മുംബൈ: ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ തങ്ങള്‍ ഒരുങ്ങിത്തന്നെയാണ് വന്നിട്ടുള്ളതെന്നു എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുത്ത ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് കരീബിയന്‍ പട.
ഗ്രൂപ്പ് സിയിലെ മൂന്നാംറൗണ്ട് മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നേപ്പാളിനെ ഒമ്പതു വിക്കറ്റിനു മുക്കിയതോടെയാണ് ഒരു കളി ബാക്കിനില്‍ക്കവെ വിന്‍ഡീസ് അടുത്ത റൗണ്ടിലേക്കു കുതിച്ചത്. ഹാട്രിക് തോല്‍വികളേറ്റു വാങ്ങിയ നേപ്പാള്‍ പുറത്താവുകയും ചെയ്തു.

ടി20 ലോകകപ്പില്‍ ഇത്തവണ ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ കിരീട ഫേവറിറ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ഉള്‍പ്പടുത്തേണ്ടി വരും. കാരണം ബാറ്റിങിലു ബൗളിങിലും ഒരുപോലെ സന്തുലിതമാണ് ഷെയ് ഹോപ്പ് നയിക്കുന്ന വിന്‍ഡീസ്. ടി20 സ്‌പെഷ്യലിസ്റ്റുകളായ വെടിക്കെട്ട് ബാറ്റര്‍മാരുടെ മികച്ച നിര അവര്‍ക്കുണ്ട്.
ബൗളിങിലേക്കു വന്നാല്‍ ജേസണ്‍ ഹോള്‍ഡറെ പോലെ പരിചയ സമ്പന്നരായ പേസര്‍മാരും ഗുഡകോഷ് മോട്ടി, റോസ്റ്റണ്‍ ചേസ്, അക്കീല്‍ ഹുസൈന്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാരും വിന്‍ഡീസിനുണ്ടെന്നു കാണാം.
സൂപ്പര്‍ എട്ടിലേക്കു വന്നാല്‍ ഇന്ത്യക്കൊപ്പം തന്നെയാണ് വിന്‍ഡീസുമുണ്ടാവുകയെന്നത് തീര്‍ച്ചയായും ഭയപ്പെടുത്തുന്ന കാര്യമാണ്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും വിന്‍ഡീസും പോരടിക്കുക. ടൂര്‍ണമെന്റിനു മുമ്പ് തന്നെ ഓരോ ഗ്രൂപ്പിലെയും മുന്‍നിര ടീമുകള്‍ക്കു സീഡിങ് നല്‍കിയിരുന്നു. അതു പ്രകാരം ഗ്രൂപ്പ് എയിലുള്ള ഇന്ത്യ എക്‌സ് വണ്ണാണ് (X 1).
ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ (X 2), സിയില്‍ വെസ്റ്റ് ഇന്‍ഡീസ് (X 3), ഡിയില്‍ സൗത്താഫ്രിക്ക (X 4) എന്നിവരുമാണ് ടോപ് സീഡുകള്‍. തങ്ങളുടെ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എവിടെ ഫിനിഷ് ചെയ്താലും ഇവരെല്ലാം സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് വണ്ണിലായിരിക്കും. ഇനി ഈ ടീമുകള്‍ അവരുടെ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ എട്ടിലെത്തിയില്ലെങ്കിലും പകരം സൂപ്പര്‍ എട്ടിലെത്തുന്നവാണ് സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് വണ്ണില്‍ കളിക്കുക.
ഉദാഹരണമെടുത്താല്‍ ഗ്രൂപ്പ് ബിയിലെ ടോപ് സീഡുകളായ ഓസീസിന്റെ സൂപ്പര്‍ യോഗ്യത തുലാസിലാണ്. കഴിഞ്ഞ മല്‍സരത്തില്‍ സിംബാബ്‌വെയോടു അട്ടിമറി തോല്‍വിയേറ്റു വാങ്ങിയ ഓസീസ് പരുങ്ങുകയാണ്. നിര്‍ണായകമായ അടുത്ത മല്‍സരത്തില്‍ ശ്രീലങ്കയോടു തോറ്റാല്‍ ഓസീസ് പുറത്തവും. അങ്ങനെ വന്നാല്‍ സിംബാബ്‌വെയാവും സൂപ്പര്‍ എട്ടില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് വണ്ണിലെത്തുക..
വിന്‍ഡീസ് ആദ്യമേ തന്നെ സൂപ്പര്‍ എട്ടില്‍ ടിക്കറ്റ് ഭദ്രമാക്കിയപ്പോള്‍ ഇന്ത്യ,യും സൗത്താഫ്രിക്കയും യോഗ്യതയ്ക്കു തൊട്ടരികെയാണ്. യുഎഇ അടുത്ത മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു തോറ്റാല്‍സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിലേക്കു കുതിക്കും.

അതേസമയം, സൂപ്പര്‍ എട്ടിന്റെ രണ്ടാമത്തെ ഗ്രൂപ്പില്‍ നേരത്തേയുള്ള സീഡിങ് പ്രകാരം കളിക്കുക ഇംഗ്ലണ്ട് (Y 1), ന്യൂസിലാന്‍ഡ് (Y 2), പാകിസ്താന്‍ ( Y 3), ശ്രീലങ്ക (Y 4) എന്നിവരാവും. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എവിടെ ഫിനിഷ് ചെയ്താലും സൂപ്പര്‍ എട്ടില്‍ അവരുടെ ഗ്രൂപ്പ് ഇതു തന്നെയാവും.
മുംബൈയിലെ വാംഖഡെയില്‍ നടന്ന ഗ്രൂപ്പ് സി മല്‍സരത്തില്‍ നേപ്പാളിനെതരേ വളരെ അനായാസമാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട നേപ്പാളിന് എട്ടു വക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ ആയുള്ളൂ. ദീപേന്ദ്ര സിങ് എയ്‌റിയുടെ (58) ഇന്നിങ്‌സാണ് അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റുകള്‍ പിഴുതു.
മറുപടിയില്‍ ക്യാപ്റ്റന്‍ ഷെയ് ഹോപ്പിന്റെയും (61*) ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (46*) ഇന്നിങ്‌സുകള്‍ വിന്‍ഡീസിനെ വെറും 15.2 ഓവറില്‍ ഒരു വിക്കറ്റിനു വിജയത്തിലെത്തിക്കുകയായിരുന്നു.