നാവി മുംബൈ: ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സത്തില്‍ അമേരിക്കയെ വീഴ്ത്തി ഇന്ത്യന്‍ എ ടീം. റണ്‍മഴ കണ്ട ത്രില്ലറില്‍ ആയുഷ് ബദോനി നയിച്ച എ ടീം 38 റണ്‍സിനാണ് അമേരിക്കയെ വീഴ്ത്തിയത്.
239 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് അമേരിക്കന്‍ ടീമിനു ഇന്ത്യ നല്‍കിയത്. അമേരിക്ക വീറോടെ തന്നെ പൊരുതി നോക്കിയെങ്കിലും രണ്ടു ബോള്‍ ശേഷിക്കെ 200 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. അമേരിക്കന്‍ നിരയില്‍ ആരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

44 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രിസ് ഗൗസാണ് അവരുടെ ടോപ്‌സ്‌കോറര്‍. 31 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. സഞ്ജയ് കൃഷ്ണമൂര്‍ത്തി 41 റണ്‍സും നേടി. വാലറ്റത്ത് ശുഭം രഞ്ജനെ (28), ഹര്‍മീത് സിങ് (25), മുഹമ്മദ് മൊഹ്‌സിന്‍ (21) എന്നിവരുടെ പ്രകടനവും അമേരിക്കയെ 200 കടക്കാന്‍ സഹായിച്ചു.
ഇന്ത്യക്കു വേണ്ടി ഈ മല്‍സരത്തില്‍ ഒമ്പതു പേരാണ് ബൗള്‍ ചെയ്തത്. ഇവരില്‍ രവി ബിഷ്‌നോയ് മൂന്നു വിക്കറ്റുകളോടെ മിന്നിച്ചു. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. .
ജഗദീശന്‍ ഷോ
പരിക്കു ഭേദമായി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ഇന്ത്യയുടെ ടി20 ലോകകപ്പിലെ അംഗമായ തിലക് വര്‍മയായിരുന്നു ഈ മല്‍സരത്തിലെ ശ്രദ്ധാകേന്ദ്രം. ലോകകപ്പിനു താന്‍ പൂര്‍ണമായി തയ്യാറാണെന്നു തെളിയിക്കുന്ന പ്രകടനമാണ് ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം അദ്ദേഹം കാഴ്ചവച്ചത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ തിലക് 24 ബോളില്‍ 38 റണ്‍സടിച്ചാണ് ക്രീസ് വിട്ടത്. മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. ആദ്യ ബോള്‍ മുതല്‍ മികച്ച താളത്തിലാണ് താരം കാണപ്പെട്ടത്. പക്ഷെ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ തിലകിനായില്ല. ബാറ്റിങിനു ശേഷം ഒരോവര്‍ പന്തുമെറിഞ്ഞ അദ്ദേഹം 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
ഇന്ത്യന്‍ ബാറ്റിങിലെ സര്‍പ്രൈസ് ഹീറോയായത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ എന്‍ ജഗദീശനാണ്. കിടിലന്‍ സെഞ്ച്വറിയോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി. 55 ബോളില്‍ 11 ഫോറും നാലു സിക്‌സറുമടക്കം 104 റണ്‍സെടുത്താണ് ജഗദീശന്‍ മടങ്ങിയത്.
ക്യാപ്റ്റന്‍ ആയുഷ് ബദോനിയുടെ (26 ബോളില്‍ 60*) അഗ്രസീവ് ഫിഫ്റ്റിയാണ് ഇന്ത്യയെ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 239 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. ആറു ഫോറും നാലു സിക്‌സറും ബദോനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ് (13 ബോൡ 28) ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.
ഇന്ത്യന്‍ എ സ്‌ക്വാഡ്
നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമാന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റ്ന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്നോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രാജ് നിഗം, ഗുര്‍ജപ്നീത് സിംഗ്, മാനവ് സുതാര്‍.