T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ഒരിക്കലും മറക്കാനാവാത്ത നേര്‍ക്കുനേര്‍ പോരാട്ടങ്ങളിതാ
ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തി സെമി കാണാതെ ഇന്ത്യ പുറത്താകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരേ നാളെ നടക്കുന്ന മത്സരം വളരെ നിര്‍ണ്ണായകമാണ്. തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയാവും. ദുബായില്‍ നടക്കുന്ന മത്സരം ഇന്ത്യക്ക് ജീവന്‍ മരണ പോരാട്ടമാണെന്ന് പറയാം.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഏതൊരു ടീമിന്റെയും പേടി സ്വപ്‌നമാണ് ന്യൂസീലന്‍ഡ്. ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കുകളില്‍ കിവീസിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 2003ല്‍ സൗരവ് ഗാംഗുലിക്ക് കീഴീലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് ന്യൂസീലന്‍ഡാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവീസിനായിരുന്നു.
ഇതിനെല്ലാം കണക്കുവീട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ വിരാട് കോലിക്കും സംഘത്തിനും ഇത് എളുപ്പമാവില്ല. മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുള്ള ന്യൂസീലന്‍ഡ് ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. രണ്ട് ടീമും ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റവരാണ്. അതിനാല്‍ സമ്മര്‍ദ്ദത്തോടെയാവും ഇറങ്ങുക. ഇന്ത്യക്കാവും കൂടുതല്‍ സമ്മര്‍ദ്ദമെന്ന് പറയാതെ വയ്യ. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മറക്കാനാവാത്ത അഞ്ച് പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read : T20 World Cup: ഹാര്‍ദിക് തുടരും, ശര്‍ദ്ദുല്‍ വന്നേക്കും- ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകളുമായി കോലി

ഇന്ത്യയെ 10 റണ്‍സിന് തോല്‍പ്പിച്ചു
2007ലെ ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് ഗ്രൂപ്പുഘട്ട പോരാട്ടം ആരാധകര്‍ക്ക് മറക്കാവാത്ത മത്സരമാണ്. റണ്‍സൊഴുകിയ മത്സരത്തില്‍ 10 റണ്‍സിനാണ് ഇന്ത്യയെ കിവീസ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 190 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ന്യൂസീലന്‍ഡിനുവേണ്ടി ബ്രണ്ടന്‍ മക്കല്ലം (45), ക്രയ്ഗ് മാക്മില്ലന്‍ (23 പന്തില്‍ 44) എന്നിവര്‍ തിളങ്ങി. 15 പന്തില്‍ 35 റണ്‍സുമായി ജേക്കബ് ഓറവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്കുവേണ്ടി ആര്‍പി സിങ്ങും ഹര്‍ഭജന്‍ സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ യുവരാജ് സിങ്, എസ് ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഗൗതം ഗംഭീറും (51) വീരേന്ദര്‍ സെവാഗും (40) ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കിയെങ്കിലും മധ്യനിര നിരാശപ്പെടുത്തി. റോബിന്‍ ഉത്തപ്പ (0), യുവരാജ് സിങ് (5), ദിനേഷ് കാര്‍ത്തിക് (17), എംഎസ് ധോണി (24) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ വെട്ടോറിയാണ് ഇന്ത്യയെ തകര്‍ത്തത്. കളിയിലെ താരമായതും വെട്ടോറിയാണ്.

ഒരു റണ്‍സിന്റെ ജയം കിവീസിന്
2012ലെ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഒരിക്കലും ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. ഒരു റണ്‍സിനാണ് ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവര്‍ ത്രില്ലറില്‍ ഒരു റണ്‍സിന്റെ ജയം ന്യൂസീലന്‍ഡിനൊപ്പം നില്‍ക്കുകയായിരുന്നു.
ഒരു റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ന്യൂസീലന്‍ഡിനെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ (91) പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 55 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സുമാണ് മക്കല്ലം പറത്തിയത്. കെയ്ന്‍ വില്യംസന്‍ (28), റോസ് ടെയ്‌ലര്‍ (25*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി ഇര്‍ഫാന്‍ പഠാന്‍ മൂന്ന് വിക്കറ്റും സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി വിരാട് കോലി (70) അര്‍ധ സെഞ്ച്വറി നേടി. യുവരാജ് സിങ് (34), സുരേഷ് റെയ്‌ന (27), എംഎസ് ധോണി (22*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ ധോണിയുടെ പ്രകടനം തോല്‍വിക്ക് കാരണമായെന്ന് പറയാം.

ഇന്ത്യയെ ന്യൂസീലന്‍ഡ് 47 റണ്‍സിന് തോല്‍പ്പിച്ചു
2016ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ട പോരാട്ടത്തില്‍ ഇന്ത്യയെ നാണം കെടുത്താന്‍ ന്യൂസീലന്‍ഡിനായി. 47 റണ്‍സിനാണ് കിവീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 79 റണ്‍സിനാണ് കൂടാരം കയറിയത്. ന്യൂസീലന്‍ഡിനായി കോറി ആന്‍ഡേഴ്‌സന്‍ (34) ടോപ് സ്‌കോററായി. ലൂക്ക് റോഞ്ചി (21), മിച്ചല്‍ സാന്റ്‌നര്‍ (18) എന്നിവരും ഭേദപ്പെട്ട സ്‌കോര്‍ നേടി. ഇന്ത്യക്കായി അശ്വിന്‍, നെഹ്‌റ, ബൂംറ, റെയ്‌ന, ജഡേജ എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി എംഎസ് ധോണി (30), വിരാട് കോലി (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. സുരേഷ് റെയ്‌ന (1), യുവരാജ് സിങ് (4), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍ നാല് വിക്കറ്റും ഇഷ് സോധി മൂന്ന് വിക്കറ്റും നതാന്‍ മക്കല്ലം രണ്ട് വിക്കറ്റും വീഴ്ത്തി.

സൂപ്പര്‍ ഓവറില്‍ ഇന്ത്യ
2020ലെ ടി20 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് തന്നെയെടുത്തു. സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചു. അവസാന പന്തില്‍ ടിം സൗത്തിയെ സിക്‌സര്‍ പറത്തി രോഹിത് ശര്‍മയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

2020ല്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യ
2020ല്‍ വെല്ലിങ്ടണില്‍ നടന്ന മത്സരത്തിലും സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മത്സരം സമനിലയിലേക്കെത്തിയതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. 13 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡ് ഉയര്‍ത്തിയപ്പോള്‍ അനായാസമായി ഇന്ത്യയത് മറികടന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications