T20 World Cup 2021: 'ഗവാസ്‌കറെക്കാളും സച്ചിനെക്കാളും മികച്ചവന്‍', കോലിയെ പിന്തുണച്ച് മുന്‍ പാക് താരം
കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം വളരെ നിരാശയുണ്ടാക്കുന്നതാണ്. ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താനോട് 10 വിക്കറ്റിനും കരുത്തരായ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചെങ്കിലും സെമിയില്‍ സീറ്റുനേടാന്‍ ഇത് മതിയാവില്ല. ഇനിയുള്ള മൂന്ന് മത്സരത്തില്‍ വമ്പന്‍ ജയം നേടിയാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ചുരുക്കം.
ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ഏറ്റവും വിമര്‍ശനം നേരിട്ടത് നായകന്‍ വിരാട് കോലി തന്നെയാണ്. കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ ചോദ്യങ്ങള്‍ തന്നെയാണുയരുന്നത്. ഇത്രയും മികച്ച ടീമും യുഎഇയില്‍ അനുഭവസമ്പത്തും ഉണ്ടായിട്ടും ഇന്ത്യക്ക് തിളങ്ങാനാവാത്തതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റ് കൂടിയാണിത്.
Also Read : ഹാപ്പി ബര്‍ത്ത് ഡേ 'കിങ്', കോലിക്കിന്ന് 33ാം ജന്മദിനം, ഇതിഹാസത്തെക്കുറിച്ച് 33 കാര്യങ്ങളറിയാം

ഇപ്പോഴിതാ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം മുദാസര്‍ നാസര്‍. ടീമിനെ വളര്‍ത്തുന്നതില്‍ സുനില്‍ ഗവാസ്‌കറെക്കാളും സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാളും മികച്ചവനാണ് കോലിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'സച്ചിനും ഗവാസ്‌കറും കോലിയും തമ്മിലുള്ള സാമ്യത ഇവരെല്ലാം നിരവധി വര്‍ഷങ്ങള്‍ കളിക്കുകയും നിരവധി സ്‌കോറുകള്‍ നേടുകയും ചെയ്ത താരങ്ങളാണെന്നതാണ്. ഇതുകൊണ്ടൊക്കെയാണ് ഇവരെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടാനുള്ള കാരണം. എന്നാല്‍ പെട്ടെന്ന് കോലിക്ക് തുടര്‍ച്ചയായി റണ്‍സ് നേടാന്‍ സാധിക്കാതെ വരുന്നു. ദീര്‍ഘ നാളുകള്‍ കളിക്കുന്ന ഒരു താരത്തിന് ഇത് സംഭവിക്കാവുന്ന കാര്യം മാത്രമാണ്'- നാസര്‍ പറഞ്ഞു.

ഒരു കാലത്ത് സ്ഥിരതകൊണ്ട് അത്ഭുതപ്പെടുത്തിയ കോലിക്ക് ഇപ്പോള്‍ പഴയ മികവില്ലെന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. എന്നാല്‍ ഇത്തരം പല സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് വളര്‍ന്നുവന്ന താരമാണ് കോലി. ടി20 ലോകകപ്പിന് ശേഷം പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞ് കോലി കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ്.

നിലവിലെ ഫോമില്‍ നിന്ന് വിരാട് കോലിക്ക് തിരിച്ചെത്താനുള്ള സമയമുണ്ടെന്നും നാസര്‍ പറഞ്ഞു. നായകനെന്ന നിലയിലുള്ള ഉത്തരവാദിത്തതോടെയാണ് അവന്‍ നീണ്ടകാലം കളിച്ചത്. ഇതിന്റെ സമ്മര്‍ദ്ദം പേറിയാണ് ഏറെ നാള്‍ അവന്‍ കളിച്ചത്. ഗ്രഹാം ഗൂച്ചിനെപ്പോലെ കോലി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോഴും അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.

'മനുഷ്യരാണ്. ചിലപ്പോള്‍ മാനസികമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തെറ്റുകള്‍ സംഭവിച്ചേക്കാം. കോലിയും മനുഷ്യനാണ്. ക്യാപ്റ്റനെന്ന നിലയിലെ സമ്മര്‍ദ്ദവും പേറിയാണ് അവന്‍ നീണ്ടകാലം കളിച്ചത്. ഇന്ത്യയുടെ നായകന്‍,ആര്‍സിബിയുടെ നായകന്‍ എന്നിങ്ങനെയെല്ലാം പ്രവര്‍ത്തിച്ച കോലി ഇത്രയും നീണ്ട നാളുകളായി കളിക്കുമ്പോള്‍ മോശം സമയം ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. ഗ്രഹാം ഗൂച്ചിനെപ്പോലെയാണ് കോലിയെന്നാണ് തോന്നുന്നത്. ആര്‍സിബിയുടെയും ഇന്ത്യയുടെയും ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും'- നാസര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായം 33ലേക്കെത്തിയ കോലിയില്‍ ഇനിയുമേറെ ക്രിക്കറ്റ് ശേഷിക്കുന്നുണ്ടെന്നുറപ്പ്. ഇന്ത്യക്ക് കൂടുതല്‍ ടെസ്റ്റ് ജയം സമ്മാനിച്ച നായകനാണ് കോലി. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ നേടിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3-0ന് ടെസ്റ്റ് പരമ്പര നേടിയതുമെല്ലാം വിരാട് കോലിയുടെ കരിയറിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. എന്നാല്‍ ഇതുവരെ ഒരു ഐസിസി കിരീടം നേടാന്‍ കോലിക്കായിട്ടില്ല. ടി20 ലോകകപ്പിന് ശേഷം കോലിയെ ടി20 നായകസ്ഥാനത്ത് മാത്രമല്ല ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ കോലിയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications