T20 World Cup 2021: ഇന്ത്യക്ക് ജയം എളുപ്പമാവില്ല, വെല്ലുവിളി ഉയര്‍ത്തുന്ന സ്‌കോട്ട്‌ലന്‍ഡ് താരങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്നിറങ്ങും. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യക്ക് സ്‌കോട്ട്‌ലന്‍ഡിനോട് വമ്പന്‍ ജയം നേടാനായാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവു. ചെറിയ ജയം നേടിയാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് തിരിച്ചടിയാവും.
ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്താന്‍ ഇതിനോടകം സെമിയില്‍ കടന്നിട്ടുണ്ട്. ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ മൂന്ന് ടീമുകളിലൊരു ടീമിന് കൂടി സെമിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്. അത് ആരാവുമെന്നത് കണ്ടറിയണം. ഇന്ന് സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ന്യൂസീലന്‍ഡിനെയടക്കം വിറപ്പിച്ച ടീമാണ് സ്‌കോട്ട്‌ലന്‍ഡ്. ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്‌കോട്ട്‌ലന്‍ഡ് ടീമിലെ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read : T20 World Cup 2021: 'ഗവാസ്‌കറെക്കാളും സച്ചിനെക്കാളും മികച്ചവന്‍', കോലിയെ പിന്തുണച്ച് മുന്‍ പാക് താരം

ജോഷ് ഡേവി
സ്‌കോട്ട്‌ലന്‍ഡ് പേസര്‍ ജോഷ് ഡേവി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന ബൗളറാണ്. അഞ്ച് മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ജോഷ് നേടിയത്. ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള ബൗളറാണ് അദ്ദേഹം. 27 മത്സരത്തില്‍ നിന്ന് 34 വിക്കറ്റുകളാണ് ഡേവി വീഴ്ത്തിയത്. 30 ഏകദിനത്തില്‍ നിന്ന് 49 വിക്കറ്റും നേടിയിട്ടുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണ് അദ്ദേഹം. അതിനാല്‍ത്തന്നെ ന്യൂബോളില്‍ കോലിക്കും സംഘത്തിനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഡേവിക്ക് സാധിച്ചേക്കും.

മിച്ചല്‍ ലീസ്‌ക്
സ്‌കോട്ട്‌ലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ ലീസ്‌കിനെയും ഇന്ത്യ കരുതി ഇറങ്ങേണ്ടതാണ്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ തന്റെ മികവ് എന്തെന്ന് കാട്ടാന്‍ ലീസ്‌കിനായിരുന്നു. 20 പന്തില്‍ 42 റണ്‍സാണ് ശക്തരായ കിവീസ് ബൗളിങ് നിരക്കെതിരേ അദ്ദേഹം നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും താരം പറത്തി. അത്യാവശ്യ ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താനും ലീസ്‌കിന് മികവുണ്ട്. ടി20,ഏകദിനങ്ങളില്‍ നിന്നായി 50 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അവസാന ഓവറുകളില്‍ ലീസ്‌കിന്റെ ബാറ്റിങ് ഇന്ത്യക്ക് തിരിച്ചടി നല്‍കിയേക്കും.

മാര്‍ക്ക് വാട്ട്
സ്‌കോട്ട്‌ലന്‍ഡ് സ്പിന്നര്‍ മാര്‍ക്ക് വാട്ടിനെ ഇന്ത്യ ഭയക്കണം. ഇന്ത്യയെ നേരിടാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് നേരത്തെ തന്നെ വാട്ട് പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ വാട്ടിന് സാധിച്ചേക്കും. കിവീസിനെതിരേ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരത്തിലും വാട്ട് വിക്കറ്റ് നേടിയിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. അതിനാല്‍ ഇന്ത്യ കരുതിക്കളിക്കേണ്ട താരമാണ് മാര്‍ക്ക് വാട്ട്. ദുബായിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക പ്രകടനം നടത്താനാവും.

സഫ്യാന്‍ ഷെറീഫ്
മറ്റൊരു ബൗളറായ സഫ്യന്‍ ഷെറീഫും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ന്യൂസീലന്‍ഡിനും അഫ്ഗാനിസ്ഥാനുമെതിരേ മികച്ച ബൗളിങ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെ പൂജ്യത്തിനാണ് ഷെറീഫ് പുറത്താക്കിയത്. ന്യൂബോളില്‍ മികവ് കാട്ടുന്ന താരം രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കെല്ലാം വലിയ ഭീഷണിയാണുയര്‍ത്തുന്നത്. അഫ്ഗാനിസ്ഥാനെതിരേ മുഹമ്മദ് ഷഹ്‌സാദിനെയും നജീബുല്ല സദ്രാനെയും ഷെറീഫാണ് പുറത്താക്കിയത്.

ക്രിസ് ഗ്രീവ്‌സ്
ഓള്‍റൗണ്ടര്‍ ക്രിസ് ഗ്രീവ്‌സും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന താരമാണ്. 31കാരനായ താരം 10 ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനോടകം തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായി. ബംഗ്ലാദേശിനെതിരേ സ്‌കോട്ട്‌ലന്‍ഡ് വിജയം നേടിയപ്പോള്‍ രണ്ട് വിക്കറ്റും 45 റണ്‍സുമായി ഗ്രീവ്‌സ് തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരേയും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗ്രീവ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications