഇത്തരം മല്‍സരങ്ങളില്‍ മുന്‍നിരയില്‍ നിന്നും മികച്ച സംഭാവന ടീമിനു ലഭിച്ചേ തീരൂ. ലോകകപ്പില്‍ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള രണ്ടു പേരും ലോകകപ്പില്‍ ഫോം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റുകളിലും രാഹുല്‍-രോഹിത് സഖ്യമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഈ ജോടി ടീമിനു മികച്ച തുടക്കം നല്‍കുകയും ചെയ്തിരുന്നു. സമാനമായ പ്രകടനമാണ് ലോകകപ്പിലും ഇന്ത്യക്കു വേണ്ടത്.
വലിയ ടൂര്‍ണമെന്റുകളിലെ നിര്‍ണായക മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഫ്‌ളോപ്പാവുന്നത് പതിവുകാഴ്ചയാണ്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേയും ഇതു നമ്മള്‍ കണ്ടതാണ്.

 നിര്‍ണായക മല്‍സരങ്ങളില്‍ സര്‍പ്രൈസ് താരം

നിര്‍ണായക മല്‍സരങ്ങളില്‍ സര്‍പ്രൈസ് താരം

നിര്‍ണായക മല്‍സരങ്ങളില്‍ ഏതെങ്കിലുമൊരു സര്‍പ്രൈസ് താരത്തെ പരീക്ഷിക്കുന്ന പതിവ് ലോകകപ്പില്‍ ഇന്ത്യ ഉപേക്ഷിക്കണം. ഐസിസി ടൂര്‍ണമെന്റുകളിലെ മല്‍സരങ്ങള്‍ സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ പുതിയൊരു താരത്തെ പരീക്ഷിക്കുകയാണെങ്കില്‍ അയാള്‍ക്കു ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയണമെന്നില്ല. പരിചയസമ്പത്തുള്ള താരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാവും ഇത്തരം മല്‍സരങ്ങളില്‍ ടീമിനു ഗുണം ചെയ്യുക.
ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ അനുഭവസമ്പത്ത് കുറഞ്ഞ പല കളിക്കാരുമുണ്ട്. അതിനാല്‍ തന്നെ ടീം സെലക്ഷനില്‍ ഇന്ത്യ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. പ്രത്യേകിച്ചും നിര്‍ണായക മല്‍സരങ്ങളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളിലൊന്നും കളിക്കാത്ത ബാറ്ററെയോ, ബൗളറെയോ നിര്‍ണായക മല്‍സരത്തില്‍ പരീക്ഷിക്കാന്‍ ഇന്ത്യ ശ്രമിക്കരുത്. ചിലപ്പോള്‍ ഇതിനു വലിയ വില തന്നെ ഇന്ത്യക്കു നല്‍കേണ്ടി വന്നേക്കാം.

Story first published: Thursday, October 7, 2021, 18:52 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+