T20 World Cup: ഇന്ത്യക്കെതിരേ ബാബര്‍ ആസം കളിച്ചത് അമ്മ വെന്റിലേറ്ററിലായ വേദന മറന്ന്
ദുബായ്: പാകിസ്താന്‍ ക്രിക്കറ്റിലെ ചരിത്ര നായകന്മാരിലൊരാളായി ബാബര്‍ ആസം ഇതിനോടകം മാറിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ ആ നാണക്കേടിന് പാകിസ്താന്‍ അന്ത്യം കുറിച്ചിരിക്കുകയാണ്. 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിന്റെ അവിസ്മരണീയ ജയമാണ് പാകിസ്താന്‍ നേടിയെടുത്തത്.
നായകനായും ബാറ്റ്‌സ്മാനായും ബാബര്‍ ആസം മികവ് കാട്ടിയത് ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന് കരുത്തായി. അര്‍ധ സെഞ്ച്വറിയോടെ ബാറ്റിങ്ങില്‍ തിളങ്ങിയ ബാബര്‍ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചാണ് പാകിസ്താനെ വിജയത്തിലേക്കെത്തിച്ചത്. ഇപ്പോഴിതാ ഇന്ത്യക്കെതിരേ ബാബര്‍ വീരോചിത പ്രകടനം നടത്തിയത് അമ്മ വെന്റിലേറ്ററിലായ വേദന മറന്നുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യ-പാക് മത്സരം നടക്കുമ്പോള്‍ ബാബറിന്റെ മാതാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് ബാബറിന്റെ പിതാവ് തുറന്ന് പറഞ്ഞത്.
Also Read : T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബാബറിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. 'ചില സത്യങ്ങള്‍ രാജ്യം ഇപ്പോള്‍ അറിയേണ്ടതായുണ്ട്. മൂന്ന് വിജയത്തിലും ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനം. വലിയ പരീക്ഷണത്തിലൂടെയാണ് എന്റെ കുടുംബം കടന്നുപോയത്. ഇന്ത്യും പാകിസ്താനും തമ്മിലുള്ള മത്സരദിനം ബാബറിന്റെ മാതാവ് വെന്റിലേറ്ററിലായിരുന്നു. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് മൂന്ന് മത്സരവും അവന്‍ കളിച്ചത്. മത്സരം കാണാന്‍ ഞാന്‍ എത്തിയത് അവന്റ ആത്മധൈര്യം നഷ്ടപ്പെട്ട് പോകാതിരിക്കാനാണ്. ഞാന്‍ ഇക്കാര്യം ഇപ്പോള്‍ തുറന്ന് പറയുന്നത് മറ്റൊന്നിനും വേണ്ടിയല്ല. ഒരു കാരണവുമില്ലാതെ രാജ്യത്തിന്റെ ഹീറോകളെ വിമര്‍ശിക്കുന്നവര്‍ അറിയുന്നതിനാണ്'- ബാബറിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്ത്യ-പാക് മത്സരം നടക്കുമ്പോള്‍ ബാബര്‍ ആസമിന്റെ പിതാവ് ഗ്യാലറിയിലുണ്ടായിരുന്നു. ടീമിന്റെ ഓരോ വിക്കറ്റ്‌നേട്ടത്തിനും കൈയടിച്ച് പ്രോത്സാഹിപ്പിച്ച അദ്ദേഹം ടീമിന്റെ ചരിത്ര ജയം കണ്ണീര്‍ പൊഴിച്ചാണ് ആഘോഷിച്ചത്. ബാബറിന്റെ പിതാവ് കണ്ണീര്‍ വാര്‍ത്ത് വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു. എന്തായാലും പാകിസ്താന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് നടന്നെത്താന്‍ ബാബറിന് സാധിച്ചിട്ടുണ്ട്.
പല സൂപ്പര്‍ താരങ്ങളുടെയും റെക്കോഡുകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ് ബാബര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പല റെക്കോഡുകളും ഇതിനോടകം തകര്‍ക്കാനും ബാബറിനായിട്ടുണ്ട്. ടി20യില്‍ വേഗത്തില്‍ 1000 റണ്‍സെന്ന റെക്കോഡ് കഴിഞ്ഞ ദിവസം ബാബര്‍ സ്വന്തം പേരിലാക്കിയിരുന്നു. നായകനെന്ന നിലയില്‍ കൂടുതല്‍ ടി20 അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡില്‍ കോലിക്കൊപ്പമാണ് ബാബറുള്ളത്.

ഈ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ബാബര്‍. സ്ഥിരതയോടെ കളിക്കുന്ന ബാബറിന് പരിമിത ഓവറില്‍ മികച്ച റെക്കോഡുകള്‍ തന്നെയാണുള്ളത്. നിലവില്‍ വിരാട് കോലിയേക്കാള്‍ പ്രതിഭയുള്ള താരമെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍. എന്നാല്‍ പല വലിയ ടീമുകളുമായി അധികം പരമ്പരകള്‍ കളിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ലാത്തതിനാല്‍ കുഞ്ഞന്‍ ടീമുകളുടെ മര്‍ദ്ദകനെന്ന് വിരോധികള്‍ പലപ്പോഴും ബാബറിനെ വിശേഷിപ്പിക്കാറുണ്ട്.
ടൂര്‍ണമെന്റുകളില്‍ കിരീട സാധ്യതയുള്ളവരില്‍ മുന്നിലുള്ളവരാണ് പാകിസ്താന്‍. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് വമ്പന്മാരെയും തോല്‍പ്പിക്കാന്‍ പാകിസ്താനായി. സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നീ കുഞ്ഞന്മാരാണ് ഇനി പാകിസ്താന് നേരിടാനുള്ളത്. അതിനാല്‍ ടീം ഏറെക്കുറെ സെമി ഉറപ്പിച്ചെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള പാകിസ്താന്‍ ഇത്തവണ രണ്ടാം ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications