T20 WC 2026: ഓസീസ് വമ്പനൊരു സിഗ്നല്‍ തന്നു!! ഈ കപ്പ് തൂക്കും; വൈറലായി തെളിവ്
ഐസിസിയുടെ ഏതു ടൂര്‍ണമെന്റ് വ ന്നാലും ഏതു ടീമിന്റെയും ആദ്യത്തെ പേടിസ്വപ്‌നം തീര്‍ച്ചയായും ഓസ്‌ട്രേലിയ തന്നെയായിരിക്കും. കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസീസ് ടീം പുലര്‍ത്തുന്ന അവിശ്വസനീയ സ്ഥിരത തന്നെയാണിത്.
സെമി ഫൈനല്‍, ഫൈനല്‍ പോലെയുള്ള ഏറ്റവും നിര്‍ണായക മല്‍സരങ്ങളില്‍ ഭൂരിഭാഗം ടീമുകളും സമ്മര്‍ദ്ദിലേക്കു വീണ് കളി മറക്കുമ്പോള്‍ കംഗാരുപ്പട നേരെ തിരിച്ചാണ്. അവര്‍ ഈ തരത്തിലുള്ള വലിയ മല്‍സരങ്ങളിലായിരിക്കും ഏറ്റവും മികച്ച കളി പുറത്തെടുക്കുക.

ഇതു ഓസീസ് വാരിക്കൂട്ടിയ ഐസിസി ട്രോഫികള്‍ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ഈയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിലും കിരീട ഫേവറിറ്റുകളില്‍ ഓസ്‌ട്രേലിയ മുന്‍നിരയില്‍ തന്നെ കാണും. ഈ ലോകകിരീടം തങ്ങള്‍ തൂക്കുമെന്ന വലിയൊരു സിഗ്നലും അവര്‍ നല്‍കിയിട്ടുണ്ട്. അതു എന്താണെന്നു നോക്കാം.
പാകിസ്താനോടു നാണംകെട്ടു
ടി20 ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയ അവസാമായി കളിച്ചത് പാകിസ്താനുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ്. പക്ഷെ പാകിസ്താനില്‍ നടന്ന ഈ പരമ്പരയില്‍ മിച്ചെല്‍ മാര്‍ഷും സംഘവും ആഗ്രഹിച്ചത് പോലെയൊരു ഫലമല്ല ലഭിച്ചത്. ഓസ്‌ട്രേലിയയെ പാക് പട 3-0ന് തൂത്തുവാരുകയായിരുന്നു.
ലാഹോറിലെ ആദ്യ കളിയില്‍ ഓസീസിനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് സല്‍മാന്‍ അലി ആഗയുടെ പാക് ടീം തുടങ്ങിയത്. നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ഓസീസ് ശക്തമായി തിരിച്ചടിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 90 റണ്‍സിനാണ് അവരെ പാക് ടീം വാരിക്കളഞ്ഞത്.
ഇതോടെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ജയിച്ച് മാനംകാക്കാന്‍ കംഗാരുപ്പട ശ്രമിച്ചെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്. 111 റണ്‍സിനായിരുന്നു കളിയില്‍ ഓസീസിന്റെ മാനംപോയത്. ഇതോടെ പരമ്പര തൂത്തുവാരി വന്‍ ആത്മവിശ്വാസത്തോടെ പാകിസ്താന്‍ ലോകകപ്പിനായി വിമാനം കയറിയപ്പോള്‍ ഓസീസ് നിരാശയോടെയും മടങ്ങി.
ഈ കപ്പ് ഓസീസിന് തന്നെ?
പാകിസ്താനുമായുള്ള ടി20 പരമ്പരയില്‍ 0-3ന് നാണംകെട്ടെന്നു കരുതി ടി20 ലോകകപ്പില്‍ ഇനി ഓസ്‌ട്രേലിയയെ ഭയക്കേണ്ടതില്ലെന്നു കരുതാന്‍ വരട്ടെ. ഇനിയാണ് യഥാര്‍ഥത്തില്‍ അവരെ സൂക്ഷിക്കേണ്ടത്. ഐസിസി ടൂര്‍ണമെന്റുകള്‍ക്കു തൊട്ടുമുമ്പ് കംഗാരുപ്പട എപ്പോഴെല്ലാം രണ്ടടി പിന്നോട്ട് വച്ചിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ കിരീത്തില്‍ മാത്രമേ നിര്‍ത്തിയിട്ടുള്ളൂ.
ഇതിനു നിരവധി തെളിവുകളും നമുക്ക് മുന്നിലുണ്ട്. 200ലെ ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി കളിച്ച രണ്ട് ഏകദിന പരമ്പരകളിലും ഓസീസ് തൂത്തുവാരപ്പെട്ടിരുന്നു. ഇംഗ്ലണ്ടും (0-2) ന്യൂസിലാന്‍ഡുമാണ് (0-3) അവനെ നാണംകെടുത്തിയത്. എന്നാല്‍ പിന്നാലെ വന്ന ലോകകപ്പില്‍ ചാംപ്യന്‍മാരായാണ് ഓസീസ് ഇതിന്റെ ക്ഷീണം തീര്‍ത്തത്.
2021ലെ ടി20 ലോകകപ്പിനു മുമ്പ് സംഭവിച്ചതും ഇതാണ്. ടൂര്‍ണമെന്റിനു മുന്നോടിയായി കളിച്ച അഞ്ചു പരമ്പരകളിലും ഓസീസ് തോറ്റ് തൊപ്പിയിട്ടു. 19 മല്‍സരങ്ങളില്‍ ജയിക്കാനായത് വെറും അഞ്ചു കളികള്‍ മാത്രം. പക്ഷെ ലോകകപ്പില്‍ ഓസീസ് തനിനിറം പുറത്തെടുത്തു. ലോക ചാംപ്യന്മാരായാണ് അവര്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.

2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പും ഓസ്ട്രലിയക്കു സമാനമായ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ 1-2നാണ് അവര്‍ കീഴടങ്ങിയത്. പക്ഷെ ഡബ്യുടിസി ഫൈനലില്‍ വീണ്ടും ഇന്ത്യയെ കിട്ടിയപ്പോള്‍ തകര്‍പ്പന്‍ ജയവുമായി അവര്‍ ജേതാക്കളാവുകയും ചെയ്തു.
2023ലെ ഏകദിന ലോകകപ്പിനു മുമ്പും ഓസ്‌ട്രേലിയക്കു സമാനമായ തിരിച്ചടികള്‍ നേരിട്ടു. ലോകകപ്പിനു മുന്നോടിയായി കളിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യക്കു മുന്നില്‍ അവര്‍ 1-2ന് മുട്ടുമടക്കി. പക്ഷെ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ തന്നെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തകര്‍ത്ത് ഓസീസ് ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.
ഇപ്പോഴിതാ ടി20 ലോകകപ്പിനു മുമ്പ് പാകിസ്താനോടു അവര്‍ 0-3ന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയിരിക്കുന്നു. വീണ്ടുമൊരു ലോക കിരീടം നേടുമെന്ന ഓസീസിന്റെ മുന്നറിയിപ്പാണോ ഇതെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications