
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളഞ്ഞ് ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാത്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിനെ നാലാമങ്കത്തില്‍ അസോസിയേറ്റ് ടീമായ സ്‌കോട്ട്‌ലാന്‍ഡിന് ഇന്ത്യയുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെ ഇന്ത്യ പിന്തള്ളുകയും ചെയ്തു.
വെറും 86 റണ്‍സ് മാത്രമായിരുന്നു കളിയില്‍ ഇന്ത്യക്കു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്ത്യ ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും 7.1 ഓവറില്‍ തന്നെ ലക്ഷ്യം കൈവരിക്കാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെ പിന്തള്ളാന്‍ ഇന്ത്യക്കു കഴിയുമായിരുന്നുള്ളൂ. അത് ഇന്ത്യ സാധിച്ചെടുക്കുകയും ചെയ്തു. 6.3 ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു ഇന്ത്യ വിജയം വരുതിലാക്കി. കെഎല്‍ രാഹുലിന്റെ (50) ഫിഫ്റ്റിയും രോഹിത് ശര്‍മയുടെ (30) ഇന്നിങ്‌സുമാണ് ആഗ്രഹിച്ചതു പോലെ കളി ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. വെറും 18 ബോളിലായിരുന്നു രാഹുലിന്റെ ഫിഫ്റ്റി. രോഹിത്താവട്ടെ 16 ബോളിലാണ് അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 30 റണ്‍സ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ ജോടി 4.6 ഓറില്‍ 70 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും (2*) സൂര്യകുമാര്‍ യാദവും (6*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.

നേരത്തേ ഇന്ത്യയുടെ പേസ്- സ്പിന്‍ ആക്രമണത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് കടപുഴകുകയായിരുന്നു. 17.4 ഓവറില്‍ വെറും 85 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. സ്‌കോട്ടിഷ് നിരയില്‍ 20ന് മുകളില്‍ നേടിയത് രണ്ടു പേര്‍ മാത്രമായിരുന്നു. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സേയാണ് സ്‌കോട്ടിഷ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 19 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണിത്. മൈക്കല്‍ ലീസ്‌കാണ് (21) മറ്റൊരു പ്രധാന സ്‌കോറര്‍. കലും മക്ക്‌ലിയോഡ് (16), മാര്‍ക്ക് വാട്ട് (14) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് സ്‌കോട്ട്‌ലാന്‍ഡിനെ നാണംകെടുത്തിയത്. ജഡേജ നാലോവറില്‍ 15 റണ്‍സിനാണ് മൂന്നു പേരെ മടക്കിയതെങ്കില്‍ ഷമി മൂന്നോവറില്‍ ഒരു മെയ്ഡനക്കം 15 റണ്‍സാണ് മൂന്നു വിക്കറ്റുകളെടുത്തത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. ജഡേജയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ടി20യില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ് ഈ മല്‍സരത്തിലേത്.

പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ടോസ് സമ്മാനമായി ലഭിക്കുകയായിരുന്നു. അദ്ദേഹം സ്‌കോട്ട്‌ലാന്‍ഡിനെ ബാറ്റിങിന് അയക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റില്‍ കോലിക്കു ടോസ് ലഭിച്ചതും ഇതാദ്യമാണ്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും സ്‌കോട്ട്‌ലാന്‍ഡും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഫാസ്റ്റ് ബൗളര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

കിരീട ഫേവറിറ്റുകളായെത്തിയ ഇന്ത്യയുടെ സൂപ്പര്‍ 12ലെ തുടക്കം ദയീനമായിരുന്നു. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ 100 ശതമാനം വിജയറെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു. വിവിധ ലോകകപ്പുകളിലായി 12 മല്‍സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് പാകിസ്താനു മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ സ്ഥിരം പേടിസ്വപ്‌നമായ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ ഇത്തവണയും കളി മറന്നു. എട്ടു വിക്കറ്റിന്റെ കനത്ത പ്രഹരമായിരുന്നു കിവികളോട് ഇന്ത്യക്കു നേരിട്ടത്.
അതേസമയം, യോഗ്യതാറൗണ്ടില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സൂപ്പര്‍ 12ലേക്കു മുന്നേറിയ സ്‌കോട്ട്‌ലാന്‍ഡിനു പക്ഷെ ഈ റൗണ്ടില്‍ വിജയം ആവര്‍ത്തിക്കാനായില്ല. കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ അവരുടെ സെമി സാധ്യത അസ്തമിച്ചു കഴിഞ്ഞു. അഫ്ഗാനിസ്താനോടു 130 റണ്‍സിനായിരുന്നു ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡ് തകര്‍ന്നിടിഞ്ഞത്. തുടര്‍ന്ന് നമീബിയയോടു നാലു വിക്കറ്റിനു ന്യൂസിലാന്‍ഡിനോടു 16 റണ്‍സിനും സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി സമ്മതിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (വിക്കറ്റ് കീപ്പര്‍), മാത്യു ക്രോസ്, റിച്ചി ബെറിങ്ടണ്‍, കലും മക്ക്‌ലിയോഡ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷരീഫ്, അലെസ്ഡയര്‍ ഇവാന്‍സ്, ബ്രാഡ്‌ലി വീല്‍.