ചെന്നൈ: ടി20 ലോകകപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന്റെ ബൗളിങ് ആക്രമണത്തെ പഞ്ഞിക്കിട്ട് ചരിത്രം കുറിച്ചിക്കുകയാണ് കാനഡയുടെ ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ യുവരാജ് സംറ. ഈ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി തന്റെ പേരിലാക്കിയ അദ്ദേഹം ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിനും അവകാശിയായാണ് ക്രീസ് വിട്ടത്.
വെറും 65 ബോളില്‍ യുവരാജ് വാരിക്കൂട്ടിയത് 110 റണ്‍സാണ്. 11 ഫോറുകളും ആറു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെടും. 58 ബോളിലായിരുന്നു യുവരാജ് മൂന്നക്കം തികച്ചത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരനായും താരം മാറി. ആരാണ് കാനഡയുടെ പുതിയ ഹീറോയായി മാറിയ യുവരാജെന്ന് അറിയം.

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളുമായിരുന്ന യുവരാജ് സിങിനു ശേഷം ആദ്യമായാണ് മറ്റൊരു യുവരാജ് ലോക ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചത്. യുവരാജിനു ഈ പേര് വന്നതിനു പിന്നില്‍ യുവി തന്നെയാണ്.
യുവരാജ് സിങിന്റെ കടുത്ത ആരാധകന്‍ കൂടിയായിയിരുന്നു യുവകാജ് സംറയുടെ അച്ഛന്‍ ബല്‍ജിത് സംറ. മകന് ഈ പേര് തന്നെ നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്. മകനും യുവരാജിനെ പോലെ ക്രിക്കറ്റില്‍ ഹീറോയായി മാറുമെന്നും ബല്‍ജിത് സ്വപ്‌നം കണ്ടു. ഇതിന്റെ തുടക്കം കൂടിയാണ് ഈ ലോകകപ്പിലെ സെഞ്ച്വറി നേട്ടത്തിലൂടെ 19 കാരന്‍ കുറിച്ചിരിക്കുന്നത്.
അച്ഛന്റെ ആരാധനാപാത്രം കൂടിയായ യുവരാജിനെ സംറ രണ്ടു തവണ നേരില്‍ കാണുകയും സംസാരിച്ചിട്ടുമുണ്ട്. 2019ല്‍ ടൊറന്റോ നാഷനല്‍സിനായി യുവി കളിച്ചിരുന്ന സമയത്തായിരുന്നുആദ്യത്തെ കൂടിക്കാഴ്ച.
പിന്നീട് കഴിഞ്ഞ വര്‍ഷം സൂപ്പര്‍ 60 ടൂര്‍ണമെന്റിനിടെ യുവരാജും സംറയും വീണ്ടും നേരില്‍ കണ്ടിരുന്നു. യുവിയുടെ ബാറ്റിങ് ശൈലി ഇഷ്ടമാണെങ്കിലും ഇതു കോപ്പിയടിക്കാതെ തന്റേതായ ശൈലിയില്‍ കളിക്കാനാണ് സംറ ശ്രമിച്ചിട്ടുള്ളത്.
2023ല്‍ കാനഡയില്‍ ജൂനിയര്‍ ടീമുകളില്‍ കളിച്ചുകൊണ്ടിരുന്ന സംറ 2024 ഫെബ്രുവരിയിലാണ് ആദ്യമായി കാനഡയുടെ സീനിയര്‍ ടീമിലെത്തിയത്. കരിയറിലെ രണ്ടാമത്തെ ഏകദിന മല്‍സരത്തില്‍ തന്നെ കന്നി സെഞ്ച്വറി കുറിക്കാനും അദ്ദേഹത്തിനായിരുന്നു.
കാനഡയ്ക്കായി എട്ട് ഏകദിനങ്ങളില്‍ നിന്നും 172 റണ്‍സാണ് സംറയുടെ സമ്പാദ്യം. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടും. ടി20യില്‍ 18 മല്‍സരങ്ങളില്‍ ഇടംകൈയന്‍ ബാറ്റര്‍ കളിച്ചു കഴിഞ്ഞു. 159.37 സ്‌ട്രൈക്ക് റേറ്റില്‍ 459 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളമടക്കമാണിത്.

ന്യൂസിലാന്‍ഡിനെതിരേ കുറിച്ച തകര്‍പ്പന്‍ സെഞ്ച്വറിയോടെ ടി20 ലോകകപ്പിലെ എലൈറ്റ് ക്ലബ്ബില്‍ തന്റെ പേരും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് യുവരാജ് സംറ. ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് അദ്ദേഹം മാറിയിരിക്കുന്നത്.
2014ലെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേ പാകിസ്താന്റെ മുന്‍ താരം അഹമ്മദ് ഷഹ്‌സാദ് സ്ഥാപിച്ച റെക്കോര്‍ഡാണ് യുവരാജ് തിരുത്തിയത്. 22 വയസും 127 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അന്ന് ഷഹ്‌സാദിന്റെ സെഞ്ച്വറി. ഇതാണ് വെറും 19 വയസും 141 ദിവസവും പ്രായമുള്ള കനേഡിയന്‍ താരം പഴങ്കഥയാക്കിയത്.
അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തം താരം കൂടിയാണ് യുവരാജ്. ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണ്‍ (18 വയസ്സ്, 280 ദിവസം), നൈജീരിയയുടെ സെലിം സലാവു (19 വയസ്, 30 ദിവസം) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.