അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ (T20 WC 2026) പ്രാഥമിക റൗണ്ട് പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി ലെവല്‍ രണ്ടിലേക്കു കടക്കുകയാണ്. സൂപ്പര്‍ എട്ട് ചാലഞ്ചാണ് ഇനി സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നിലുള്ളത്. ഞായറാഴ്ച രാത്രി ഏഴിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കൊണ്ടു തന്നെ സൂപ്പര്‍ എട്ടില്‍ തുടങ്ങാനായിരിക്കും നിലവിലെ ചാപ്യന്‍മാരുടെ പ്ലാന്‍. കഴിഞ്ഞ ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ റീപ്ലേ കൂടിയാണ് ഈ പോരാട്ടം. അന്നു ത്രില്ലറില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത്.

പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ ഇത്തവണത്തെ പ്രകടനം അത്ര ആശാവഹമല്ല. പല മല്‍സരങ്ങളിലും വലിയ വെല്ലുവിളി നേരിട്ടാണ് ടീം ജയിച്ചുകയറിയത്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയെ വീഴ്ത്തണമെങ്കില്‍ ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടിയും വന്നേക്കും. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.
നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരതതില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയാവും സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയിറങ്ങുക. ബാറ്റിങിലേക്കു വന്നാല്‍ ടോപ്പ് ത്രീയുടെ മോശം പ്രകടനം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇഷാന്‍ കിഷന് മാത്രമാണ് ആദ്യ മൂന്നില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്നത്.
വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാംനമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ ഇതിനകം കളിച്ച മൂന്നിന്നിങിസുകളിലും ഡെക്കായിരുന്നു. തിലക് വര്‍മയുടെ കാര്യമെടുത്താല്‍ ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങാണ് നാലു മല്‍സരങ്ങളിലും പുറത്തെടുത്തത്. ഇനു സൂപ്പര്‍ എട്ടിലും തിലകിന്റെ ഈ തരത്തിലുള്ള മെല്ലെപ്പോക്ക് നടക്കില്ല.
അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ ടോപ്പ് ത്രീയെ ഇന്ത്യ അഴിച്ചു പണിതേക്കും. ഗ്രൂപ്പുഘട്ടത്തില്‍ ഒരു മല്‍സരം മാത്രം കളിക്കുകയും ശേഷിച്ചവയില്‍ ബെഞ്ചില്‍ ഇരിക്കുകയും ചെയ്ത സഞ്ജു സാംസണിനെ തിരികെ വിളിച്ചേക്കും. അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ഡുഷാറ്റെ തന്നെ ഇക്കാര്യത്തില്‍ വമ്പന്‍ സൂചനയും നല്‍കിക്കഴിഞ്ഞു.
ഇന്ത്യന്‍ ടോപ്പ് ത്രീയിലെ മൂന്നു പേരും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. കൂടാതെ ബാറ്റിങ് ലൈനപ്പിലെ ഭൂരിഭാഗം പേരും ഇടംകൈന്മാര്‍ തന്നെ. ഇതു എതിര്‍ ടീമുകള്‍ ഫിംഗര്‍ സ്പിന്നര്‍മാരുടെ സഹായത്തോടെ ശരിക്കും മുതലാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ സഞ്ജു ബെഞ്ചിലുണ്ടെന്നും ഡുഷാറ്റെ പേരെടുത്തു പറഞ്ഞു.
വലംകൈയന്‍ ബാറ്ററായ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നേക്കുമെന്ന വ്യക്തമായ സൂചനയും ഈ വാക്കുകളിലുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മാച്ച് വിന്നറായ അഭിഷേകിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. അദ്ദേഹം ഓപ്പണിങില്‍ തന്നെ തുടരും. പക്ഷെ അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയായി വന്നേക്കുക സഞ്ജുവായിരിക്കും. ഇതു ടീമിനു ഇടംകൈ-വലംകൈ കോമ്പിനേഷന്‍ നല്‍കും.

ഇഷാന്‍ മൂന്നാം നമ്പറിലായിരിക്കും ബാറ്റിങിന് ഇറങ്ങുക. ഇതോടെ തിലകിനു സ്ഥാനവും നഷ്ടമാവും. നാലാമായി പതിവുപോലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമുണ്ടാവും. തിലകിന്റെ ഫോം മാത്രമല്ല, സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള തകര്‍പ്പന്‍ റെക്കോര്‍ഡും സഞ്ജുവിനു പ്ലസ് പോയിന്റാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയത് അവര്‍ക്കെതിരേയാണ്. ടി20യിലെ മൂന്നു സെഞ്ച്വറികളില്‍ രണ്ടും സഞ്ജു കുറിച്ചതും സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്.
തിലകിനു പകരം സഞ്ജു വരുന്നതൊഴിച്ചാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ഇലവനിലെ രണ്ടാമത്തെ മാറ്റം വാഷിങ്ടണ്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റനും മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തുമെന്നതാണ്. നെതര്‍ലാന്‍ഡ്‌സിനെതിരേ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ഈ രണ്ടു മാറ്റങ്ങള്‍ മാത്രമേ ഇന്ത്യന്‍ ഇലവനില്‍ വരുത്തിയേക്കുകയുള്ളൂ,
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.