ഗൗതം ഗംഭീറിനു കീഴില്‍ ആദ്യത്തെ ലോകകപ്പ് ദൗത്യത്തിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ഇന്ത്യ ഏറെ പ്രതീക്ഷകളോടെയാണ് കച്ചമുറുക്കുന്നത്. 2024ലെ കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഒരു ടി20 പരമ്പയില്‍ പോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യയുടെ പടയോട്ടം.
ഈ കുതിപ്പ് ഇനി ലോകകപ്പിലും തുടരാമെന്ന ശുഭപ്രതീക്ഷയിലാണ് സൂര്യകുമാര്‍ യാദവും സംഘവും. സമീപകാല റെക്കോര്‍ഡും നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവുമെല്ലാം പരിഗണിക്കുമ്പോള്‍ കിരീട ഫേവറിറ്റുകളിലും മുന്‍നിരയില്‍ ഇന്ത്യ തന്നെയാണ്.

മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയ, കരുത്തരായ സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാവും ലോകകപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയേക്കാവുന്ന ടീമുകള്‍. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഇവരെക്കാളെല്ലാം ഇന്ത്യ ഭയക്കേണ്ടത് ടീമിന്റെ കോച്ചായ ഗംഭീറിനെ തന്നെയാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
കൈവിടുന്ന പരീക്ഷണം
ഇന്ത്യയുടെ മുഖ്യ പരിശീകലനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ അപകടകാരിയാക്കി മാറ്റുന്ന ആദ്യത്തെ കാരണം ടീമില്‍ നടക്കാറുള്ള അമിത പരീക്ഷണങ്ങളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളെടുത്താല്‍ ഗംഭീറും ടീം മാനേജ്‌മെന്റും ഒരുപാട് പരീക്ഷണങ്ങള്‍ ടീമില്‍ നടത്തിയിട്ടുള്ളതായി കാണാന്‍ സാധിക്കും.
ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ കണ്ടെത്തുന്നതിനായിട്ടാണ് ടീമില്‍ അമിതമായുള്ള പരീക്ഷണങ്ങള്‍ ഇവര് നടത്തിക്കൊണ്ടിരുന്നത്. ഇതിനു ഏറ്റവും മികച്ച ഉദാഹരണമാണ് യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ. മൂന്നു ഫോര്‍മാറ്റുകളിവും അദ്ദേഹത്തെ ഗംഭീര്‍ പരീക്ഷിച്ചു കൊണ്ടേയിരിരുന്നു. മറ്റൊരു താരത്തിനും ലഭിക്കാത്ത തരത്തിലുള്ള പിന്തുണയും ഫാസ്റ്റ് ബൗളര്‍ക്കു ലഭിച്ചിട്ടുണ്ട്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് നിരന്തരം പരീക്ഷണങ്ങള്‍ക്കു ഇരയായ മറ്റൊരു താരം. മൂന്നു സെഞ്ച്വറിയടക്കം നേടി ഓപ്പണിങില്‍ കസറവെയാണ് യാതൊരു കാരണവുമില്ലാതെ അദ്ദേഹത്തെ മധ്യനിരയിലെ വ്യത്യസ്ത പൊസിഷനുകളില്‍ മാറി മാറി പരീക്ഷിച്ചത്. പക്ഷെ ഇതോടെ സഞ്ജുവിന്റെ ബാറ്റിങിലെ പഴയ താളവും നഷ്ടമായി.
നിലവില്‍ ഏറ്റവും മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ ടി20 ലോകകപ്പിലും ഗംഭീര്‍ തുടരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഇതു ചിലപ്പോള്‍ ടീമിന് ഗുണത്തേക്കാള്‍ ദോഷവും ചെയ്‌തേക്കുക.ും ചെയ്യും.
റോളുകളിലെ അവ്യക്തത
ഇന്ത്യന്‍ ടീമിലുള്ള നിലവിലെ താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ റോളുകളുടെ കാര്യത്തില്‍ വ്യക്തതയില്ല. ടീമില്‍ ഈ തരത്തിലൊരു അനിശ്ചിതത്വം സൃഷ്ടിച്ചതും ഗൗതം ഗംഭീറാണ്. ഓപ്പണര്‍മാരുടെയൊഴികെ ബാക്കിയെല്ലാവരുടെയും റോളുകള്‍ മാറിക്കൊണ്ടിരിക്കുമെന്നാണ് ഗംഭീര്‍ പറയുന്നത്.
അദ്ദേഹത്തിന്റെ ഈ രീതിയും ടി20 ലോകകപ്പില്‍ ടീമിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുകയും ചെയ്യും. ഇന്ത്യക്കു വേണ്ടി ഓരോ മല്‍സരത്തിലും വ്യത്യസ്ത തരത്തിലുള്ള ബാറ്റിങ് ഓര്‍ഡറും ലൈനപ്പുമെല്ലാമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ഈ തരത്തില്‍ റോളുകളെ കുറിച്ച് വ്യക്തതയില്ലാതെ വരുമ്പോള്‍ അതു താരങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അവരുടെ പ്രകടനത്തെ മോശമായി ബാധിച്ചേക്കുകയുമ ചെയ്യും. അതുകൊണ്ടു തന്നെ ലോകകപ്പില്‍ സ്വന്തം റോളിനെക്കുറിച്ച് താരങ്ങള്‍ക്ക് ഗംഭീര്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതായിരിക്കും നല്ലത്.

ബാറ്റര്‍മാരെ ആശ്രയിക്കല്‍
ഇന്ത്യന്‍ കോച്ചായി വന്നതിനു ശേഷം ബാറ്റര്‍മാരെ അമിതമായി ആശ്രയിക്കുന്ന തരത്തിലുള്ള രീതിയാണ് ഗൗതം ഗംഭീര്‍ പിന്തുടരുന്നതെന്ന കാണാം. ഈ കാരണത്താല്‍ തന്നെ ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്കും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായും വന്നിരിക്കുകയാണ്.
ബൗളര്‍മാരുടെ മിടുക്കിന് കോച്ച് വലിയ വില കല്‍പ്പിക്കുന്നില്ല. പകരം ബാറ്റര്‍മാര്‍ വിചാരിച്ചാലേ കളി ജയിക്കൂയെന്നതാണ് ഗംഭീറിന്റെ തിയറി. പക്ഷെ ഈ തരത്തില്‍ ബാറ്റിങിനെ മാത്രം ആശ്രയിച്ച് ടി20യില്‍ കളി ജയിക്കാനാവില്ല.
സമാപിച്ച എസ്എ20 (SA20) ലീഗുള്‍പ്പെടെ തെളിയിക്കുന്നത് ഇതാണ്. അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ബൗളിങില്‍ കൂടി ഗംഭീര്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചില്ലെങ്കില്‍ അതു വലിയ മല്‍സരങ്ങളില്‍ ടീമിനു ക്ഷീണമായേക്കും.