T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ മികച്ച വിജയത്തിന്റെ പുത്തനുണര്‍വോടെ ഇന്ത്യന്‍ ടീം അടുത്ത മല്‍സരത്തിന് ഇറങ്ങുന്നു. വെള്ളിയാഴ്ച സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ സ്‌കോട്ട്‌ലാന്‍ഡുമായാണ് വിരാട് കോലിയും സംഘവും ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മല്‍സരം. രണ്ടു വമ്പന്‍ തോല്‍വികള്‍ക്കു ശേഷം ബുധനാഴ്ച നടന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനെ 66 റണ്‍സിനു ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷ ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.
അഫ്ഗാനെതിരേ നേടിയതു പോലെയൊരു വിജയമാണ് സ്‌കോട്ട്‌ലാന്‍ഡിനെതിരേയും ഇന്ത്യ ലക്ഷ്യമിടുന്നത്. വിജയമാര്‍ജിന്‍ അതിനേക്കാള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും ഇന്ത്യ ആലോചിക്കുന്നത്. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അഫ്ഗാനെതിരായ വിജയം നെറ്റ് റണ്‍റേറ്റ് മൈനസില്‍ നിന്നും പ്ലസിലെത്തിക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. മാത്രമല്ല പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം ടീം മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും സ്‌കോട്ട്‌ലാന്‍ഡും നേരത്തേ ഒരു തവണ മാത്രമേ ടി20യില്‍ ഏറ്റുമുട്ടിയിട്ടുള്ളൂ. ഈ മല്‍സരം പക്ഷെ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തില്‍
അഫ്ഗാനിസ്താനെതിരായ കളിയില്‍ നേടിയ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ആദ്യ രണ്ടു മല്‍സരങ്ങളിലും കണ്ട ഇന്ത്യന്‍ സംഘത്തെയല്ല അഫ്ഗാനെതിരേ കണ്ടത്. പോസിറ്റീവ് ചിന്താഗതിയോടെയായിരുന്നു ഇന്ത്യന്‍ ടീം അഫ്ഗാനെതിരേ കളിച്ചത്. താരങ്ങളുടെ ശരീരഭാഷയില്‍ ഇതു പ്രകടവുമായിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യക്കു നഷ്ടപ്പെട്ട താളം വീണ്ടെടുക്കാന്‍ കഴിഞ്ഞു.
സ്‌കോട്ട്‌ലാന്‍ഡിനെതിരേയും ഇതു നിലനിര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ശ്രമം. ബാറ്റിങ്, ബൗളിങ് നിര ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ മികവിലേക്കുയര്‍ന്നത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്.

ടീമില്‍ മാറ്റമുണ്ടായേക്കില്ല
ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്ത ടീം കോമ്പിനേഷനാണ് പരീക്ഷിച്ചത്. എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഇന്ത്യ ഈ പരീക്ഷണം അവസാനിപ്പിക്കുമെന്നുറപ്പാണ്. അഫ്ഗാനിസ്താനെതിരായ കളിയില്‍ ജയിച്ച അതേ വിന്നിങ് കോമ്പിനേഷന്‍ നിലനിര്‍ത്തിയാവും ഇന്ത്യ ഇറങ്ങുക.
പരിക്കില്‍ നിന്നും മോചിതനായി സൂര്യകുമാര്‍ യാദവും പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അഫ്ഗാനെതിരേ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ അശ്വിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഗംഭീര പ്രകടനത്തോടെ അദ്ദേഹം അതു ആഘോഷിക്കുകയും ചെയ്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അശ്വിന്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 2017നു ശേഷം ഇന്ത്യക്കു വേണ്ടി അദ്ദേഹത്തിന്റെ ആദ്യത്തെ ടി20 മല്‍സരം കൂടിയായിരുന്നു ഇത്.

