കൊളംബോ: രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചിടാണ് ഈ ടി20 ലോകകപ്പിലെ രണ്ടാമങ്കത്തില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഓസിസ് വന്‍ ഷോക്ക് നല്‍കിയിരിക്കുകയാണ് സിംബാബ്‌വെ ടീം. 23 റണ്‍സിന്റെ സര്‍പ്രൈസ് വിജയമാണ് സിക്കന്തര്‍ റാസയും സംഘവും സ്വന്തമാക്കിയത്.
170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കംഗാരുപ്പടയെ 20 ഓവറുകള്‍ പേലും ക്രീസില്‍ നില്‍ക്കാന്‍ സിംബാബ്‌വെ അനുവഗദിച്ചില്ല. 19.3 ഓവറില്‍ വെറും 146 റണ്‍സില്‍ ഓസീസിനെ അവര്‍ എറിഞ്ഞിടുകയയിരുന്നു. ഈ ലോകകപ്പിലെ ആദ്യത്തെ അട്ടിമറി കൂടിയാണ് കൊളംബോയിലെ പ്രേമദാസ സ്്‌റ്റേഡിയത്തില്‍ കുറിക്കപ്പെട്ടത്.

ഓസ്‌ട്രേലിയയുടെ ഈ ഞെട്ടിക്കുന്ന പരാജയം കാരണം കോളടിച്ചത് ഇന്ത്യക്കാണ്. കംഗാരുക്കള്‍ക്കു മേല്‍ സിംബാബ്‌വെയുടെ ഈ സ്വപ്‌നതുല്യമായ വിജയം ഇന്ത്യക്കു പല കാരണങ്ങളാല്‍ സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. ഇന്ത്യ ഇത്തവണ കിരീടമുയര്‍ത്തിയേക്കുമെന്ന വമ്പന്‍ സൂചനയും കൂടിയാണിത്. എങ്ങനെയെന്നറിയാം.
ഐസിസി ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ഓസ്‌ട്രേലിയയെ രണ്ടു തവണ സിംബാബ്‌വെ അട്ടിമറിച്ചപ്പോഴും ഇന്ത്യ ചാംപ്യന്‍മാരായിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. 1983ലെ ഏകദിന ലോകകപ്പിലായിരുന്നു കംഗാരുപ്പടയെ സിംബാബ്‌വെ ആദ്യമായി മലര്‍ത്തിയടിച്ചത്.
ഓസീസും സിംബാബ്‌വെയും തമ്മില്‍ രണ്ടു തവണ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയിരുന്നു. ഇവയിലൊന്നിലാണ് ഓസീസിന് അവര്‍ വമ്പന്‍ ഷോക്ക് നല്‍കിയത്. സിംബാബ്‌വെയുടെ ലോകകപ്പിലെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ടൂര്‍ണമെന്റ്.
അന്നു 60 ഓവറുകളാണ് ഒരിന്നിങ്‌സിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമില്‍ നടന്ന കളിയില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ആറു വിക്കറ്റിനു 239 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ഓസ്‌ട്രേലിയയെ 226ലൊതുക്കിയ അവര്‍ 11 റണ്‍സിന്റെ അവിശ്വസനീയ വിജയവും കുറിക്കുകയായിരുന്നു.
ഈ ടൂര്‍ണമെന്റില്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പിന്നീട് കന്നിക്കിരീടവും സ്വന്തമാക്കി. ഫൈനലില്‍ കിരീട ഫേവറിറ്റുകളായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയായിരുന്നു ഇന്ത്യ സര്‍പ്രൈസ് ചാംപ്യന്മാരായത്.
അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പിലും ഓസ്‌ട്രേലിയക്കു മേല്‍ സിംബാബ്‌വെ അട്ടിമറി വിജയം കുറിച്ചു. അന്നു ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. സൗത്താഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന കളിയില്‍ അഞ്ചു വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ സര്‍പ്രൈസ് വിജയം.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീമിനെ ഒമ്പതു വിക്കറ്റിന് 138 റണ്‍സെടുക്കാനെ സിംബാബ്‌വെ അനുവദിച്ചുള്ളൂ. റണ്‍ചേസില്‍ ഒരു ബോള്‍ ബാക്കി നില്‍ക്കെ സിംബാബ്‌വെ വിജയത്തിലെത്തുകയും ചെയ്തു.
ഈ ലോകകപ്പിലേതു പോലെ അന്നും ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. യൂറോപ്യന്‍ ടീമായ സ്‌കോട്ട്‌ലാന്‍ഡും അന്ന് ഈ ഗ്രൂപ്പിലുണ്ടായിരുന്നു. ഇത്തവണയും ഇതു ആവര്‍ത്തിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സാണ് ഇന്ത്യക്കും പാകിസ്താനുമൊപ്പം ഗ്രൂപ്പിലുള്ള .യൂറോപ്യന്‍ ടീം. എംഎസ് ധോണിക്കു കീഴിലായിരുന്നു 2007ല്‍ ഇന്ത്യ ജേതാക്കളായത്.
അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ഐസിസി ടൂര്‍ണമെന്റും കൂടിയായിരുന്നു അത്.. ഇത്തവണയും സമാനമായ ഒരു സാമ്യത കാണാം. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റാണ് ഈ ലോകകപ്പ്. ഈ സാദൃശ്യങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഇത്തവണ സൂര്യയും സംഘവും കപ്പുയര്‍ത്തുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.