നവി മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മലയാളി താരം സഞ്ജു സാംസിനു കാണിച്ചു കൊടുത്തിരിക്കുകയാണ് ഇഷാന്‍ കിഷന്‍. സൗത്താഫ്രിക്കയുമായുള്ള സന്നാഹ മല്‍സരത്തില്‍ (T20 WC 2026 Warmup) ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ ആഘോഷിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പണിങ് പങ്കാളിയും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ നിഷ്പ്രഭകനാക്കിയാണ് ഇഷാന്‍ കത്തിക്കയറിയത്. വെറും 20 ബോളില്‍ താരം വാരിക്കൂട്ടിയത് 53 റണ്‍സാണ്. ഏഴു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുകളുമടക്കമാണിത്.

265 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെയാണ് ഇഷാന്‍ റണ്‍സ് വാരിക്കൂട്ടിയത്. ഫിഫ്റ്റിക്കു പിന്നാലെ ടീമിലെ മറ്റുള്ളവര്‍ക്കും ബാറ്റിങില്‍ അവസരം നല്‍കാന്‍ അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടാവുകയും ചെയ്തു.
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര അവസാനിച്ചപ്പോള്‍ തന്നെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണിന്റെ റോള്‍ എന്തായിരിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞിരുന്നു. കാരണം പരമ്പരയിലുടനീളം തപ്പിത്തടഞ്ഞ അദ്ദേഹം 10ല്‍ താഴെ ശരാശരിയില്‍ നേടിയത് വെറും 46 റണ്‍സാണ്.
10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഹോംഗ്രൗണ്ടായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ അഞ്ചാമത്തെയും അവസാനത്തെയും കളിയിലെങ്കിലും സഞ്ജു ഫോം വീണ്ടെടുക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ലോകകപ്പില്‍ അദ്ദേഹത്തെ കളിക്കില്ലെന്നുറപ്പായത്.
ഇതു ശരിവച്ചാണ് സൗത്താഫ്രിക്കയുമായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പുതിയ ഓപ്പണിങ് ജോടികളെ പ്രഖ്യാപിച്ചത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യുമെന്ന് ടോസിനു പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ പരമ്പരയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് സന്നാഹ മല്‍സരത്തില്‍ ഓപ്പണിങ് റോളില്‍ ഇഷാന്‍ കിഷന്‍ തുടങ്ങിയത്. ന്യൂസിലാന്‍ഡിനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങി നാലിന്നങ്‌സുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 200ന് മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

സന്നാഹത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും അവിശ്വസനീയ ഫോമിലാണ് ഇഷാന്‍ കാണപ്പെട്ടത്. ലുംഗി എന്‍ഗിഡിയെറിഞ്ഞ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് അദ്ദേഹമായിരുന്നു. രണ്ടാമത്തെ ബോളില്‍ തന്നെ മിഡ് ഓണിനു മുകളിലൂടെ കിടിലനൊരു സിക്‌സറുമായി ഇഷാന്‍ നയം വ്യക്തമാക്കി.
അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സ്. ഇത്തവണ ഫൈന്‍ ലെഗിനു മുകളിലൂടെയായിരുന്നു ഷോട്ട്. കാഗിസോ റബാഡയെറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഇഷാന്‍ തന്റെ മൂന്നാമത്തെ സിക്‌സറും കണ്ടെത്തി.
എന്നാല്‍ ആന്‍ട്രിച്ച് നോര്‍ക്കിയയുടെ അഞ്ചാം ഓവറിലായിരുന്നു ഇഷാന്റെ ശരിക്കുള്ള അഴിഞ്ഞാട്ടം. നാലു ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറും അദ്ദേഹം വാരിക്കൂട്ടി. അഭിഷേക് ഒരു സിക്‌സറും ആദ്യ ബോള്‍ നേടിയതോടെ ഓവറില്‍ ഇന്ത്യക്കു ലഭിച്ചത് 29 റണ്‍സാണ്.
ക്വെന മഫാക്കയെറിഞ്ഞ അടുത്ത ഓവറിലെ നാലാമത്തെ ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്ക് പായിച്ച് ഇഷാന്‍ ഫിഫ്റ്റിയും തികച്ചു. തൊട്ടു പിറകെ അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടായി ഡഗൗട്ടിലേക്കും മടങ്ങി.