
ദുബായ്: ഇന്ത്യ ഭയപ്പെട്ടതു പോലെ തന്നെ സംഭവിച്ചു. ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ തോല്‍ക്കുകയെന്ന പതിവ് ഇത്തവണത്തെ ടി20 ലോകകപ്പിലും ഇന്ത്യ തെറ്റിച്ചില്ല. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി സൂപ്പര്‍ 12ലെ രണ്ടാമങ്കത്തില്‍ ഇറങ്ങിയ ഇന്ത്യ കിവികള്‍ക്കു മുന്നില്‍ ദയനീയമായി മുട്ടുമടക്കുകയായിരുന്നു. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ന്യൂസിലാന്‍ഡ് ആഘോഷിച്ചത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു. ന്യൂസിലാന്‍ഡാവട്ടെ സെമി പ്രതീക്ഷ നിലനിര്‍ത്തി.
ചിരവൈരികളായ പാകിസ്താനെതിരേയുള്ള ആദ്യ മല്‍സരത്തില്‍ പത്തു വിക്കറ്റിനു നിഷ്പ്രഭരാക്കപ്പെട്ട ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയും പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടതു മുതല്‍ ഇന്ത്യയുടെ കഷ്ടകാലം ആരംഭിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് ഇന്ത്യക്കു തൊട്ടതെല്ലാം പിഴയ്ക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 110 റണ്‍സിലേക്കു ചുരുങ്ങിയപ്പോള്‍ തന്നെ കിവികളുടെ വിജയമുറപ്പായിരുന്നു. 33 ബോളുകളും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ വളരെ അനായാസം അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.
49 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചെലായിരുന്നു ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് (20) പുറത്തായ മറ്റൊരു താരം. നായകന്‍ കെയ്ന്‍ വില്ല്യംസണും (33*) ഡെവന്‍ കോണ്‍വെയും (2*) ചേര്‍ന്ന് കിവികളുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടു വിക്കറ്റുകളും ജസ്പ്രീത് ബുംറയ്ക്കായിരുന്നു. വലിയ ഇടവേളയ്ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ ഈ കളിയില്‍ ബൗള്‍ ചെയ്തുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏക പ്ലസ് പോയിന്റ്. രണ്ടോവറില്‍ 17 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സാണ് നേടാനായത്. പുറത്താവാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 19 ബോൡ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. കെഎല്‍ രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), രോഹിത് ശര്‍മ (14), ക്യാപ്റ്റന്‍ വിരാട് കോലി (9), റിഷഭ് പന്ത് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
മൂന്നു വിക്കറ്റുകളെടുത്ത ട്രെന്റ് ബോട്ടും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ഇഷ് സോധിയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ടിം സൗത്തിയും ആദം മില്‍നെയും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. നാലോവറില്‍ 20 റണ്‍സിനാണ് ബോള്‍ട്ട് മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ സോധി നാലോവറില്‍ 17 റണ്‍സിനാണ് രണ്ടു വിക്കറ്റുകളെടുത്തത്. സോധിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വലിയ പരീക്ഷണങ്ങളുമായാണ് ഇന്ത്യ ഈ മല്‍സരത്തില്‍ കളിച്ചത്. അതാവട്ടെ അമ്പെ പരാജയമാവുകയും ചെയ്തു. ബോള്‍ട്ട് ഭീഷണി മുന്നില്‍ കണ്ട് രോഹിത്തിനെ മൂന്നാം നമ്പറിലേക്കു ഇറക്കിയ ഇന്ത്യ രാഹുല്‍- ഇഷാന്‍ സഖ്യത്തെക്കൊണ്ടാണ് ഓപ്പണ്‍ ചെയ്യിച്ചത്. പക്ഷെ ഇതു ക്ലിക്കായില്ല. ആദ്യ പവര്‍പ്ലേയില്‍ തന്നെ രണ്ടു പേരും പുറത്തായി. ഇഷാനെ ബോള്‍ട്ടിന്റെ ബൗളിങില്‍ ഡാരില്‍ മിച്ചെലാണ് ക്യാച്ച് ചെയ്തത്. തൊട്ടടുത്ത ബോളില്‍ രോഹിത്തും ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു. പക്ഷെ രോഹിത്തിന്റെ സിംപിള്‍ ക്യാച്ച് ആദം മില്‍നെ കൈവിട്ടതോടെ ഇന്ത്യക്കു ശ്വാസം നേരെ വീണു.

പക്ഷെ രോഹിത്തിന് ഈ അവസരം മുതലാക്കാനായില്ല. പവര്‍പ്ലേ തീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു രാഹുലിന്റെ മടക്കം. വമ്പനടിക്കു ശ്രമിച്ച രാഹുലിനെ സൗത്തിയുടെ ബൗളിങില്‍ മിച്ചെല്‍ പിടികൂടി (ഇന്ത്യ രണ്ടിന് 35). ടീം സ്‌കോറിലേക്കു അഞ്ചു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും രോഹിത്തും മടങ്ങി. സോധിയുടെ ബൗളിങില്‍ ഗുപ്റ്റില്‍ ക്യാച്ചെടുക്കുകയായിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട കോലിയും പിന്നാലെ പുറത്തായതോടെ ഇന്ത്യ നാലിനു 48ലേക്കു കൂപ്പുകുത്തി. സോധിയുടെ ബൗളില്‍ ബോള്‍ട്ടായിരുന്നു കോലിയെ പിടികൂടിയത്. റിഷഭാണ് അഞ്ചാമനായി ക്രീസ് വിട്ടത്. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി തട്ടിയു മുട്ടിയും നിന്ന റിഷഭിനെ മില്‍നെ ബൗള്‍ഡാക്കി (ഇന്ത്യ അഞ്ചിന് 70).
ഹാര്‍ദിക്, ശര്‍ദ്ദുല്‍ എന്നിവരാണ് തുടര്‍ന്നു ക്രീസ് വിട്ടത്. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമമാണ് രണ്ടു പേര്‍ക്കും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 24 ബോളില്‍ ഒരു ബൗണ്ടറിയോടെ 23 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ബോള്‍ട്ടിന്റെ ബൗളിങില്‍ ഗുപ്റ്റില്‍ ക്യാച്ച് ചെയ്തു. ഇതേ ഓവറിലെ നാലാമത്തെ ബോൡ അക്കൗണ്ട് തുറക്കുംമുമ്പ് ശര്‍ദ്ദുലും ക്രീസ് വിട്ടു. ബോള്‍ട്ടിന്റെ ബൗളിങില്‍ ഗുപ്റ്റിലിനായിരുന്നു ക്യാച്ച്. ജഡേജയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ 110 വരെയെങ്കിലുമെത്തിച്ചത്. ഏഴു മുതല്‍ 15 വരെയുള്ള ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യക്കായില്ല. ഈ ലോകകപ്പില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു നാണക്കേട് ഒരു ടീമിനു നേരിട്ടത്.

ടോസിനു ശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ഇഷാന്‍ കിഷനും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ടീമിലേക്കു വന്നത്. ന്യൂസിലാന്‍ഡ് ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. ടിം സെയ്‌ഫേര്‍ട്ടിനു പകരം പേസര്‍ ആദം മില്‍നെ കളിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍) മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ.