T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം
ദുബായ്: ടി20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ-ന്യൂസീലന്‍ഡിനെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റതിനാല്‍ രണ്ട് ടീമിനും ഇന്നത്തെ ജയം വളരെ പ്രധാനപ്പെട്ടതാണ്. ഹാട്രിക് ജയത്തോടെ പാകിസ്താന്‍ സെമി ഏറെക്കുറെ ഉറപ്പിച്ചു. ഇനി ഒരു ടീമിനും കൂടിയാണ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് അവസരമുള്ളത്. അതിനാല്‍ ഇന്ത്യക്കും ന്യൂസീലന്‍ഡിനും ജയം ഒരുപോലെ പ്രധാനപ്പെട്ടതാണ്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിവീസിന് ഇന്ത്യക്കെതിരേ മേല്‍കൈയുണ്ട്. 2003ന് ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ പോലും ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കി. ഇതിനെല്ലാം കണക്കുവീട്ടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നാമാണെങ്കിലും അത് എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യ നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയാവും നിലനില്‍പ്പിന്റെ പോരാട്ടത്തിനിറങ്ങുക. ആവേശ മത്സരത്തില്‍ നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ടി20യില്‍ 17 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് തവണ വീതം രണ്ട് ടീമും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. ടി20 ലോകകപ്പില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം കിവീസിനായിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒമ്പത് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ ഇന്ത്യക്കായി 100 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താം. നിലവില്‍ രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യക്കാരില്‍ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നാല് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും. പരിക്ക് വേട്ടയാടിയിരുന്ന ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ബൗളിങ്ങും ഹര്‍ദിക് പുനരാരംഭിച്ചത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഇന്ത്യക്കെതിരേ മൂന്ന് സിക്‌സുകള്‍ നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 150 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡിലേക്കെത്താനാവും. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ഇപ്പോള്‍ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. 44 റണ്‍സുകൂടി നേടിയാല്‍ വിരാട് കോലിക്ക് ശേഷം 3000 ടി20 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാവാന്‍ ഗുപ്റ്റിലിനാവും.

കിവീസ് സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയാല്‍ 50 ടി20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ന്യൂസീലന്‍ഡ് ബൗളറെന്ന നേട്ടത്തിലേക്കെത്താനാവും. ഇടം കൈയന്‍ പേസറായ ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങാണ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത്. ഇന്ത്യയുടെ ശര്‍ദുല്‍ ഠാക്കൂര്‍ അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാവും. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ശര്‍ദുലിന് കിവീസിനെതിരേ അവസരം ലഭിച്ചേക്കും.

ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ 29 റണ്‍സ് നേടിയാല്‍ ടി20യില്‍ 5500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. വിരാട് കോലി ഒരു അര്‍ധ സെഞ്ച്വറി കൂടിനേടിയാല്‍ ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള നായകന്മാരില്‍ തലപ്പത്തെത്താനാവും. നിലവില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിനും കോലിക്കും 14 അര്‍ധ സെഞ്ച്വറി വീതമാണുള്ളത്. കിവീസിന്റെ ടിം സീഫെര്‍ട്ട് 30 റണ്‍സ്‌കൂടി നേടിയാല്‍ 2500 ടി20 റണ്‍സ് പൂര്‍ത്തിയാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications