മുംബൈ: ലോക ക്രിക്കറ്റ് ആരാധകര്‍ വളരെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഐസിസി ടി20 ലോകകപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റിന് ഭീഷണിയാവുന്നത് കോവിഡ്19 കേസുകളുടെ വര്‍ധനവാണ്. ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ബയോബബിള്‍ സുരക്ഷ പാളിയപ്പോള്‍ ചില താരങ്ങള്‍ക്കും കോവിഡ് വ്യാപിച്ചു. നിലവില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടത്തുക വലിയ സാഹസമാണ്.
ഈ വര്‍ഷവും ടി20 ലോകകപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാവുമോ,അതേ ഇന്ത്യയില്‍ത്തന്നെ ടി20 ലോകകപ്പ് നടക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം ജൂണ്‍ 1ന് അറിയാം. ഐസിസിയുടെ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സമ്മേളനം ജൂണ്‍1ന് നടക്കുന്നുണ്ട്. ഇതില്‍ ടി20 ലോകകപ്പിന്റെ കാര്യം ചര്‍ച്ചയാവും. ഇതിന് ശേഷം എന്ന് ടൂര്‍ണമെന്റ് നടത്താനാവുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തും.

ഐപിഎല്‍ പാതിവഴിയില്‍ മുടങ്ങിയെങ്കിലും ഇന്ത്യയില്‍ത്തന്നെ ലോകകപ്പ് നടത്താമെന്ന നിലപാടിലാണ് ബിസിസി ഐ. എന്നാല്‍ നിലവിലെ ഇന്ത്യയുടെ കോവിഡ് കേസുകള്‍ പരിഗണിക്കുമ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിലെ ഒമ്പത് വേദികളിലായി ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ഉദ്ദേശിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടത്താമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായി ഐസിസിയുടെ സമ്മേളനത്തിന് മുമ്പ് ഈ മാസം 29ന് ആഭ്യന്തര ക്രിക്കറ്റ് അസോസിയേഷനുകളുമായി ബിസിസി ഐ ചര്‍ച്ച നടത്തുന്നുണ്ട്.
ഇന്ത്യയില്‍ ലോകകപ്പ് നടത്തുന്നതില്‍ പല ക്രിക്കറ്റ് ബോര്‍ഡിനും താരങ്ങള്‍ക്കും വിയോജിപ്പുണ്ടെന്നാണ് സൂചന. നിലവില്‍ ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഉയര്‍ന്നതായതിനാല്‍ രണ്ട് മാസത്തോളം ഇന്ത്യയില്‍ ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്നതില്‍ വിദേശ താരങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യയിലെ ബയോബബിള്‍ സുരക്ഷയെക്കുറിച്ച് ഐപിഎല്‍ റദ്ദാക്കിയതിന് ശേഷം വിദേശ താരങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചാലും കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട വേദികളില്‍ നടത്തേണ്ടതായി വരും. എന്നാല്‍ ഇംഗ്ലണ്ട്,യുഎഇ പോലുള്ള ഏതെങ്കിലും രാജ്യത്ത് നടത്തിയാല്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരില്ല. ബയോബബിള്‍ സുരക്ഷയുടെ കാര്യത്തിലും താരങ്ങള്‍ക്ക് ആശങ്കയുണ്ടാകില്ല. എന്തായാലും ഇക്കാര്യം ജൂണ്‍ 1ന് അറിയാന്‍ സാധിക്കും.