Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ചാംപ്യന്‍മാര്‍ ഔട്ട്! വിന്‍ഡീസിന് ലങ്കയുടെ മടക്കടിക്കറ്റ്

1

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ നേരത്തേ തന്നെ പുറത്തായ മുന്‍ ജേതാക്കളായ ശ്രീലങ്ക നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെയും വഴി മുടക്കി. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ 20 റണ്‍സിന്റെ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ലങ്കയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. വിന്‍ഡീസാവട്ടെ ഒരു കളി ബാക്കിനില്‍ക്കെയാണ് സെമിയിലെത്താതെ പുറത്തായത്. ഇനി ശേഷിച്ച ഏക കളിയില്‍ ആശ്വാസ വിജയം നേടാനായിരിക്കും വിന്‍ഡീസിന്റെ ശ്രമം.

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്‌ക്കെതിരേ മികച്ച ജയം നേടിയേ തീരുവെന്ന വെല്ലുവിളിയോടെയായിരുന്നു വിന്‍ഡീസ് ഇറങ്ങിയത്. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത കരെണ്‍ പൊള്ളാര്‍ഡ് ലങ്കയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി അതിവേഗം ചേസ് ചെയ്തു ജയിക്കാമെന്ന പ്ലാനിങിലായിരുന്നു. പക്ഷെ ലങ്ക അവരുടെ മുഴുവന്‍ കണക്കുകൂട്ടലും തെറ്റിച്ചു. 190 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിനു മുന്നില്‍ ലങ്ക വച്ചത്. ഇതോടെ തന്നെ വിന്‍ഡീസിന്റെ നില പരുങ്ങലിലായിരുന്നു.

മറുപടിയില്‍ വിന്‍ഡീസിന്റെ കടലാസില്‍ മാത്രം ശക്തമായ ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി വന്‍ ഫ്‌ളോപ്പുകളായി മാറി. ഇതോടെ എട്ടു വിക്കറ്റിന് 169 റണ്‍സെടുക്കാനേ വിന്‍ഡീസിനായുള്ളൂ. വിന്‍ഡീസിന് സ്വതന്ത്രമായ ശൈലിയില്‍ കളിക്കാനുള്ള ഒരു പഴുതും ലങ്കന്‍ ബൗളര്‍മാര്‍ നല്‍കിയില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. തകര്‍പ്പന്‍ ക്യാച്ചുകളിലായിരുന്നു വിന്‍ഡീസിന്റെ പല ബാറ്റര്‍മാരും പുറത്തായത്. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (81*) വണ്‍മാന്‍ ഷോയാണ് വിന്‍ഡീസിനെ ദയവീയ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. 54 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നിക്കോളാസ് പൂരനാണ് (46) മറ്റൊരു പ്രധാന സ്‌കോറര്‍. പൂരന്‍ 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.
മറ്റാരും രണ്ടക്കം പോലുമെത്തിയില്ല.

2

ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8), റോസ്റ്റണ്‍ ചേസ് (9), ആന്ദ്രെ റസ്സല്‍ (2), നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് (0), ജാസണ്‍ ഹോള്‍ഡര്‍ (8), ഡ്വയ്ന്‍ ബ്രാവോ (2), അകീല്‍ ഹുസൈന്‍ (1*) എന്നിവരെല്ലാം നിറംമങ്ങി. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ബിനുര ഫെര്‍ണാണ്ടോ, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ എന്നിവര്‍ ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്. ദുഷ്മന്ത ചമീര, ക്യാപ്റ്റന്‍ ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തേ ചരിത് അസലെന്‍ക (68), ഓപ്പണര്‍ പതും നിസങ്ക (51) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളായിരുന്നു ലങ്കയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 42 ബോളിലാണ് എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 68 റണ്‍സുമായി അസലെന്‍ക ടീമിന്റെ ടോപ്‌സ്‌കോററായത്. ഈ ഇന്നിങ്‌സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലും താരം ഒന്നാമതെത്തി. നിസങ്ക 41 ബോളില്‍ അഞ്ചു ബൗണ്ടറിയടിച്ചു. കുശാല്‍ പെരേര (29), നായകന്‍ ഷനക (25*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രണ്ടാം വിക്കറ്റില്‍ നിസങ്ക- അസലെന്‍ക ജോടി കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയുയെ നില ഭദ്രമാക്കിയത്.

3

സൂപ്പര്‍ 12ലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റു കൊണ്ടാണ് വിന്‍ഡീസ് തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ അവര്‍ തകര്‍ന്നടിഞ്ഞു. ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ട കളിയില്‍ ആറു വിക്കറ്റിന്റെ കനത്ത പരാജയം വിന്‍ഡീസിനു നേരിടുകയായിരുന്നു. 100 റണ്‍സ് പോലുമെടുക്കാനാവാതെയാണ് വിന്‍ഡീസ് ഓള്‍ഔട്ടായത്. സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ പരാജയവും വിന്‍ഡീസിനു നേരിട്ടു. എന്നാല്‍ മൂന്നാമത്തെ കളിയില്‍ ബംഗ്ലാദേശിനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും വിന്‍ഡീസ് രക്ഷപ്പെട്ടു. മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം.

ലങ്കയാവട്ടെ യോഗ്യതാ റൗണ്ടില്‍ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് സൂപ്പര്‍ 12ലേക്കു വന്നത്. സൂപ്പര്‍ 12ല്‍ പക്ഷെ മികവ് തുടരാന്‍ അവര്‍ക്കായില്ല. സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നതാണ് ലങ്കയ്ക്കു തിരിച്ചടിയായത്. ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഗംഭീരമായാണ് സൂപ്പര്‍ 12ല്‍ ലങ്ക തുടങ്ങിയത്. പക്ഷെ അടുത്ത മൂന്നു കളികളും തോറ്റതോടെ അവരുടെ സെമി പ്രതീക്ഷ അവസാനിച്ചു. ഓസ്‌ട്രേലിയയോട് ഏഴു വിക്കറ്റിനും സൗത്താഫ്രിക്കയോടു നാലു വിക്കറ്റിനും ഇംഗ്ലണ്ടിനോടു 26 റണ്‍സിനും ലങ്ക കീഴടങ്ങി.

പ്ലെയിങ് ഇലവന്‍

വെസ്റ്റ് ഇന്‍ഡീസ്- ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ജാസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസെയ്ന്‍, രവി രാംപോള്‍.

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലെന്‍ക, ഭാനുക രാജപക്ഷ, അവിഷ്‌ക ഫെര്‍ണാണ്ടോ, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ദുഷ്മന്ദ ചമീര, മഹീഷ് തീക്ഷണ, ലഹിരു കുമാര.

Story first published: Thursday, November 4, 2021, 23:31 [IST]
Other articles published on Nov 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+