T20 World Cup: അന്ന് ഞങ്ങളായിരുന്നു കേമന്‍മാര്‍, ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും!- മുന്‍ പാക് താരം
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് വാക്‌പോര് മുറുകുകയാണ്. മുന്‍ താരങ്ങളില്‍ പലരും ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയെക്കുറിച്ച് പ്രവചനങ്ങളും അഭിപ്രായ പ്രകടനങ്ങളുമെല്ലാം നടത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കു ഒരാള്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. പാകിസ്താന്റെ മുന്‍ താരം മുദ്ദസ്സര്‍ നാസറാണിത്.
ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇതുവരെയുള്ള അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഈ നാണക്കേട് ഇത്തവണയെങ്കിലും അവസാനിപ്പിക്കാനുറച്ചാണ് പാക് പട അങ്കത്തട്ടിലെത്തുക.

അന്നു പാകിസ്താനായിരുന്നു മേല്‍ക്കൈ
ഞാന്‍ കളിച്ചിരുന്ന കാലത്ത് ഇന്ത്യക്കെതിരേ പാകിസ്താനായിരുന്നു മേല്‍ക്കൈ. ഇന്ത്യക്കെതിരേ തോല്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ പാകിസ്താന്‍ അന്നു വിജയിച്ചിരുന്നു. എന്റെ കരിയറിന്റെ അവസാന കാലം വരെ ഇന്ത്യക്കെതിരേ പാകിസ്താന് മുന്‍തൂക്കമുണ്ടായിരുന്നു. ഇന്ത്യയെ ഞങ്ങള്‍ കൂടുതലും തോല്‍പ്പിക്കാറുമുണ്ടായിരുന്നു. ഇത്തവണ ടീമിലെ ആരെങ്കിലുമൊരാള്‍ പാക് ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഒരാള്‍ വളരെ നന്നായി പെര്‍ഫോം ചെയ്താല്‍ പാകിസ്താന് പ്രതീക്ഷയുണ്ട്. ഒരാള്‍ സെഞ്ച്വറിയും ബൗളര്‍മാര്‍ മോശമല്ലാതെ ബൗള്‍ ചെയ്യുകയും ചെയ്താല്‍ കളിയാകെ മാറും. ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിക്കുകയും ചെയ്യുമെന്നും നാസര്‍ നിരീക്ഷിച്ചു.

ഇന്ത്യ ഒരുപാട് മാറി
ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ പഴയ ഇന്ത്യയല്ല ഇപ്പോഴത്തേത്. ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞു. പക്ഷെ പാകിസ്താന്‍ മാറിയെന്നു ഞാന്‍ കരുതുന്നില്ല. ഐപിഎഎല്ലിന്റെ വരവാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചത്. ഐപിഎല്ലിലൂടെ ലഭിക്കുന്ന പണം ഇന്ത്യ വളരെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിനെ അവര്‍ മികച്ച രീതിയിലാണ് സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഇപ്പോള്‍ സ്വന്തമായി സ്‌റ്റേഡിയമുണ്ട്, സ്വന്തമായി ക്രിക്കറ്റ് അക്കാദമികളുണ്ട്, സ്‌കൂള്‍ ക്രിക്കറ്റ്, സംസ്ഥാന ക്രിക്കറ്റ് എന്നിവയെല്ലാം മെച്ചപ്പെടുകയാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നാസര്‍ വിലയിരുത്തി.

ബിസിസിഐയുടെ മിടുക്ക്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ചയില്‍ ബിസിസിഐയ്ക്കു സുപ്രധാന പങ്കുണ്ട്. ഐപിഎല്ലിലൂടെ ലഭിക്കുന്ന പണം വളരെ ബുദ്ധിപരമായാണ് ബിസിസിഐ ചെലവഴിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഐപിഎല്ലിനു മുമ്പും ശക്തമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരുപാട് സ്ഥിരത നേടിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തു കഴിഞ്ഞു. ഫാസ്റ്റ് ബൗളിങ്, സ്പിന്നര്‍മാര്‍, ഫീല്‍ഡിങ്, ഫിറ്റ്‌നസ് എന്നിവയെല്ലാം നോക്കിയാലും ഇന്ത്യ ഇപ്പോള്‍ പവര്‍ഹൗസുകളാണ്. ഓരോ സീസണിലും അവര്‍ക്ക് ഒരു മികച്ച ബാറ്റ്‌സ്മാനെ ലഭിക്കുന്നുണ്ട്. നിലവില്‍ വളരെ ശക്തരായാണ് ഇന്ത്യ കാണപ്പെടുന്നതെന്നും 65 കാരനായ നാസര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്
ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications