
ഷാര്‍ജ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും ആദ്യമായി പുറത്തായ ടീമായി ബംഗ്ലാദേശ് മാറി. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസാവട്ടെ തോല്‍വിയുടെ വക്കില്‍ നിന്നും മൂന്നു റണ്‍സ് ജയവുമായി രക്ഷപ്പെടുകയും ചെയ്തു. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷയും വിന്‍ഡീസ് കാത്തുസൂക്ഷിച്ചു. പരാജയത്തിലേക്കു നീങ്ങിയ കളിയില്‍ വിന്‍ഡീസ് കഷ്ടിച്ചാണ് വിജയം പിടിച്ചെടുത്തത്. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ബംഗ്ലാദേശിനു വേണ്ടിയിരുന്നത്. പക്ഷെ ഒമ്പത് റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.
143 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 139 റണ്‍സെടുത്ത് കളി കൈവിടുകയായിരുന്നു. അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണിത്. ബംഗ്ലാ നിരയില്‍ ലിറ്റണ്‍ ദാസ് (44), ക്യാപ്റ്റന്‍ മഹമ്മുദുള്ള (31*) എന്നിവരാണ് റണ്‍ചേസില്‍ മികച്ച പ്രകടനം നടത്തിയത്. മുഹമ്മദ് നയീം (17), ഷാക്വിബുല്‍ ഹസന്‍ (9), സൗമ്യ സര്‍ക്കാര്‍ (17), മുഷ്ഫിഖുര്‍ റഹീം (8) എന്നിവരാണ് പുറത്തായത്.
തുടരെ മൂന്നാമത്തെ കളിയിലും വിന്‍ഡീസിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 142 റണ്‍സാണ് നേടാനായത്. വെറും നാലു പേര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ രണ്ടക്കം തികച്ചുള്ളൂ. നിക്കോളാസ് പൂരന്‍ (40), റോസ്റ്റണ്‍ ചേസ് (39), ജാസണ്‍ ഹോള്‍ഡര്‍ (15*), നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് (14*) എന്നിവരായിരുന്നു ഇവര്‍. പൂരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഓപ്പണിങിലേക്കു തിരിച്ചെത്തിയിട്ടും യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ബാറ്റിങില്‍ ക്ലിക്കായില്ല. നാലു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (9), ആന്ദ്രെ റസ്സല്‍ (0), ഡ്വയ്ന്‍ ബ്രാവോ (1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. രണ്ടു വിക്കറ്റ് വീതമെടുത്ത മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ശൊരിഫുല്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്നാണ് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയത്.
വിന്‍ഡീസിന്റെ തുടക്കം പാളിയിരുന്നു. ആദ്യ പവര്‍പ്ലേയില്‍ തന്നെ അവര്‍ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ലൂയിസിനെ മുസ്തഫിസുറിന്റെ ബൗളിങില്‍ മുഷ്ഫിഖുര്‍ പിടികൂടിയപ്പോള്‍ ഗെയ്‌ലിനെ സ്പിന്നര്‍ മെഹ്ദി ക്ലീന്‍ ബൗള്‍ഡാക്കി (രണ്ടിന് 18). വമ്പനടിക്കാരായ ഹെറ്റ്‌മെയര്‍, റസ്സല്‍ എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയതോടെ വിന്‍ഡീസ് നാലിന് 62ലേക്കു വീണു. നിര്‍ഭാഗ്യകരമായ രീതിയിലായിരുന്നു റസ്സലിന്റെ മടക്കം. ടസ്‌കിന്‍ അഹമ്മദിന്റെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് റോസ്റ്റണ്‍ ചേസായിരുന്നു. അദ്ദേഹത്തിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് ടസ്‌കിന്റെ കാലില്‍ ടച്ചായ ശേഷം എതിര്‍ വിക്കറ്റില്‍ പതിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ റസ്സല്‍ ക്രീസിനു പുറത്തായിരുന്നു. അങ്ങനെ ഒരു ബോള്‍ പോലും നേരിടാതെ തന്നെ റസ്സലിന് പവലിയനിലേക്കു തിരിച്ചുപോവേണ്ടി വരികയും ചെയ്തു.

അഞ്ചാം വിക്കറ്റില്‍ പൂരന്‍-ചേസ് സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തോടെ വിന്‍ഡീസിന്റെ സ്‌കോര്‍ 100 കടന്നു. വിന്‍ഡീസ് ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. സ്‌കോര്‍ 119ല്‍ വച്ചാണ് പൂരന്‍ പുറത്തായത്. തൊട്ടടുത്ത ബോൡ ചേസും ക്രീസ് വിട്ടു. ബ്രാവോയാണ് അവസാനമായി മടങ്ങിയത്.
ടോസിനു ശേഷം ബംഗ്ലാ നായകന്‍ മഹമ്മുദുള്ള ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് വിന്‍ഡീസിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നത്. ഒരു മാറ്റവുമായാണ് വിന്‍ഡീസ് ഇറങ്ങിയത്. ഹെയ്ഡന്‍ വാല്‍ഷിനു പകരം ജാസണ്‍ ഹോള്‍ഡര്‍ ടീമിലേക്കു വന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ക്രിസ് ഗെയ്‌ലിനെ ഈ കൡയില്‍ ഓപ്പണിലേക്കു പ്രൊമോട്ട് ചെയ്തുവെന്നത് മറ്റൊരു മാറ്റമാണ്. ബംഗ്ലാദേശ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. നൂറുല്‍, നസും എന്നിവര്‍ക്കു പകരം സൗമ്യ സര്‍ക്കാരും ടസ്‌കിന്‍ അഹമ്മദും കളിച്ചു.

നേരത്തേ വിന്‍ഡീസ് ആദ്യ കളിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനോടും പിന്നാലെ സൗത്താഫ്രിക്കയോടുമായിരുന്നു തോല്‍വിയറിഞ്ഞത്. മഹമ്മുദുള്ള ക്യാപ്റ്റനായ ബംഗ്ലാദേശാവട്ടെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോടും രണ്ടാമത്തെതില്‍ ഇംഗ്ലണ്ടിനോടും പരാജയപ്പെടുകയായിരുന്നു.
ബംഗ്ലാദേശിന്റെ കാര്യമെടുത്താല്‍ ലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ ബാറ്റിങ് നിര മികച്ച പ്രകടനം നടത്തിയിട്ടും ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതായിരുന്നു ബംഗ്ലാദേശിനെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ഫീല്‍ഡിങിലെ ചില വീഴ്ചകളും തിരിച്ചടിയായി മാറി. ഇംഗ്ലണ്ടുമായുള്ള രണ്ടാമത്തെ കളിയില്‍ പക്ഷെ ബംഗ്ലാദേശ് ബാറ്റിങ് നിരയും ക്ലിക്കായില്ല. ഇതോടെ ഇംഗ്ലണ്ട് അനായാസം വിജയിച്ചു കയറുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
വെസ്റ്റ് ഇന്‍ഡീസ്- എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ, ജാസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസെയ്ന്‍, രവി രാംപോള്‍.
ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, മുഹമ്മദ് നയീം, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, മഹമ്മുദുള്ള, അഫീഫ് ഹൊസെയ്ന്‍, മെഹദി ഹസന്‍,
മുസ്തഫിസുര്‍ റഹ്മാന്‍, ശൊരിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്.