
ടിമല്‍ മില്‍സ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് പേസ് ബൗളിങ് നിരയിലെ അപ്രതീക്ഷിത ഹീറോയായി മാറിയിരിക്കുകയാണ് ടിമല്‍ മില്‍സ്. ഇംഗ്ലീഷ് നിരയില്‍ ഏറ്റവും വലിയ സര്‍പ്രൈസ് തന്നെയായിരുന്നു അദ്ദേഹം. നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിരുന്ന താരമായിരുന്നു മില്‍സെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. 12 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിയ താരമായിരുന്നു അദ്ദേഹം. പക്ഷെ പിന്നീട് മില്‍സ് അപ്രത്യക്ഷനാവുകയായിരുന്നു.
ഈ ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റുകള്‍ മില്‍സ് വീഴ്ത്തിക്കഴിഞ്ഞു. ബംഗ്ലാദേശിനെതിരേ മൂന്നു വിക്കറ്റുകളെുത്ത അദ്ദേഹം ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തിയിരുന്നു.

ആസിഫ് അലി (പാകിസ്താന്‍)
പാകിസ്താന്റെ പുതിയ സൂപ്പര്‍ ഫിനിഷറായി മാറിയിരിക്കുകയാണ് ആസിഫ് അലി. വെറും രണ്ടു മല്‍സരങ്ങളിലെ പ്രകടനത്തോടെ തന്നെ അദ്ദേഹം മിന്നുംതാരമായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരായ കളിയില്‍ അലിയുടെ വെടിക്കെട്ട് ആരും മറന്നുകാണില്ല. രണ്ടോവറില്‍ 24 റണ്‍സായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഒരോവറില്‍ തന്നെ അലി കളി തീര്‍ക്കുകയായിരുന്നു. 19ാമത്തെ ഓവറില്‍ നാലു സിക്‌സറുകളാണ് താരം പറത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായതും അലിയായിരുന്നു.
ന്യൂസിലാന്‍ഡുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും അലി കസറിയിരുന്നു. അന്നു റണ്‍ചേസില്‍ പാകിസ്താന്‍ അഞ്ചു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ അലി 12 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 27 റണ്‍സെടുത്തിരുന്നു.

മഹീഷ് തീക്ഷണ (ശ്രീലങ്ക)
ലോക ക്രിക്കറ്റിനു പല ഇതിഹാസ സ്പിന്നര്‍മാരെയും സമ്മാനിച്ചിട്ടുള്ള രാജ്യമാണ് ശ്രീലങ്ക. ഈ ലോകകപ്പിലൂടെ പുതിയൊരു താരോദയെത്തെക്കൂടി ലങ്ക ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുകയാണ്- മഹീഷ് തീക്ഷണ. ലങ്കയുടെ മറ്റൊരു യുവ സ്പിന്നറായ വനിന്ദു ഹസരംഗ മാജിക്കല്‍ പ്രകടനങ്ങളുമായി മുന്നേറവെയാണ് തീക്ഷണയെന്ന പുതിയൊരു പങ്കാളിയെ ലഭിച്ചിരിക്കുന്നത്. 21 കാരനായ സ്പിന്നര്‍ ലങ്കയെ യോഗ്യതാ റൗണ്ടില്‍ നിന്നും സൂപ്പര്‍ 12ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എട്ടു വിക്കറ്റുകള്‍ തീക്ഷണ ഇതിനകം നേടിക്കഴിഞ്ഞു.
യോഗ്യതാ റൗണ്ടില്‍ അയര്‍ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹം നെതര്‍ലാന്‍ഡ്‌സിനെതിരേ രണ്ടു പേരെയും പുറത്താക്കി. മികച്ച ഭാവി താരമായി വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന ബൗളറാണ് തീക്ഷണയെന്നു ഈ പ്രകടനങ്ങള്‍ അടിവരയിടുന്നു.

ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍)
പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയും ഈ ലോകകപ്പോടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. ഷഹീന്‍ നേരത്തേ തന്നെ പാകിസ്താനു വേണ്ടി പല മാച്ച് വിന്നിങ് ബൗളിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ലോകകപ്പോടെയാണ് ഹീറോയായി മാറിയത്. ചിരവൈരികളായ ഇന്ത്യക്കെതിരേയുള്ള ആദ്യ മല്‍സരത്തില്‍ തന്നെ ഷഹീന്‍ ലോകത്തിന്റെ കൈയടിയേറ്റുവാങ്ങി. അടുത്തടുത്ത ഓവറുകളില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ പുറത്താക്കിയ ഷഹീനായിരുന്നു പാകിസ്താന്റെ വിജയശില്‍പ്പി. വിരാട് കോലിയുടെ വിക്കറ്റും അദ്ദേഹത്തിനായിരുന്നു. പാകിസ്താന്‍ 10 വിക്കറ്റിനു ജയിച്ച കളിയില്‍ ഷഹീന്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. നാലോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെ രകളിയില്‍ 21 റണ്‍സിന് ഒരു വിക്കറ്റും അഫ്ഗാനിസ്താനെതിരേ 22 റണ്‍സിന് ഒരു വിക്കറ്റും ഷഹീന്‍ വീഴ്ത്തിയിരുന്നു.

ജെറാഡ് ഇറാസ്മസ് (നമീബിയ)
നമീബിയന്‍ ടീമിന്റെ ക്യാപ്റ്റനാണ് ജെറാഡ് ഇറാസ്മസ്. ചരിത്രത്തില്‍ ആദ്യമായി നമീബിയക്കു ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത ക്യാപ്റ്റനായി അദ്ദേഹം മാറിയിരിക്കുകയാണ്. മാത്രമല്ല സൂപ്പര്‍ 12ല്‍ കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ ടീമിനു വിജയം നേടിക്കൊടുക്കാനും ഇറാസ്മസിനു കഴിഞ്ഞു. നായകന്റെ പ്രകടനവുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 36.33 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 109 റണ്‍സ് ഇറാസ്മസ് നേടിയിട്ടുണ്ട്.
സ്‌കോട്ട്‌ലാന്‍ഡിനെതിരായ സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ നമീബിയക്കു വിജയം സമ്മാനിച്ച ഇറാസ്മസ് ഇനി ശേഷിച്ച മല്‍സരങ്ങളിലും ചില അട്ടിമറികള്‍ കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.


Click it and Unblock the Notifications