ചെന്നൈ: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ആഗ്രഹിച്ചു പോലെയെല്ലാം സംഭവിച്ച ദിവസമാണ് കടന്നു പോയത്. ആദ്യം സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസിനെ സൗത്താഫ്രിക്ക ഒമ്പതു വിക്കറ്റിനു തകര്‍ത്തുവിട്ടു. പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യ 72 റണ്‍സിന്റെ ആധികാരിക വിജയവും കൈക്കലാക്കി.
ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. ഗ്രൂപ്പില്‍ നിന്നും സൗത്താഫ്രിക്ക സെമിയില്‍ സ്ഥാനമുറപ്പാക്കി കഴിഞ്ഞു. ശേഷിച്ച ഒരു ടിക്കറ്റിനുവേണ്ടി ഇപ്പോള്‍ പിടിവലി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ്. ഞായറാഴ്ച രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന പോരാട്ടം അക്ഷരാര്‍ഥത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറി.

ജയിക്കുന്നവര്‍ക്കു സെമി ടിക്കറ്റ്, തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. എന്നാല്‍ ഈ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണിയാണ് കിട്ടുക. ഇതിനു കാരണക്കാരനാവട്ടെ നായകന്‍ സൂര്യകുമാര്‍ യാദവുമാണ്. എന്താണ് സംഭവമെന്നറിയാം.

സിംബാബ്‌വെയ്‌ക്കെതിരേ 72 റണ്‍സിന്റെ മിന്നുന്ന വിജയം നേടിയെങ്കിലും സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ ഇപ്പോഴും മൂന്നാംസ്ഥാനത്തു തന്നെയാണുള്ളത്. ഇതിനു കാരണമാവട്ടെ മോശം നെറ്റ് റേറ്റാണ്. ഇന്ത്യന്‍ ടീമിന്റെ നെറ്റ് റണ്‍റേറ്റ് ഇപ്പോഴും നെഗറ്റീവില്‍ തന്നെയാണുള്ളത്. -0.100 ആണ് ഇപ്പോഴുള്ള നെറ്റ് റണ്‍റേറ്റ്.
തൊട്ടുമുകളിലുള്ള വെസ്റ്റ് ഇന്‍സീന്റെ നെറ്റ് റണ്‍റേറ്റ് +1.791 ആണ്. ഈ കാരണത്താണ് രണ്ടു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായിട്ടും വിന്‍ഡീസ് മുകളിലേക്കു കയറിയത്.
ഇനി ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-വിന്‍ഡീഡ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് വിന്‍ഡീസിനെ സെമിയിലെത്തിക്കും. ഇന്ത്യ പുറത്താവുകയും ചെയ്യും.
എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യക്കു മുന്നിലുണ്ടായിരുന്നു. കാരണം സിംബാബ്‌വെയ്‌ക്കെതിരേ നാലു വിക്കറ്റിന് 256 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയ ശേഷം അതിനുള്ള മികച്ച അവസരം ടീമിനു ലഭിച്ചിരുന്നു.

പക്ഷെ സൂര്യകുമാര്‍ യാദവിന്റെ മോശം ക്യാപ്റ്റന്‍സി കാരണം ഈ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യക്കായില്ല. സിംബാബ്‌വെയ്‌ക്കെതിരേ 148 റണ്‍സ് വിജയമായിരുന്നു നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാന്‍ ടീമിന് ആവശ്യം. അതായത് കളിയില്‍ 108 റണ്‍സില്‍ അവരെ ഇന്ത്യ പിടിച്ചുനിര്‍ത്തണമായിരുന്നു.
പക്ഷെ തന്റെ ബൗളര്‍മാരെ വളരെ അലസമായി ഉപയോഗിച്ച സൂര്യ എതിരാളികള്‍ക്കു സ്‌കോറിങിനുള്ള അവസരങ്ങളെല്ലാം ഒരുക്കി നല്‍കി. ന്യൂബോളില്‍ അര്‍ഷ്ദീപ് സിങിനോടൊപ്പം തന്റെ സ്‌ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുംറയെ കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ബൗള്‍ ചെയ്തത്.

കൂടാതെ ബുംറയുടെയും ഹാര്‍ദിക്കിന്റെയും നാലോവര്‍ ക്വാട്ട തികയ്ക്കാതെ ശിവം ദുബെയ്ക്ക് തീര്‍ത്തും അനാവശ്യമായി രണ്ടേവറും നല്‍കി. 46 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്.
നിരവധി വൈഡുകളും നോ ബോളുകളും വമ്പന്‍ സിക്‌സറുകളുമെല്ലാം ഇതിലുണ്ടായിരുന്നു. ആദ്യ ഓവറില്‍ (26 റണ്‍സ്) ദുബെയ്ക്കു നന്നായി തല്ലുകിട്ടിയിട്ടും പാഠം പഠിക്കാതൊണ് 20ാം ഓവറില്‍ വീണ്ടും പന്ത് നല്‍കിയത്. 20 റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു.

ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനു പിറകിലായതോടെ ആരാധകരുടെ പ്രധാന ചോദ്യം ഞായറാഴ്ചത്തെ നിര്‍ണായക മല്‍സരത്തിനു മഴ ഭീണഷിയുണ്ടോയെന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം തീര്‍ച്ചയായും നടക്കുന്നതിനൊപ്പം ജയിക്കുകയും വേണം.
എന്നാല്‍ കളി നടന്നില്ലെങ്കിലും വിന്‍ഡീസിനു സെമി കളിക്കാം. അതേസമയം, കാലാവസ്ഥാ പ്രവചന പ്രകാരം ഞായറാഴ്ച കൊല്‍ക്കത്തയില്‍ വളരെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളിലൊന്നും ഇവിടെ മഴ പെയ്യാനുള്ള യാതൊരു സാധ്യതയുമില്ല. ഇതു ഇന്ത്യക്കു ആശ്വസിക്കാനും വക നല്‍കുന്നുണ്ട്.