T20 World Cup 2021: ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചതെന്ത്? അഞ്ച് കാരണങ്ങളറിയാം
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമി സാധ്യത നിലനിര്‍ത്തിയത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ സ്‌കോട്ടലന്‍ഡ്, നമീബിയ എന്നിവരെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ന്യൂസീലന്‍ഡ് ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി തെളിഞ്ഞേക്കും.
ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റതിന് ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. രണ്ട് തവണ തൊട്ടതെല്ലാം പിഴച്ച ഇന്ത്യക്ക് മൂന്നാം തവണ അടിതെറ്റിയില്ല. കൃത്യമായി പദ്ധതികള്‍ മെനയാനും അത് നടപ്പിലാക്കാനും ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരേ സാധിച്ചു.
ടോസ് ഭാഗ്യം ഇത്തവണയും ഇന്ത്യയെ ചതിച്ചെങ്കിലും ബാറ്റിങ് നിരയുടെ മികവില്‍ ഇന്ത്യ ഇതെല്ലാം മറികടന്നു. ബൗളര്‍മാരും പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ 66 റണ്‍സിന്റെ ഗംഭീര ജയം ഇന്ത്യക്ക് സ്വന്തം. വലിയ സ്‌കോര്‍ എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടിയത് 210 റണ്‍സാണ്. രോഹിത് ശര്‍മ (74), കെ എല്‍ രാഹുല്‍ (69) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 140 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്തും (13 പന്തില്‍ 27*), ഹര്‍ദിക് പാണ്ഡ്യയും (13 പന്തില്‍ 35) ചേര്‍ന്ന് അവസാന ഓവറില്‍ വെടിക്കെട്ട് നടത്തി.
റിഷഭ് ഒരു ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഹര്‍ദിക്കിന്റെ പ്രകടനം. മോശം ഫോമിലായിരുന്ന താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ പ്രമോഷന്‍ നല്‍കാനുള്ള തീരുമാനം തെറ്റായില്ലെന്ന് മത്സര ഫലത്തില്‍ നിന്ന് വ്യക്തം. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിര്‍ണ്ണായക പോരാട്ടത്തിലെ വമ്പന്‍ ജയത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഭാഗ്യം തുണയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അഫ്ഗാനെതിരായ ജയത്തിന് ഇന്ത്യയെ സഹായിച്ച അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read : T20 World Cup 2021: 'അശ്വിന്റെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തായി', പ്രശംസിച്ച് വിരാട് കോലി

രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട്
ഇന്ത്യ അനാവശ്യ പരീക്ഷണത്തിന് മുതിരാതെ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ചത് ടീമിന് ഗുണം ചെയ്തു. ഇരുവരും ചേര്‍ന്ന് 14.4 ഓവറില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 10നോടടുത്ത് റണ്‍റേറ്റില്‍ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുവര്‍ക്കുമായി. കൂടുതല്‍ ആക്രമിച്ച് കളിച്ച രോഹിത് 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 157.44 സ്‌ട്രൈക്കറേറ്റില്‍ 74 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ 48 പന്ത് നേരിട്ട് 6 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 143.75 സ്‌ട്രൈക്കറേറ്റില്‍ 69 റണ്‍സാണ് നേടിയത്.
ഇരുവരും ഇത് നാലാം തവണയാണ് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിച്ചതാണ് ഇന്ത്യക്ക് തുണയായത്. പവര്‍പ്ലേ മുതലാക്കാനും ഇന്ത്യക്ക് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും പവര്‍പ്ലേയില്‍ രണ്ടിലധികം വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. അഫ്ഗാനെതിരേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാനായത് ഇന്ത്യയെ തുണച്ചു.

ആര്‍ അശ്വിന്റെ മടങ്ങിവരവ്
നാല് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്തിയെങ്കിലും അശ്വിന് കളിക്കാനുള്ള അവസരം ലഭിച്ചത് അഫ്ഗാനിസ്ഥാനെതിരെയാണ്. ഐപിഎല്ലിലും സന്നാഹ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഇന്ത്യ അശ്വിനെക്കാള്‍ വിശ്വാസം അര്‍പ്പിച്ചത് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ്. രണ്ട് തവണയും നിരാശപ്പെടുത്തിയ വരുണിനെ ഒടുവില്‍ മാറ്റി ഇന്ത്യ അശ്വിനെ പരിഗണിക്കുകയായിരുന്നു. തന്റെ അനുഭവസമ്പത്ത് മുതലാക്കി കളിച്ച അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
ഇന്ത്യ നേരത്തെ തന്നെ അശ്വിനെ കളിപ്പിക്കേണ്ടിയിരുന്നുവെന്ന വിമര്‍ശനം ശക്തമായിത്തന്നെ ഉയരുന്നുണ്ട്. പാകിസ്താനെതിരേയും ന്യൂസീലന്‍ഡിനെയും ഇന്ത്യക്ക് തോല്‍വിഭാരം കുറക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റിലെങ്കിലും ഇന്ത്യക്കത് സഹായകരമായി മാറുമായിരുന്നു.

റിഷഭും ഹര്‍ദിക്കും നേരത്തെ ക്രീസില്‍
ഓപ്പണിങ് കൂട്ടുകെട്ട് 14 ഓവര്‍ പിന്നിട്ടതിനാല്‍ത്തന്നെ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സടിച്ചുകൂട്ടുകയായിരുന്നു വേണ്ടത്. ഇത് മനസിലാക്കി ഇന്ത്യ നടത്തിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമായി. മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് പകരം റിഷഭ് പന്ത് ക്രീസിലെത്തിയപ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാറിന് പകരം ഹര്‍ദിക് പാണ്ഡ്യയും ക്രീസിലെത്തി. രണ്ട് താരങ്ങളും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് കളിച്ചു. മോശം ഫോമിലായിരുന്ന ഹര്‍ദിക്ക് തന്റെ കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചപ്പോള്‍ റിഷഭും അവസരം മുതലാക്കി. ഇന്ത്യയുടെ ഈ രണ്ട് പരീക്ഷണങ്ങളും നിര്‍ണ്ണായകമായെന്ന് പറയാം.

റാഷിദ് ഖാനെ ഭയക്കാതെ കളിച്ചു
അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഏത് വലിയ ബാറ്റിങ് നിരക്കും വലിയ തലവേദന ഉയര്‍ത്തുന്ന ബൗളറാണ്. സ്പിന്‍ ബൗളിങ്ങില്‍ മായാജാലം കാട്ടുന്ന റാഷിദിന്റെ നാല് ഓവറെ ഇന്ത്യ കരുതിക്കളിക്കുമെന്നാണ് കരുതിയതെങ്കിലും ഇന്ത്യ തികച്ചും വ്യത്യസ്തമായി റാഷിദിനെ ആക്രമിക്കുകയാണ് ചെയ്തത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത റാഷിദിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഒരു ഫോറും രണ്ട് സിക്‌സുമാണ് റാഷിദിനെതിരേ ഇന്ത്യ നേടിയത്. റാഷിദിന്റെ ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകളാണ് രോഹിത് ശര്‍മ നേടിയത്.

ആക്രമണോത്സുകത കാട്ടാനായി
വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുഖമുദ്ര ആക്രമണോത്സുകതയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും ഈ പോരാട്ടവീര്യം കാട്ടാതിരുന്ന ഇന്ത്യ അഫ്ഗാനെതിരേ പഴയ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഈ ആക്രമണോത്സുകത കാട്ടിയത് ടീമിന് കരുത്തായി. വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ സെമിയില്‍ കടക്കാനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications