ഇത്തവണത്തെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ അപരാജിതരായിരുന്നു ഇന്ത്യ. എന്നാൽ ഒറ്റ മത്സരം കൊണ്ട് എല്ലാം മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. തോൽവിയറിയാതെ മുന്നേറിയ അവർക്ക്, കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ തോൽവി നേരിടേണ്ടി വന്നതോടെ, ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയച്ചേ മതിയാകൂ എന്ന സമ്മർദ്ദഘട്ടത്തിൽ എത്തി നിൽക്കേണ്ടി വന്നിരിക്കുകയാണ്.
ഈ തോൽവിക്ക് പിന്നിലെ പലവിധ വിമർശനങ്ങൾ ടീം മാനേജ്‌മെന്റും പരിശീലകരും താരങ്ങളും നേരിടുന്നുണ്ട് . ഇതിന് പിന്നാലെ ഇപ്പോഴിതാ ടീമിന് സംഭവിച്ച തന്ത്രപരമായ പിഴവുകൾ മുൻ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ചൂണ്ടിക്കാട്ടി. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ഒഴിവാക്കി വാഷിംഗ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു ഒരു പ്രധാന വിമർശനം.

'നമ്മൾ തന്ത്രപരമായ പിഴവുകൾ വരുത്തിയാണ് തോറ്റത്. സുന്ദറിനെ കളിപ്പിക്കുമ്പോൾ, ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ അവനെ ഉപയോഗിക്കണമായിരുന്നു. ക്വിന്റൺ ഡി കോക്കും റയാൻ റിക്കൽട്ടണും നേരത്തെ പുറത്തായി. മില്ലർക്കെതിരെ അവൻ ഒരു ഓവറിൽ 11 റൺസ് വഴങ്ങി. ഇത് സംഭവിക്കാം; അവൻ സ്ഥിരമായി കളിക്കുന്നില്ല. എന്നിട്ടും അവനെ ബൗളിങ്ങിൽ നിന്ന് മാറ്റുകയും, ഒരു സ്‌പിന്നറെയും പൂർണമായി ഉപയോഗിക്കാനാവാതെ വരികയും ചെയ്‌തു' വാഷിംഗ്‌ടൺ സുന്ദറിനെ ഉപയോഗിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടി അശ്വിൻ പറഞ്ഞു.
അതേസമയം, ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ജസ്പ്രീത് ബുമ്രയെ അശ്വിൻ പ്രശംസിച്ചു. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റാണ് താരം നേടിയത്.താരം മാത്രമാണ് ബൗളിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ശേഷിക്കുന്നവരിൽ ഭൂരിഭാഗം പേരും മില്ലറുടെയും ജാൻസന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു.
'നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടുന്ന ഒരു ബൗളർ ഉള്ളപ്പോൾ, ഇതിനപ്പുറം ഒരു 'ചീറ്റ് കോഡ്' എന്താണ് ആവശ്യം? മഹത്തായ പ്രകടനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ നമ്മൾ ഭാഗ്യം ചെയ്‌തവരാണ്. പലപ്പോഴും മഹത്വത്തെ വിസ്‌മരിക്കുകയും വിരമിച്ച ശേഷമാണ് അതിനെ തിരിച്ചറിയുകയും ചെയ്യുക' ബുമ്രയെ പുകഴ്ത്തികൊണ്ട് അശ്വിൻ പറഞ്ഞു.
ഇന്ത്യയുടെ നിലവിലെ നെറ്റ് റൺ റേറ്റ് കുറവാണെങ്കിലും, അതിനെക്കുറിച്ച് താൻ അത്രയധികം ആശങ്കപ്പെടുന്നില്ലെന്ന് അശ്വിൻ വ്യക്തമാക്കി. നെറ്റ് റൺ റേറ്റിനെക്കുറിച്ച് വ്യാകുലപ്പെടുന്നതിനേക്കാൾ പ്രധാനം ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം നേടുകയാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. സിംബാബ്‌വെയും വെസ്‌റ്റ് ഇൻഡീസുമാണ് എതിരാളികൾ.
'നെറ്റ് റൺ റേറ്റിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കയില്ല. ശേഷിക്കുന്ന രണ്ട് കളികളിലും നമ്മൾ വിജയിക്കണം. സാഹചര്യങ്ങളെ അല്പം ബഹുമാനിക്കുക. കുറച്ചുകൂടി സമയമെടുത്ത് ബാറ്റ് ചെയ്യുക. ഇത് യുവ ടീമാണ്; സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാൻ അവർ പഠിക്കണം. നമുക്ക് ഹാർദിക്കും റിങ്കുവും ഉണ്ട്. മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി അവർക്കൊരു അടിത്തറ നൽകണം. തിടുക്കം കാണിക്കേണ്ട ആവശ്യമില്ല' അശ്വിൻ ഓർമ്മപ്പെടുത്തി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അശ്വിൻ അവസാനമായി നൽകിയ ഉപദേശം, കളിക്കുന്ന സാഹചര്യങ്ങളെ ബഹുമാനിക്കുക എന്നതായിരുന്നു. 'സിംബാബ്‌വെയ്‌ക്കെതിരെ നമുക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിയുമെന്ന് ഉറപ്പാണ്. നമ്മൾ നന്നായി തയ്യാറെടുക്കുമെന്നും ഉറപ്പാണ്. എന്നാൽ, രണ്ട് കാര്യങ്ങൾ ഓർക്കുക. ഐസിസി ഒരുക്കുന്ന ഈ പിച്ചുകൾ ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്നതാണ്' എന്നായിരുന്നു അശ്വിന്റെ വാക്കുകൾ.