മുംബൈ: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോക കിരീടത്തിനും ടീം ഇന്ത്യക്കുമിടയില്‍ വെറും രണ്ടു മല്‍സരങ്ങളുടെ ദൂരം മാത്രം. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ റെക്കോര്‍ഡ് റണ്‍ചേസ് ജയത്തോടെ ഇന്ത്യ സെമിയില്‍ ഇടം നേടിക്കഴിഞ്ഞു.
വ്യാഴാഴ്ച രാത്രി മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ രണ്ടു തവണ ജേതാക്കളായ ഇംഗ്ലണ്ടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിന്‍ഡീസുമായുള്ള സെമിയിലെ വണ്‍മാന്‍ ഷോയോടെ സഞ്ജു സാംസണ്‍ ടീം ഇന്ത്യയുടെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ്.

റണ്‍ചേസില്‍ ബാറ്റിങ് നിരയിലെ ഭൂരിഭാഗം പേരും പതറിയപ്പോള്‍ പുറത്താവാതെ 97 റണ്‍സുമായാണ് അദേഹം ടീമിന്റെ വിജയനായകനായി മാറിയത്. 50 ബോളില്‍ 12 ഫോറും നാലു സിക്‌സും സഞ്ജുവിന്റെ ഇന്നിങ്‌സിലുള്‍പ്പെടും.

ഇനി സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും അദ്ദേഹം ഫോം തുടരുമെന്നാണ് ടീം മാനേജ്‌മെന്റും ആരാധകരുമെല്ലാം പ്രതീക്ഷിക്കുന്നത്. പക്ഷെ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ച്ചയായും ഭയക്കേണ്ട എതിരാളികള്‍ തന്നെയാണ് ഇംഗ്ലണ്ടെന്ന് സംശയമില്ലാതെ പറയാം. അതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇവയെന്താണെന്നു നോക്കാം.
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളില്‍ മൂന്നു സെഞ്ച്വറികളടക്കം നേടി വിലസി നില്‍ക്കവെ സഞ്ജു സാംസണിന്റെ കരിയറില്‍ ഒരു വീഴ്ച സംഭവിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള പരമ്പരയിലാണ്. 2025 ജനുവരിയിലാണ് ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കാനെത്തിയത്.
അഞ്ചു ടി20കള്‍ ഈ പരമ്പരയിലാണ് ഇരുടീമും ആദ്യം ഏറ്റുമുട്ടിയത്. മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത് സഞ്ജുവും അഭിഷേക് ശര്‍മയുമാണ്. തൊട്ടുമുമ്പ് കളിച്ച സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു ടി20 സെഞ്ച്വറികള്‍ നേടിയ സഞ്ജു ഇംഗ്ലണ്ടിനെതിരേയും റണ്‍വേട്ട തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം പരമ്പര അവസാനിപ്പിച്ചത്. അഞ്ചു ടി20കളില്‍ നിന്നും നേടാനായത് വെറും 51 റണ്‍സ് മാത്രം. 10.20 എന്ന ദയനീയ ശരാശരിയില്‍ 118.60 സ്‌ട്രൈക്ക് റേറ്റിലാണിത്. അഞ്ചു ഫോറും മൂന്നും സിക്‌സറും മാത്രമാണ് പരമ്പരയിലാകെ സഞ്ജു നേടിയത്.
അദ്ദേഹത്തിന്റെ പുതിയൊരു വീക്ക്‌നെസ് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുറന്നു കാണിക്കുകയായിരുന്നു. ശരീരം ലക്ഷ്യമിട്ടുള്ള ഷോര്‍ട്ട് ബോളെറിഞ്ഞാണ് അദ്ദേഹം മലയാളി താരത്തെ പൂട്ടിയത്. ഈ ബോളുകള്‍ക്കെതിരേ സഞ്ജു നിരന്തരം പുള്‍ ഷോട്ട് കളിക്കുകയും ഒരേ രീതിയില്‍ തന്നെ പരമ്പരയിലുടനീളം പുറത്താവുകയും ചെയ്തു.

ആര്‍ച്ചറാണ് ഇങ്ങനെയൊരു വലിയ ദൗര്‍ബല്യം അദ്ദേഹത്തിനുണ്ടെന്നു കാണിച്ചു തരുന്നത്. ഇതോടെ മാര്‍ക്ക് വുഡുള്‍പ്പെടെ ഇംഗ്ലീഷ് നിരയിലെ മറ്റു പേസര്‍മാരും ഇതേ അടവുതന്നെ സഞ്ജുവിനെതിരേ പയറ്റുകയും അതില്‍ വിജയിക്കുകയും ചെയ്തു.

പരമ്പരയിലെ അവസാന കളിയില്‍ ആര്‍ച്ചറെ നേരിടവെ കൈവിരലിനു പരിക്കേറ്റ സഞ്ജുവിനു പിന്നീട് ഐപിഎല്ലിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളും നഷ്ടമായി. അന്നത്തെ അത്ര സുഖകരമല്ലാത്ത ഓര്‍മകള്‍ക്കു ശേഷമാണ് ഇപ്പോള്‍ ടി20 ലോകകപ്പ് സെമിയില്‍ സഞ്ജുവും ആര്‍ച്ചറും മുഖാമുഖം വരുന്നത്.
അന്നത്തെ ഷോര്‍ട്ട് ബോള്‍ ഗെയി പ്ലാന്‍ തന്നൊവും അദ്ദേഹത്തിനെതിരേ ഇംഗ്ലീഷ് പേസ് നിര പരീക്ഷിക്കുക. പഴയതു പോലെ സഞ്ജുവിനു മുട്ടിടിക്കുമോ, അതോ ആര്‍ച്ചറെയും കൂട്ടരെയും പഞ്ഞിക്കിടുമോയെന്നുമാണ്കാത്തിരുന്നു കാണേണ്ടത്.