
അബുദാബി: ഐസിസിയുടെ ടി20 ലോകപ്പില്‍ ഒടുവില്‍ ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്താനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ശരിക്കും ഇന്ത്യയായി. 66 റണ്‍സിന്റെ ഉജ്ജ്വല ജയത്തോടെ വിരാട് കോലിയും സംഘവും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യയുടെ കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഈ കളിയില്‍ കണ്ടത്. ആദ്യം ബാറ്റിങിലും പിന്നാലെ ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ കത്തിക്കയറി.
211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു അഫ്ഗാന് ഇന്ത്യ നല്‍കിയത്. മറുപടിയില്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ അഫ്ഗാന്റെ റണ്‍ചേസ് പാളി. അഞ്ചു വിക്കറ്റിനു 69 റണ്‍സിലേക്കു അ്ഫ്ഗാന്‍ കൂപ്പുകുത്തിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. ഏഴു വിക്കറ്റിന് 144 റണ്‍സെടുത്ത് അഫ്ഗാന്‍ പോരാട്ടമവസാനിപ്പിക്കുകയായിരുന്നു. പുറത്താവാതെ 42 റണ്‍സെടുത്ത കരീം ജന്നത്താണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 22 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ക്യാപ്റ്റന്‍ മുഹമ്മദ് നബി 32 ബോൡ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 35 റണ്‍സ് നേടി. മറ്റാരും തന്നെ 20 റണ്‍സിലെത്തിയില്ല. റഹ്മാനുള്ള ഗുര്‍ബാസ് (19), ഗുല്‍ബദിന്‍ നയ്ബ് (18), ഹസ്‌റത്തുള്ള സസായ് (13), നജീബുള്ള സദ്രാന്‍ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് മുഹമ്മദ് ഷമിയും ആര്‍ അശ്വിനുമായിരുന്നു. ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ടു പേരെ പുറത്താക്കിയത്. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി രണ്ടോവര്‍ ബൗള്‍ ചെയ്തു. പക്ഷെ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.
നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 210 റണ്‍സ് വാരിക്കൂട്ടിയത്. ഇന്ത്യക്കു വേണ്ടി ബാറ്റ് വീശിയവരെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ഇന്ത്യയുടെ മുഖ്യ സ്‌കോറര്‍മാര്‍. രോഹിത് 74 റണ്‍സെടുത്തപ്പോള്‍ 69 റണ്‍സുമായി രാഹുല്‍ മികച്ച പിന്തുണയേകി. വെറും 47 ബോൡലാണ് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം രോഹിത് 74 റണ്‍സ് നേടിയതെങ്കില്‍ രാഹുല്‍ 48 ബോളിലാണ് 69 റണ്‍സെടുത്തത്. ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട റിഷഭ് പന്തും (27*) നാലാമനായെത്തിയ ഹാര്‍ദിക് പാണ്ഡ്യയും (35*) ചേര്‍ന്നു ഫിനിഷിങ് ഗംഭീരമാക്കുകയും ചെയ്തു. കേവലം 13 ബോളില്‍ നിന്നാണ് ഹാര്‍ദിക് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 35 റണ്‍സിലെത്തിയത്. റിഷഭാവട്ടെ 13 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലേയും പോലെ ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെട്ടിരുന്നു. അഫ്ഗാന്റെ മികച്ച ബൗളിങ് നിരയ്‌ക്കെതിരേ ഇന്ത്യ പതറുമോയെന്നതായിരുന്നു ആശങ്കയ്ക്കു കാരണം. എന്നാല്‍ ഓപ്പണിങിലേക്കു തിരിച്ചെത്തിയ രോഹിത്- രാഹുല്‍ ജോടി എല്ലാ ആശങ്കകള്‍ക്കും ഉജ്ജ്വല ബാറ്റിങിലൂടെ മറുപടി നല്‍കി. ശ്രദ്ധയോടെയും ഒപ്പം അഗ്രസീവുമായിട്ടായിരുന്നു രണ്ടു പേരും കളിച്ചത്. അഫ്ഗാന്റെ പേസ്- സ്പിന്‍ ആക്രമണത്തെ അതിജീവിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 140 അടിച്ചെടുത്തു. ഇതിനിടെ രോഹിത്തും രാഹുലും ഫിഫ്റ്റിയും തികച്ചിരുന്നു.
15ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ രോഹിത് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. കരീം ജന്നത്തിന്റെ ബൗളിങില്‍ മുഹമ്മദ് നബിയാണ് ഹിറ്റ്മാനെ പിടികൂടിയത്. സ്‌കോറിലേക്കു ഏഴു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും മറ്റൊരു ഓപ്പണറായ രാഹുലും മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകര്‍ ചെറുതായൊന്നു ഭയന്നു. മികച്ച തുടക്കം മുതലാക്കാനാവാതെ ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിടുമോയെന്നതായിരുന്നു സംശയം. എന്നാല്‍ ടീമേല്‍പ്പിച്ച ഫിനിഷര്‍മാരുടെ ദൗത്യം റിഷഭ്- ഹാര്‍ദിക് ജോടി മനോഹരമായി നിറവേറ്റിയതോടെ റണ്‍മഴ പെയ്തു. കരിയറിന്‍െ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലായിരുന്നു ഈ കളിയില്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ്. റിഷഭും തകര്‍ത്തടിച്ചു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് രണ്ടു പേരും കൂടി വാരിക്കൂട്ടി. അഫ്ഗാനു വേണ്ടി ഏഴു പേരാണ് കളിയില്‍ ബൗള്‍ ചെയ്തത്. ഇവരില്‍ വിക്കറ്റ് ലഭിച്ചത് നവീനുള്‍ ഹഖിനും കരീം ജന്നത്തിനും മാത്രമായിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്തു.

നിര്‍ണായകമായ മൂന്നാമങ്കത്തിലും ഇന്ത്യ ടോസ് കൈവിടുകയായിരുന്നു. അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കാണ് മല്‍സരത്തില്‍ ടോസ് ലഭിച്ചത്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷം ഇന്ത്യന്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നടുവേദനയെ തുടര്‍ന്നു കിവീസിനെതിരേ പുറത്തിരുന്ന സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി. ഇതോടെ ഇഷാന്‍ കിഷനാണ് സ്ഥാനം നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തിക്കു പകരം പരിചയസമ്പന്നനായ ആര്‍ അശ്വിനും ടീമിലേക്കു വന്നു.
ടൂര്‍ണമെന്റില്‍ അശ്വിന്റെ ആദ്യ മല്‍സരം കൂടിയാണിത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഓപ്പണിങ് കോമ്പിനേഷനില്‍ നടത്തിയ പരീക്ഷണം പാളിയിരുന്നു. രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്കു ഇറക്കി പകരം കെഎല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ഓപ്പണ്‍ ചെയ്തത്. പക്ഷെ ഈ നീക്കം ഫ്‌ളോപ്പായി മാറി. അഫ്ഗാനെതിരേ രോഹിത്- രാഹുല്‍ ഓപ്പണിങ് കോമ്പിനേഷനെ തന്നെ ഇന്ത്യ തിരികെ കൊണ്ടുവരികയായിരുന്നു.
കിരീട ഫേവറിറ്റുകളായി ലോകകപ്പിനെത്തിയ ഇന്ത്യ കനത്ത പരാജയത്തോടെയായിരുന്നു തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഇത്തവണ ചിരവൈരികളായ പാകിസ്താനോടു ലോകകപ്പില്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ആദ്യ കളിയില്‍ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. പൊരുതാന്‍ പോലും ശ്രമിക്കാതെയായിരുന്നു കോലിയും സംഘവും കളി അടിയറവ് വച്ചത്. ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷെ ഭയവും സമ്മര്‍ദ്ദവും ഇന്ത്യയെ കീഴടക്കി. എട്ടു വിക്കറ്റിന്റെ വന്‍ പരാജയത്തോടെ ഇന്ത്യ ഒരിക്കല്‍ക്കൂടി ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, ഹമീദ് ഹസന്‍, നവീനുള്‍ ഹഖ്.