
ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സാമുള്‍ ഹഖ്. ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്‍സി ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ഞെട്ടല്‍ അറിയിച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ മല്‍സരമായിരുന്നു ഇത്. ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് മല്‍സരത്തേക്കാള്‍ വലുതായിരുന്നു ഇത്. ഇന്ത്യന്‍ ടീം കളിച്ച രീതി എന്നെ ശരിക്കും ഞെട്ടിച്ചു. അവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്ര വലിയൊരു ടീം എന്തിനാണ് ഇത്രയുമധികം സമ്മര്‍ദ്ദത്തോടെ കളിച്ചതെന്നു മനസ്സിലാവുന്നില്ലെന്നും ഇന്‍സി വ്യക്തമാക്കി.

ന്യൂസിലാന്‍ഡ് സ്പിന്നര്‍മാര്‍ മിടുക്കരാണ്, പക്ഷെ അവര്‍ ലോകോത്തര ബൗളര്‍മാരാണെന്നു പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവര്‍ക്കെതിരേ സിംഗിളെടുക്കാന്‍ പോലും പലപ്പോഴും സാധിച്ചില്ല. സ്പിന്നിനെതിരേ നന്നായി കൡക്കുകയെന്നത് കോലിയുടെ കരുത്തായിരുന്നു. പക്ഷെ അദ്ദേഹം പോലും സിംഗിളെടുക്കാനാവാതെ വിഷമിച്ചതായും ഇന്‍സമാം വിലയിരുത്തി.
മിച്ചെല്‍ സാന്റ്‌നറും ഇന്ത്യന്‍ വംശജനായ ഇഷ് സോധിയുമായിരുന്നു കിവീസ് നിരയിലെ സ്പിന്നര്‍മാര്‍. രണ്ടു പേരും കൂടി എട്ടോവറില്‍ 32 റണ്‍സാണ് വഴങ്ങിയത്. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രണ്ടും സോധിക്കായിരുന്നു. ഇന്ത്യന്‍ നിരയിലെ നിര്‍ണായക താരങ്ങളായ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സോധിക്കായിരുന്നു.
ദയനീയ തോല്‍വി
ന്യൂസിലാന്‍ഡിനെതിരേ ദുബായില്‍ നടന്ന കളിയില്‍ പൊരുതാന്‍ പോലുമാവാതെയായിരുന്നു ഇന്ത്യ കീഴടങ്ങിയത്. മല്‍സരത്തില്‍ ടോസ് ലഭിച്ചത് ന്യൂസിലാന്‍ഡിനായിരുന്നു. കണക്കുകൂട്ടല്‍ തെറ്റിക്കാതെ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു മാറ്റങ്ങളോടെയായിരുന്നു ഇന്ത്യ കളിച്ചത്. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ഇഷാന്‍ കിഷനും ശര്‍ദ്ദുല്‍ ടാക്കൂറും ടീമിലേക്കു വന്നു. ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റിയാണ് ഇന്ത്യ കളിച്ചത്. കെഎല്‍ രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത് ഇഷാനായിരുന്നു. രോഹിത് മൂന്നാം നമ്പറിലാണ് കളിച്ചത്. ഈ നീക്കം ഫ്‌ളോപ്പായി മാറുകയും ചെയ്തു. ഇഷാന്‍ നാലു റണ്‍സിനും രോഹിത് 14 റണ്‍സിനും പുറത്തായി.
ടോപ്പ് ഫൈവ് തകര്‍ന്നതോടെ മുടന്തിയ ഇന്ത്യ ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 110 റണ്‍സെടുക്കുകയായിരുന്നു. വാലറ്റത്ത് രവീന്ദ്ര ജഡേജ (26*), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവരാണ് ടീമിനെ 100 കടത്തിയത്. മറുപടിയില്‍ ന്യൂസിലാന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തി. 14.3 ഓവറില്‍ രണ്ടു വിക്കറ്റിന് കിവീസ് വിജയം പൂര്‍ത്തിയാക്കി.

49 റണ്‍സെടുത്ത ഡാരില്‍ മിച്ചെലായിരുന്നു ടോപ്‌സ്‌കോറര്‍. 35 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. നായകന്‍ വില്ല്യംസണ്‍ പുറത്താവാതെ 33 റണ്‍സോടെ ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. ന്യൂസിലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളും ജസ്പ്രീത് ബുംറയ്ക്കായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയടക്കം ആറു ബൗളര്‍മാര്‍ ഈ മല്‍സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം ഹാര്‍ദിക് ബൗള്‍ ചെയ്ത മല്‍സരം കൂടിയായിരുന്നു ഇത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ് (വിക്കറ്റ് കീപ്പര്‍) മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ.