കറാച്ചി: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നത് കാരണം പാകിസ്താന്‍ ടീമിന് എട്ടിന്റെ പണി കിട്ടിയേക്കും. ഈയൊരു വലിയ തീരുമാനം കാരണം അവര്‍ സൂപ്പര്‍ എട്ട് പോലും കാണാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഈ മാസം 15ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായമല്‍സരം ബഹിഷ്‌കരിക്കുകയാണെന്നു പാകിസ്താന്‍ പ്രഖ്യാപിച്ചത്. പാക് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടീമിന്റെ ഇങ്ങനെയൊരു നീക്കം.
ടൂര്‍ണമെന്റിലെ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം അവര്‍ കളിക്കുമെങ്കിലും ഇന്ത്യക്കെതിരേ മാത്രമിറങ്ങില്ല. ഇങ്ങനെയൊരു തീരുമാനം പാകിസ്താന്റെ സൂപ്പര്‍ സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക? ഗ്രൂപ്പുഘട്ടം കടന്ന് അടുത്ത റൗണ്ടിലേക്കു മുന്നേറാനുള്ള സാധ്യതകളറിയാം.

ഗ്രൂപ്പുഘട്ട മല്‍സങ്ങള്‍
ഇന്ത്യയും ശ്രീലങ്കയും സംയുക്ത വേദികളാവുന്ന ഐസിസി ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് പാകിസ്താന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയെക്കൂടാതെ നെതര്‍ലാന്‍ഡ്‌സ്, നമീബിയ, അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പുഘട്ടത്തില്‍ ഓരോ ടീമിനും നാലു മല്‍സരങ്ങളാണുള്ളത്. ഇതിലൊന്നാണ് പാകിസ്താന്‍ ഇപ്പോള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്.
15നു കൊളംബോയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുമായുള്ള പോരാട്ടത്തിന് മുമ്പ് പാക് ടീമിന് രണ്ടു കളികളുണ്ട്. ഏഴിന് നെതര്‍ലാന്‍ഡ്‌സുമായി ഏറ്റുമുട്ടുന്ന അവര്‍ 10ന് അമേരിക്കയുമായും കൊമ്പുകോര്‍ക്കും. 18ന് നമീബിയയുമായിട്ടാണ് പാകിസ്താന്റെ അവസാന മല്‍സരം. ഗ്രൂപ്പില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് സൂപ്പര്‍ എട്ടിലെത്തുക.
തലപ്പത്ത് ഇന്ത്യ, രണ്ടാമതാര്?
പാകിസ്താന്‍ പിന്‍മാറിയതോടെ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരാവുമെന്ന് ഉറപ്പായിട്ടുണ്ട്. ശേഷിച്ച മൂന്നു കളികളും ജയിച്ച് ഫുള്‍ പോയിന്റുമായിട്ടാവും സൂര്യകുമാര്‍ യാദവും സൂപ്പര്‍ എട്ടിലേക്കു കുതിക്കുക. എന്നാല്‍ പാകിസ്താന്റെ കാര്യം അത്ര പന്തിയല്ല. മറ്റു ടീമുകള്‍ക്കെല്ലം സൂപ്പര്‍ എട്ടിലെത്താന്‍ നാല് അവസരമുള്ളപ്പോള്‍ പാക് ടീമീന് മൂന്നെണ്ണം മാത്രമേയുള്ളൂ.
ഇന്ത്യക്കു നാലു ഗ്രൂപ്പ് മല്‍സങ്ങളും ജയിക്കാന്‍ കഴിയുമെങ്കില്‍ മറ്റു ടീമുകള്‍ക്കെല്ലാം പരമാവധി മൂന്നു കളി വീതവും ജയിക്കാ. അങ്ങനെ വന്നാല്‍ ഒരേ പോയിന്റുള്ള ഒന്നിലേറ ടീമുകളുമുണ്ടാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റാണ് നിര്‍ണായകമായി മാറുക.
അതുകൊണ്ടു തന്നെ അമേരിക്ക, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളെല്ലാം തന്നെ വലിയ മാര്‍ജിനില്‍ പാക് ടീമിനു ജയിക്കേണ്ടിയും വരും. ഈ മൂന്നൂ മല്‍സങ്ങളില്‍ ഒന്ന് തോല്‍ക്കുകയാണെങ്കില്‍ പാകിസ്താന്‍ കുഴപ്പത്തിലാവും.
2 ടീമിനെ സൂക്ഷിക്കണം
ഗ്രൂപ്പ് എയിലെ ടീമുകളില്‍ അമേരിക്കയെയും നെതര്‍ലാന്‍ഡ്‌സിനെയും പാകിസ്താന്‍ സൂക്ഷിക്കേണ്ടതുണ്ട്. 2024ലെ അവസാന എഡിഷനില്‍ പാകിസ്താനെ അട്ടിമറിച്ച് അദ്ഭുതം സൃഷ്ടിച്ച ടീമാണ് അമേരിക്ക. ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ തന്നെയാണ് സൂപ്പര്‍ ഓവറിലേക്കു നീണ്ട പോരാട്ടത്തില്‍ അമേരിക്ക പാക് പടയുടെ കഥ കഴിച്ചത്.

സമാനമായ അദ്ഭുതം ഇത്തവണയും ആവര്‍ത്തിക്കാന്‍ അമേരിക്കയ്ക്കു സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇവരെ പാകിസ്താന്‍ സൂക്ഷിക്കുക തന്നെ വേണം. നെതര്‍ലാന്‍ഡ്‌സും ക്രിക്കറ്റില്‍ അപകടകാരികളായി മാറിക്കൊണ്ടിരിക്കുന്ന ടീമാണ്. 2023ല്‍ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ സൗത്താഫ്രിക്കയെ അട്ടിമറിച്ച് അവര്‍ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.
അമേരിക്ക, നെതര്‍ലാന്‍ഡ് എന്നിവയിലൊരു ടീമിനോടു ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തോല്‍ക്കുകയും ശേഷിച്ച മല്‍സരങ്ങളിലൊന്ന് മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ സൂപ്പര്‍ എട്ടിലെത്താതെ പാകിസ്താന് നാട്ടിലേക്കു മടങ്ങേണ്ടിയും വരും. അതിനാല്‍ ഗ്രൂപ്പിലെ മൂന്നു കളിയിലും മികച്ച മാര്‍ജിനില്‍ ജയിക്കുകയെന്നത് മാത്രമാണ് സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് മുന്നിലുള്ള ഒരേയൊരു വഴി.