ഓപ്പണിങ് ക്ലിക്കായി
ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കവാതിരുന്നതായിരുന്നു ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ആദ്യ രണ്ടു കളികളില്‍ ഇന്ത്യന്‍ പരാജയത്തിനു മുഖ്യകാരണം. എന്നാല്‍ അഫ്ഗാനെതിരേ ഇന്ത്യ ഇതിന്റെ ക്ഷീണ തീര്‍ത്തു. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടി ടീമിനു ആഗ്രഹിച്ച തുടക്കം തന്നെ നല്‍കി. ഇരുവരുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറ പാകിയത്.
74 റണ്‍സുമായി രോഹിത് ടോപ്‌സ്‌കോററായിരുന്നു. 47 ബോളില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. രാഹുലാവട്ടെ 48 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 69 റണ്‍സും നേടി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരുവരും 140 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

ഹാര്‍ദിക്കിന്റെ ഫോം
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസിനോടൊപ്പം ഫോമും വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാംപിനെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ സെലക്ടര്‍മാര്‍ക്കു നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഫ്ഗാനെതിരായ കളിയിലെ മികച്ച പ്രകടനത്തോടെ താന്‍ ടീമിനു എത്രമാത്രം പ്രധാനപ്പെട്ട താരമാണെന്നു ഹാര്‍ദിക് കാണിച്ചുതന്നു.
കരിയറിലെ ഏറ്റവും മികച്ച കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം ബാറ്റ് വീശിയത്. വെറും 14 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 35 റണ്‍സ് ഹാര്‍ദിക് വാരിക്കൂട്ടിയിരുന്നു. ആറാം ബൗളറായി അദ്ദേഹം രണ്ടോവര്‍ ബൗള്‍ ചെയ്യുകയും ചെയ്തു. പക്ഷെ ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനായില്ല. രണ്ടോവറില്‍ വിക്കറ്റില്ലാതെ 23 റണ്‍സാണ് താരം വഴങ്ങിയത്. എങ്കിലും പഴയ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയ ഹാര്‍ദിക് ടൂര്‍ണമെന്റ് മുന്നോട്ടുപോകവെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

സ്‌കോട്ട്‌ലാന്‍ഡിനെ ഭയക്കണോ?
സൂപ്പര്‍ 12ല്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട സ്‌കോട്ട്‌ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചതാണ്. എങ്കിലും ചില മികച്ച കളിക്കാര്‍ സ്‌കോട്ടിഷ് സംഘത്തിലുണ്ട്. ക്യാപ്റ്റന്‍ കൈല്‍ കോട്‌സര്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഓപ്പണറാണ്. ഓള്‍റൗണ്ടര്‍ റിച്ചി ബെറിങ്ടണ്‍ അവരുടെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ്. മറ്റൊരു ഓള്‍റൗണ്ടറായിട്ടുള്ള മൈക്കല്‍ ലീസ്‌കിനെയും സൂക്ഷിക്കണം.
വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ക്രോസ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു ഭീഷണിയായേക്കും. ബൗളിങില്‍ ഫാസ്റ്റ് ബൗളര്‍ സഫ്യാന്‍ ഷരീഫ്, ബ്രാഡ് വീല്‍ എന്നിവരാണ് സ്‌കോട്ടിഷ് ടീമിലെ മുന്‍നിര താരങ്ങള്‍.
സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ അഫ്ഗാനിസ്താനോടു 130 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെയായിരുന്നു സ്‌കോട്ടിഷ് ടീം തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തു. നമീബിയയോടു നാലു വിക്കറ്റിനും കരുത്തരായ ന്യൂസിലാന്‍ഡിനോടു 16 റണ്‍സിനുമായിരുന്നു സ്‌കോട്ട്‌ലാന്‍ഡ് കീഴടങ്ങിയത്. കിവീസിനെതിരേയായരുന്നു സ്‌കോട്ടിഷ് ടീം ഏറ്റവും മികച്ച കളി പുറത്തെടുത്തത്.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (വിക്കറ്റ് കീപ്പര്‍), മാത്യു ക്രോസ്, റിച്ചി ബെറിങ്ടണ്‍, കലും മക്ക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷരീഫ്, അലെസ്ഡയര്‍ ഇവാന്‍സ്, ബ്രാഡ്‌ലി വീല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications