T20 World Cup 2021: ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ ടി20 വിക്കറ്റ്, ഇന്ത്യയുടെ ടോപ് ഫൈവ് ബൗളര്‍മാര്‍ ഇതാ
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം 31ന് നടക്കാന്‍ പോവുകയാണ്. രണ്ട് ടീമിനും ജയം നിര്‍ണ്ണായകമാണെന്നിരിക്കെ ഗ്രൂപ്പ് രണ്ടില്‍ വലിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റതിനാല്‍ സെമി പ്രതീക്ഷ കാക്കാന്‍ രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടതാണ്. 10 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനോട് തോറ്റത്. ഇത് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചിട്ടുണ്ട്.
മികച്ച താരനിരയുള്ള കിവീസിന് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് അവസരത്തിനൊത്ത് ഉയരാനായാല്‍ മാത്രമെ ജയം സാധ്യമാവു. ഇന്ത്യക്ക് കരുത്തുറ്റ താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. ഇന്ത്യ-ന്യൂസീലന്‍ഡ് നിര്‍ണ്ണായക പോരാട്ടം നടക്കാനിരിക്കെ ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ ടി20 വിക്കറ്റ് നേടിയ അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇര്‍ഫാന്‍ പഠാന്‍
മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് അഞ്ചാം സ്ഥാനത്ത്. കിവീസിനെതിരേ നാല് ടി20 മത്സരങ്ങള്‍ കളിച്ച ഇര്‍ഫാന്‍ അഞ്ച് വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ ഇക്കോണമി റേറ്റ് മോശമാണ്. 9.69 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി.2012ലാണ് ന്യൂസീലന്‍ഡിനെതിരേ പഠാന്‍ തന്റെ അവസാന ടി20 കളിച്ചത്. ഒരു കാലത്ത് ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാരിലൊരാളായിരുന്ന പഠാന് പരിക്കാണ് വിനയായത്. ഇതോടെ പ്രതീക്ഷിച്ച നിലയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇത്തവണയും ഇന്ത്യയുടെ ലോകകപ്പ് ടീമിലെ നിര്‍ണ്ണായക താരമായി ജഡേജ ഉണ്ടാവും. അഞ്ച് വിക്കറ്റാണ് ജഡേജയും കിവീസിനെതിരേ നേടിയിട്ടുള്ളത്. 2009ലാണ് ആദ്യമായി ന്യൂസീലന്‍ഡിനെതിരേ ജഡേജ ടി20 കളിക്കുന്നത്. 5.88 എന്ന മികച്ച ഇക്കോണമി അദ്ദേഹത്തിനുണ്ട്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുള്ള ജഡേജ ഇത്തവണയും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

യുസ് വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് മൂന്നാം സ്ഥാനത്ത്. ഏഴ് വിക്കറ്റാണ് ന്യൂസീലന്‍ഡിനെതിരേ ചഹാല്‍ നേടിയിട്ടുള്ളത്. 10 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ ബൗളറാണ് ചഹാല്‍. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചഹാലിനെ പരിഗണിച്ചിട്ടില്ല. അവസാന ഐപിഎല്ലിലും തിളങ്ങാന്‍ ചഹാലിന് സാധിച്ചിരുന്നു. എന്നാല്‍ ടീമിലേക്ക് പരിഗണിക്കാന്‍ ഇന്ത്യ തയ്യാറായില്ല. സമീപകാലത്ത് അദ്ദേഹം നന്നായി തല്ലുവാങ്ങിയതാണ് തഴയാനുള്ള പ്രധാന കാരണം.

ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറാണ് രണ്ടാം സ്ഥാനത്ത്. ന്യൂസീലന്‍ഡിനെതിരേ അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ശര്‍ദുല്‍ വീഴ്ത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കോണമി 10നോടടുത്തുവരും. ആദ്യ മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്ത ശര്‍ദുലിനെ കിവീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ശര്‍ദുല്‍. നല്ല വേഗ നിയന്ത്രണമുള്ള ശര്‍ദുലിന് യുഎഇയിലെ സാഹചര്യം അനുകൂലമാണ്. ഐപിഎല്ലില്‍ സിഎസ്‌കെയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ശര്‍ദുല്‍ വഹിച്ചത്. മികച്ച ഫോമിലുള്ള താരത്തെ ഇന്ത്യ കിവീസിനെതിരേ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 10 വിക്കറ്റുകള്‍ ഇതിനോടകം ബുംറ ന്യൂസീലന്‍ഡിനെതിരേ വീഴ്ത്തിയിട്ടുണ്ട്. ഒമ്പത് ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം. 12 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പാകിസ്താനെതിരേ നിരാശപ്പെടുത്തിയ ബുംറയുടെ തിരിച്ചുവരവാണ് കിവീസിനെതിരേ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ബുംറ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയുടെ വിജയത്തിലും നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications